13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും വർഷങ്ങളായി ബലാത്സംഗം ചെയ്തതായും പരാതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, January 16, 2021

ന്യൂഡല്‍ഹി: 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും വർഷങ്ങളായി ബലാത്സംഗം ചെയ്തതായും പരാതി. കിഴക്കൻ ഡൽഹിയിലെ വനിതാ കമ്മിഷന്റേതാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ. വർഷങ്ങളായി നാലു പേർ ചേർന്ന് കുട്ടിയെ ബലാത്സംഗത്തിന് വിധേയമാക്കുകയായിരുന്നെന്നാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ.

മൂന്ന് വര്‍ഷം മുമ്പ് ഒരു നൃത്ത പരിപാടിയില്‍ വച്ചാണ് കുട്ടി നാലു പേരെ പരിചയപ്പെടുന്നത്. നൃത്തം പഠിപ്പിക്കാമെന്ന് പറഞ്ഞ് ഇവര്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. കുട്ടിയെ നൃത്തപരിപാടികളില്‍ പങ്കെടുപ്പിക്കുകയും പണം നല്‍കുകയും സംഘം ചെയ്തിരുന്നു.

തുടര്‍ന്ന് ഈ സംഘത്തിനൊപ്പം ജീവിക്കേണ്ട അവസ്ഥയായിരുന്നുവെന്ന് കുട്ടി പറയുന്നു. വൈകാതെ ഇവര്‍ കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയും ബലം പ്രയോഗിച്ച് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു.

ഇതിനുശേഷം ചില ഹോര്‍മോണുകള്‍ കുത്തിവച്ചതോടെ താനാകെ മാറിയെന്ന് കുട്ടി വെളിപ്പെടുത്തി. തുടര്‍ന്ന് കുട്ടിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് വനിത കമ്മീഷന്‍ പറഞ്ഞു. ഈ സംഘത്തിനുപുറമേ ഇവര്‍ വഴി മറ്റു ചിലരും കുട്ടിയെ ഉപദ്രവിച്ചതായും വെളിപ്പെടുത്തി.

റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഒരു അഭിഭാഷകനാണ് കുട്ടിയെ വനിതാ കമ്മീഷനിലെത്തിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

×