കാമുകിയെ വെടിവച്ച് രക്ഷപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഭാര്യപിതാവിനെ കൊലപ്പെടുത്തി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, September 28, 2020

ന്യൂഡൽഹി: കാമുകിയ്ക്ക് നേരേ വെടിയുതിർത്ത ശേഷം ഡൽഹിയിൽനിന്ന് രക്ഷപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ ഭാര്യാപിതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ഡൽഹി ലഹോരി ഗേറ്റ് പൊലീസ് സ്റ്റേഷനിലെ സബ്-ഇൻസ്പെക്ടർ സന്ദീപ് ദാഹിയയാണ് കാമുകിയെ വെടിവെച്ച് ഡൽഹിയില്‍ നിന്നും രക്ഷപ്പെട്ട് ഹരിയാണയിലെ റോത്തക്കിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യാപിതാവിനെയും വെടിവെച്ച് കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം രാത്രി കാമുകിയായ യുവതിക്ക് നേരേ വെടിയുതിർത്ത ശേഷമാണ് ഇയാൾ ഡൽഹിയിൽനിന്ന് രക്ഷപ്പെട്ടത്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സർവീസ് റിവോൾവര്‍ ഉപയോഗിച്ചാണ് സന്ദീപ് ദാഹി ഇരുവരെയും വെടി വെച്ചത്. …

കാമുകിയെ ആക്രമിച്ച ശേഷം തിങ്കളാഴ്ച റോത്തക്കിലെ ഭാര്യവീട്ടിലെത്തിയ സന്ദീപ് ഭാര്യാപിതാവ് രൺവീർ സിങ്ങിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഭാര്യയെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ ദാഹിയ ഭാര്യയുടെ മാതൃവീട്ടിൽ പോയിരുന്നെങ്കിലും അവരെ കണ്ടല്ല. പകരം അച്ഛൻ രൺ‌വീർ സിങ്ങിനെ വെടിവയ്ക്കുകയായിരുന്നു. 36 കാരനായ സന്ദീപ് കുറേ നാളായി ഭാര്യയുമായി വഴക്കിട്ട് വേർപിരിഞ്ഞാണ് താമസിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി കാറിൽവെച്ച് വഴക്കിട്ടതിന് പിന്നാലെയാണ് സന്ദീപ് കാമുകിയെ വെടിവെച്ച് പരിക്കേൽപ്പിച്ചത്. വടക്കൻ ഡൽഹിയിലെ ജി.ടി. കർനാൽ റോഡിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയെ റോഡിലുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് ഇതുവഴിയെത്തിയ പോലീസുകാരാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ കേസിൽ സന്ദീപിനായി തിരച്ചിൽ തുടരുന്നതിനിടെയാണ് റോത്തക്കിൽ ഭാര്യപിതാവിനെയും വെടിവെച്ച് കൊലപ്പെടുത്തിയെന്ന വിവരവും പുറത്തുവന്നത്.

×