ഡല്‍ഹിയുടെ വികസനം ബിജെപി സര്‍ക്കാരിലൂടെ മാത്രമേ സാധ്യമാകൂവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, January 29, 2020

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിലൂടെ മാത്രമേ ഡല്‍ഹിയുടെ വികസനം സാധ്യമാകൂവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ.സംസ്ഥാനത്തിന്‍റെയും ആളുകളുടെയും വികസനം ഉറപ്പുവരുത്താന്‍ ബിജെപിയ്ക്കു മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് റാലിയില്‍ ഡല്‍ഹി മുഖ്യമന്ത്രിയെയും ആംആദ്മി പാര്‍ട്ടിയേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

1731 അനധികൃത കോളനികളാണ് ഡല്‍ഹിയില്‍ ഉണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കോളനികള്‍ ക്രമീകരിച്ചു. ഇതിനെതിരെ കെജ്രിവാള്‍ തടസ്സം നിന്നെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

പാവപ്പെട്ട ജനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാതെ ഡല്‍ഹിയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ആംആദ്മി സര്‍ക്കാര്‍ ചെയ്യുന്നത്.

ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുന്‍പ് നിരവധി വാഗ്ദാനങ്ങളാണ് ആംആദ്മി ജനങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ ഇതൊന്നും പാലിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

×