മുപ്പത്തിയേഴ് വയസ്സുകാരായ മൂന്ന് മലയാളികൾ വെള്ളിയാഴ്ച മരണപ്പെട്ടു; മൂവ്വരും മരിച്ചത് ഹൃദയാഘാതം മൂലം; പശ്ചിമ - ദക്ഷിണ സൗദിയിലെ മലയാളി സമൂഹം കനത്ത മാനസികാഘാതത്തിൽ

New Update

ജിദ്ദ: വെള്ളിയാഴ്ച ജിദ്ദയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മലപ്പുറം വാണിയമ്പലം താഴെ കുറ്റിയില്‍ താമസിക്കുന്ന മഠത്തില്‍ ബാപ്പുട്ടി യുടെ മകന്‍ മഠത്തില്‍ റിയാസ് (37) ആണ് ജിദ്ദയിലെ അൾസലാമ ഏരിയയിലെ താമസ സ്ഥലത്ത് വെച്ച് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ ഹൃദയാഘാതത്തെ സംഭവിക്കുകയും അധികം താമസിയാതെ മരണപ്പെടുകയുമായിരുന്നു. ഒരു പൂക്കടയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: തസ്‌നി. രണ്ട് പെണ്‍കുട്ടികളുമുണ്ട്. അനന്തര നടപടികള്‍ക്ക് ജിദ്ദ കെ എം സി സി വെല്‍ഫെയര്‍ വിംഗ് നേതൃത്വം നല്‍കുന്നു.

Advertisment

publive-image

വെള്ളിയാഴ്ച തന്നെ ജിദ്ദയിൽ ഉണ്ടായ ഒരു മരണത്തിന്റെ ദുഃഖാന്തരീക്ഷം നിലനിൽക്കവേ മറ്റൊരു അപ്രതീക്ഷിത മരണം കൂടി സംഭവിച്ചതോടെ കനത്ത ആഘാതത്തിലാണ് ജിദ്ദയിലെ മലയാളി സമൂഹ മനസ്സ്. നേരത്തെ, മലയാളികളുടെ ജിദ്ദ നാഷണല്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് കണ്ണൂർ സ്വദേശിനി മഞ്ജു വര്‍ഗീസ് (37) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ജോലി ചെയ്തു വന്ന അതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മഞ്ജുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഇവരുടെ ഭർത്താവും മൂന്ന് മക്കളും നാട്ടിലാണ്.

വെള്ളിയാഴ്ച മരണപ്പെട്ട രണ്ടു പേരും മുപ്പത്തി ഏഴു വയസ്സ് പ്രായമുള്ളവരാണ്. ഇരുവരും മരണപ്പെട്ടത് ഹൃദയാഘാതം മൂലവും. അതേസമയം, ദക്ഷിണ സൗദിയിലെ അല്‍ബാഹ ചെറു നഗരത്തിൽ മലയാളിയായ മറ്റൊരു ആരോഗ്യ പ്രവർത്തക കൂടി മരണപ്പെട്ടു. കോട്ടയം സ്വദേശിനി ബെസ്സി മോള്‍ മാത്യു (37) സൗദി അറേബ്യയിലെ അല്‍ബാഹയില്‍ കുഴഞ്ഞുവീണ് മരിച്ചു. അല്‍ബാഹ ബല്‍ജുര്‍ഷിയിലെ മൈടെക് ഡെന്റല്‍ ഹോസ്പിറ്റലില്‍ രണ്ടു വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു.

ഭര്‍ത്താവ് ജോസഫ് വര്‍ഗീസ്. മകന്‍. ജൂബിലി ജോസഫ്. ബാല്‍ജുര്‍ഷി ജനറല്‍ ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ജിദ്ദ നവോദയ പ്രവര്‍ത്തകരായ മെഹബൂബ് മമ്പുറം, ബബീഷ് ഫ്രാന്‍സിസ്, ജെയിംസ് ആലപ്പുഴ, ഷമീര്‍ തിരൂര്‍ എന്നിവര്‍ തുടര്‍നടപടികളുമായി രംഗത്തുണ്ട്.

Advertisment