മഹാമാരിയിലും മലയാളികൾക്കിടയിൽ ആശങ്ക ഉയർത്തി ഹൃദ്രോഗ മരണങ്ങൾ പെരുകുന്നു

New Update

ജിദ്ദ: പ്രവാസ ദേശങ്ങളിൽ വെച്ചുള്ള മലയാളികളുടെ മരണങ്ങളിൽ ഏറ്റവുമധികം ഹൃദയ സ്തംഭനം മൂലമുള്ളവയാണ്. ഏറെ ജീവനെടുത്തു കൊണ്ടിരിക്കുന്ന കൊറോണാ മഹാമാരി കാലത്തും ഹൃദ്രോഗം മൂലമുള്ള മരണങ്ങൾ തന്നെയാണ് മുൻപന്തിയിൽ. എന്നല്ല, കൊറോണാ ഭീതി ഹൃദ്രോഗ മരണങ്ങൾക്ക് പശ്ചാത്തലം കൂടുതൽ ഉണ്ടാകുന്നതായും നിരീക്ഷണമുണ്ട്.

Advertisment

publive-image

ജീവിത ശീലം, സ്വദേശത്തും വിദേശ നാട്ടിലുമായി പ്രവാസി നേരിടുന്ന തൊഴിൽ - സാമ്പത്തിക - കുടുംബ - മാനസിക പ്രയാസങ്ങളുടെ പ്രത്യാഘാതങ്ങൾ, അനാരോഗ്യപരമായ ജീവിത ശീലം, കുടുംബവുമായി അകന്നു നിൽക്കുന്ന അവസ്ഥ തുടങ്ങിയവയെല്ലാം പലർക്കും പലതോതിലുള്ള മാനസിക ആഘാതങ്ങൾക്കും അത് ഒരുവേള മരണത്തിനും വഴിവെക്കാറുണ്ട്.

ഇക്കഴിഞ്ഞ ദിവസം സൗദിയുടെ പശ്ചിമ പ്രവിശ്യയിൽ മാത്രം മൂന്ന് മലയാളികൾ മരണപ്പെട്ടു. മൂന്നും ഹൃദയാഘാതം മൂലമുള്ള മരണങ്ങളാണ്. മറ്റൊന്ന് കിഴക്കൻ പ്രവിശ്യയിലും. എല്ലാം ചെറു പ്രായക്കാർ.

മക്കയിൽ ഒരു മലയാളി ഡോക്ടർ മരണപ്പെട്ടത് ഹൃദ്രോഗം മൂലമായിരുന്നു. മക്കയിലെ പ്രശസ്തമായ മലയാളികളുടെ ആശുപത്രിയായ ഏഷ്യൻ പോളിക്ലിനിക്കിലെ ഡോക്ടർ ഖാദർ ഖാസിം (എ കെ ഖാസിം) വെള്ളിയാഴ്ച താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടു. നിരവധി തവണ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി കാണാതായതോടെ താമസ സ്ഥലത്ത് എത്തി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാല്പത്തി ഒമ്പത്കാരനായ ഡോക്ടർ കാസർഗോഡ് പൈവളിക സ്വദേശിയാണ്. മക്ക ഏഷ്യന്‍ പോളിക്ലിനിക്ക് മാനേജറായും അവിടുത്തെ പ്രധാന ഡോക്ടറായും ആറ് വര്‍ഷത്തോളമായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു. സാമൂഹ്യ രംഗത്തും ഇദ്ദേഹം സജീവമായിരുന്നു. ദീർഘകാലം ഉപ്പള കൈകമ്പയിൽ ഡോക്ടറായി സേവനം ചെയ്തിരുന്നു. മംഗലുരു ഒമേഗ ആസ്പത്രിയിലും സേവനം അനുഷ്ടിച്ചിരുന്നു. മംഗലുരു യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു.

ഹമീദലി കമ്പാറിന്റെയും (മുഗുളി ഹമീദ്) സുലൈഖയുടേയും മകനാണ്. ഭാര്യ: ജസീല. മക്കള്‍: കാമില്‍ ഖാസിം (എം ബി ബി എസ് അവസാന വർഷ വിദ്യാര്‍ത്ഥി, എ ജെ മെഡിക്കല്‍ കോളേജ്), ഷാമില്‍ ഖാസിം (എം ബി ബി എസ് ഒന്നാംവാര്‍ഷ വിദ്യാര്‍ത്ഥി, ബംഗലുരു ഗവ. മെഡിക്കല്‍ കോളേജ്). സഹോദരങ്ങള്‍: റസിയ ഹനീഫ ഉപ്പള, ഷമീമ അബ്ദുല്ല കയ്യാര്‍.

മക്കയിൽ നിന്ന് നൂറു കിലോമീറ്റർ അകലെ ത്വായിഫിലും വെള്ളിയാഴ്ച ഒരു മലയാളി ഹൃദയാഘാതം മൂലം മരണപ്പെടുകയുണ്ടായി. എറണാകുളം, നോർത്ത് പറവൂർ, എഴിക്കര സ്വദേശി ഹക്കീം പതിയാഴത്ത് (49) ആണ് മരണപ്പെട്ടത്.

ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ഹക്കീമിനെ ത്വായിഫിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രാത്രി 12 മണിയോടെ മരണപ്പെടുകയായിരുന്നു. 15 വർഷമായി ത്വായിഫിലെ ഹവിയ്യഃയിൽ ഓട്ടോമൊബൈൽസ് സ്പെയർ പാർട്സ് ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ത്വായിഫിൽ തന്നെ സംസ്കരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

ഭാര്യ: നൈസാ. മക്കൾ: ഹന ഫാത്തിമ, മുഹമ്മദ് ഹാതിം. നവോദയ ത്വായിഫ് ഏരിയ ആക്ടിംഗ് സെക്രട്ടറിയായിരുന്നു.

ജിദ്ദയിൽ മറ്റൊരു മലയാളി താമസ സ്ഥലത്ത് കുഴഞ് വീണ് മരണപ്പെട്ടതും വെള്ളിയാഴ്ചയായിരുന്നു. മലപ്പുറം, പാണ്ടിക്കാട്, ചെമ്പ്രശ്ശേരി, താലപ്പൊലിപ്പറമ്പ് സ്വദേശി കൊറ്റങ്ങോടൻ മുഹമ്മദ്‌ നവാഫ് (23) ആണ് ഹൃദയാഘാതം മൂലം കുഴഞ് വീണത്. വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്തു കുഴഞ്ഞു വീണ മുഹമ്മദ് നവാഫിനെ സുഹൃത്തുക്കൾ ഉടൻ സുഹൃത്തുക്കൾ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

രണ്ട് വർഷം മുമ്പാണ് നവാഫ് ജിദ്ദയിലെത്തിയത്. ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് റോഡിലുള്ള ഒരു കമ്പ്യൂട്ടർ ഷോപ്പിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതനായ ഇദ്ദേഹം നാട്ടിൽ പോയിട്ടില്ല.

പിതാവ്: ബഷീർ. മാതാവ്: സുനീറ. സഹോദരങ്ങൾ: അദ്‌നാൻ, ബസ്സാം, മർവാൻ ഫാത്തിമ ഹനാൻ. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കും. ഇതിനുള്ള ശ്രമത്തിലാണ് ഇവിടെയുള്ള ബന്ധുക്കളും സുഹൃത്തുക്കളും.

സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ പെടുന്ന അൽഹസ നഗരത്തിലും വെള്ളിയാഴ്ച ഒരു മലയാളിയുടെ മരണം ഉണ്ടായി. കൊല്ലം, പള്ളിമുക്ക്, വടക്കേവിള കയ്യാലക്കൽ തോപ്പുവയൽ വീട്ടിൽ നവാസ് ബഷീർ (48) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. രക്തസമ്മർദം മൂർഛിച്ചതിനെത്തുടർന്നു മരണം. നവാസിനെ നാലു ദിവസം മുമ്പാണ് രക്തസമ്മർദം ശക്തമായതിനെ തുടർന്നാണ് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചത്.

പരേതരായ ബഷീർ - നസീമ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ ഷാഹിന. സെയ്താലി, സൽമാൻ എന്നീ രണ്ടു മക്കളുണ്ട്.

നവയുഗം സാംസ്‌കാരിക വേദി അൽഹസ മേഖല കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് സിയാദിന്റെ സഹോദരി പുത്രനാണ് നവാസ്. നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്കയക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നു.

മഹാമാരിയുടെ സവിശേഷ സാഹചര്യങ്ങളിലും പെരുകിവരുന്ന ഹൃദ്രോഗ മരണങ്ങൾ തെല്ലൊന്നുമല്ല മലയാളി സമൂഹത്തെ അസ്വസ്ഥപ്പെടുത്തുന്നത്. പ്രവാസ നാടുകളിൽ വെച്ചുണ്ടാകു ന്ന മരങ്ങൾ ഇരട്ട പ്രഹരമാണ് ബന്ധപ്പെട്ടവർക്ക് സമ്മാനിക്കുന്നത്.

Advertisment