വാട്‍സ് ആപ്പ് ഒരു സ്വകാര്യ അപ്ലിക്കേഷൻ,താല്പര്യമില്ലാത്തവർക്ക് അത് വേണ്ടെന്ന് വെക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്: ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം ഇങ്ങനെ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, January 18, 2021

ന്യൂഡൽഹി: വാട്‍സ് ആപ്പ് ഒരു സ്വകാര്യ അപ്ലിക്കേഷൻ ആണെന്നും താല്പര്യമില്ലാത്തവർക്ക് അത് വേണ്ടെന്ന് വെക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ഡൽഹി ഹൈക്കോടതി. വാട്‍സ് ആപ്പിന്റെ സ്വകാര്യതാ ലംഘനവുമായി ബന്ധപ്പെട്ടുള്ള ഹർജി പരിഗണിക്കവെ ആണ് ഹൈക്കോടതിയുടെ ഏകാംഗ ബെഞ്ചായ സഞ്ജീവ് സച്‌ദേവ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പരാതിക്കാരനും അഭിഭാഷകനുമായ ചൈതന്യ രോഹില്ലയോട്, ‘നിങ്ങളെന്തിനാണ് പരാതിപ്പെടുന്നത്..അതൊരു സ്വകാര്യ ആപ്പ്ളിക്കേഷൻ മാത്രമല്ലെ..താൽപര്യമില്ലെങ്കിൽ അതിൽ ജോയിൻ ചെയ്യേണ്ട’, എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. പരാതിക്കാരൻ ഏതെങ്കിലും ആപ്പ്ളിക്കേഷന്റെ നയങ്ങളും മറ്റും വായിച്ചു മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച കോടതി, സ്വമേധയാ അംഗീകരിച്ച എന്തെല്ലാം നയങ്ങൾക്കാണ് നമ്മൾ തല വെച്ച് കൊടുത്തിരിക്കുന്നതെന്നറിഞ്ഞാൽ ഒരുപക്ഷെ ഞെട്ടിയേക്കും എന്നും നിരീക്ഷിച്ചു.

വാട്‍സ് ആപ്പ് ഒരു വ്യക്തിയുടെ ബ്രൗസിംഗ് ചരിത്രം വിശകലനം ചെയ്യുകയും ഉപയോക്താവിനെ കുറിച്ചുണ്ടാക്കുന്ന അഭിപ്രായം പങ്കിടുകയും ചെയ്യുന്നു എന്ന പരാതിക്കാരന്റെ വാദത്തിൽ ‘എല്ലാ ആപ്ലിക്കേഷനുകളും അത് ചെയ്യുന്നുണ്ടെന്നാണ്’ കോടതി മറുപടി പറഞ്ഞത്. തുടർന്ന് ഇംഗ്ളണ്ടിലും അമേരിക്കയിലും വാട്‍സ് ആപ്പ് പുതിയ സ്വകാര്യതാനയങ്ങൾ സ്വീകരിക്കാനും തിരസ്കരിക്കാനും ജനങ്ങൾക്ക് അവസരം നൽകുന്നുണ്ടെന്നും ഇന്ത്യയിൽ അതില്ലെന്നും പരാതിക്കാരന്റെ വക്കീൽ സൂചിപ്പിച്ചു.

വാട്‍സ് ആപ്പിന്റെ പുതിയ നയങ്ങൾ ഗവണ്മെന്റ് നിയമം മൂലം നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട പരാതിക്കാരനോട് അതിനായി താങ്കൾ പാർലമെന്റിനെ സമീപിക്കേണ്ടി വരുമെന്നാണ് കോടതി പറഞ്ഞത്. പരാതി എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാതെ ഒരു ഉത്തരവും പുറപ്പെടുവിക്കില്ല എന്നും കോടതി പറഞ്ഞു.

ഈ ആപ്പ്ളിക്കേഷൻ ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം താങ്കൾക്കുണ്ടെന്ന് പറഞ്ഞ കോടതി, ഈ വിഷയത്തിൽ വാർത്ത പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിലപാട് എന്താണെന്നും അന്വേഷിച്ചിട്ടുണ്ട്. കേസിന്റെ അടുത്ത വാദം ജനുവരി 25ലേക്ക് മാറ്റിവെച്ചു.

×