ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
അച്ഛേ ദിൻ എന്നു വരും? പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും വാഗ്ദാനം ചെയ്ത നല്ല ദിനങ്ങൾ എവിടെ? അടുക്കള പൂട്ടേണ്ടി വരുമോ എന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അടുത്തിടെ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചതിന് പ്രധാനമന്ത്രിയോ കേന്ദ്ര, സംസ്ഥാന സർക്കാരുകളോ മറുപടി പറഞ്ഞിട്ടില്ല. പറയില്ലെന്നു തീർച്ച. അച്ഛേ ദിൻ ഗൂഗിളിൽ തെരയാമെന്നു മാത്രം. നല്ലകാലം മോഹിപ്പിച്ചു വോട്ടു വാങ്ങി അധികാരത്തിലേറി ഏഴു വർഷം കഴിയുന്പോഴും ജനജീവിതം കൂടുതൽ ദുരിതമാകുകയാണ്.
വിലകൾ കുറയ്ക്കുമെന്നു മാത്രമല്ല അഴിമതി, ഭീകരത, സ്വിസ് ബാങ്കിലേത് അടക്കമുള്ള കള്ളപ്പണം, കുഴൽപ്പണം, കള്ളനോട്ട് തുടങ്ങിയവയെല്ലാം തുടച്ചുനീക്കുമെന്നും വൻ സാന്പത്തിക വളർച്ചയും അതിവേഗ വികസനവും മുതൽ സുരക്ഷയും സമാധാനവും ഉൾപ്പെടെ എന്തെല്ലാം മോഹങ്ങളാണ് മോദിയും കൂട്ടരും സമ്മാനിച്ചത്.
മോഹഭംഗങ്ങളായ മോഹിപ്പിക്കൽ
യുപിഎ സർക്കാരിനെ താഴെയിറക്കി 2014ൽ എൻഡിഎയെ അധികാരത്തിലേറ്റുന്പോൾ വോട്ടർമാർ ക്ഷേമകാലം മോഹിച്ചു. തുടർച്ചയായ രണ്ടു വൻ വിജയങ്ങളാണു മോദിക്കു ജനം സമ്മാനിച്ചത്. പാർലമെന്റിലും മിക്ക സംസ്ഥാന നിയമസഭകളിലും മൃഗീയ ഭൂരിപക്ഷം കിട്ടിയിട്ടും പക്ഷേ നേർവിപരീതമാണു സംഭവിച്ചത്. പാചകവാതകം മുതൽ പച്ചക്കറികൾ വരെ എല്ലാറ്റിനും തീവിലയായതു മിച്ചം.
ദോഷം പറയരുതല്ലോ, അദാനിയും അംബാനിയുംപോലുള്ള ചങ്ങാത്ത മുതലാളിമാരുടെ സന്പത്ത് കോവിഡ് കാലത്തും കൂടി. കോർപറേറ്റ് കുത്തകകൾക്കും ഭരണക്കാർക്കും ഉദ്യോഗസ്ഥ പ്രമാണിമാർക്കും മാത്രമാകും അച്ഛേ ദിൻ! ജനസംഖ്യയുടെ ഒരു ശതമാനം മാത്രമുള്ള അതിസന്പന്നരുടെ എണ്ണം കൂടി. ആഗോള തലത്തിൽ 27 ശതമാനമാണ് അതിസന്പന്നരുടെ വളർച്ചയെങ്കിലും മോദി ഭരണത്തിൽ ഇന്ത്യയിലിത് 63 ശതമാനമാണ്. ലോകത്ത് ഏറ്റവും അതിസന്പന്നർ ഉള്ള മൂന്നാമത്തെ രാജ്യമാണിന്ന് ഇന്ത്യ. ആഗോള സന്പന്നരുടെ പട്ടികയിൽ 142 ഇന്ത്യക്കാരുണ്ട്.
പാവപ്പെട്ടവർക്കും സാധാരണക്കാർക്കും കൊടിയ ദുരിതങ്ങൾ മിച്ചം. മോഹങ്ങളൊക്കെയും മോഹഭംഗങ്ങളായി! വറചട്ടിയിൽനിന്ന് എരിതീയിലേക്കാണു ജനം വീണത്. 135 കോടി ജനങ്ങളിൽ 11.6 ശതമാനം പേർ ഇപ്പോഴും അതീവ ദാരിദ്ര്യത്തിലാണ്. സന്പന്നരും സാധാരണക്കാരും തമ്മിലുള്ള അകലം കൂടുന്നു.
എല്ലാ ദുരിതങ്ങളെയും മറയ്ക്കാൻ ജാതി, മത പ്രശ്നങ്ങൾക്കും വർഗീയ ധ്രുവീകരണങ്ങൾക്കും പഞ്ഞമില്ല. ഡൽഹിയിൽ അടക്കം വർഗീയകലാപങ്ങൾക്കു പുറമെ അയോധ്യ, കാശി, മധുര തുടങ്ങി ആഗ്രയിലെ വിഖ്യാത താജ്മഹൽ വരെ വിവാദത്തിലാക്കുന്ന വക്രബുദ്ധി.
അസഹനീയം, ഈ വിലക്കയറ്റം
ഇന്ത്യയിലെ വിലക്കയറ്റം കൈവിട്ടു കുതിച്ച് എട്ടു ശതമാനത്തിന് അടുത്തെത്തി. ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം 8.38 ശതമാനായാണ് ഏപ്രിലിൽ കൂടിയത്. എട്ടു വർഷത്തിലെ ഏറ്റവും കൂടിയ നാണ്യപ്പെരുപ്പമാണിത്. ഏപ്രിലിലെ ഉപഭോക്തൃ വിലസൂചിക (സിപിഐ എന്ന ചുരുക്കപ്പേരിലുള്ള കണ്‍സ്യൂമർ പ്രൈസ് ഇൻഡക്സ്) 7.79 ശതമാനമാണ്. മാർച്ചിൽ 6.95 ശതമാനം ആയിരുന്നു. കഴിഞ്ഞ നവംബറിലാകട്ടെ ഇത് 4.91 ശതമാനം ആയിരുന്നു. തുടർച്ചയായ ഏഴാം മാസമാണു വിലസൂചികയിലെ വർധന.
റിസർവ് ബാങ്ക് നിശ്ചയിച്ച ജനങ്ങൾക്കു താങ്ങാവുന്ന പരമാവധി തോതിലും മുകളിലാണിത്. വിലസൂചിക ആറു ശതമാനത്തിനു മുകളിൽ ദുഃസഹമാകുമെന്നാണു റിസർവ് ബാങ്കിന്റെ നിർവചനം. സഹനപരിധി ആറ് ആണെങ്കിലും നാലു ശതമാനമാണു റിസർവ് ബാങ്ക് അംഗീകരിക്കുന്ന ഭേദപ്പെട്ട തോത് (കംഫർട്ട് സോണ്‍).
പച്ചക്കറികളുടെ വിലവർധന 15.41 ശതമാനമാണ്. ഭക്ഷ്യ എണ്ണകളുടെയും ധാന്യങ്ങളുടെയും തുടർച്ചയായ വിലവർധന ഭീകരമാണ്. ഭക്ഷ്യയെണ്ണ വില 17.3 ശതമാനമാണു കൂടിയത്. വലിയ തോതിൽ ഇന്ത്യ ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ധാന്യങ്ങൾക്കു പോലും ആറ് ശതമാനം വില കൂടി. മുട്ട, മീൻ, ഇറച്ചി എന്നിവയ്ക്ക് 6.4 ശതമാനം, പാലും പാൽ ഉത്പന്നങ്ങൾക്കും 5.5, ഭക്ഷണത്തിന് 8.4, സുഗന്ധവ്യഞ്ജനങ്ങൾക്ക് 10.6, പഴങ്ങൾക്ക് അഞ്ച്, പയർ വർഗങ്ങൾക്ക് 1.9 ശതമാനം എന്നിങ്ങനെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ കണക്കിലെ വിലവർധന.
ദുരിതക്കയത്തിൽ മുങ്ങി ജനം
ഗ്രാമങ്ങളിലെ പണപ്പെരുപ്പം 8.4 ശതമാനമായി ഉയർന്നു. അവശ്യസാധനങ്ങളുടെ ചില്ലറവിൽപ്പന വില കൂടിയെന്നു ചുരുക്കം. 2016ൽ 2.23 ശതമാനം വരെ താഴ്ന്ന വാർഷിക ഉപഭോക്തൃവില സൂചികയാണ് ഓരോ വർഷവും കുതിച്ചുയരുന്നത്. ഭക്ഷ്യവിലക്കയറ്റവും ഉപഭോക്തൃ വിലസൂചികയും കേന്ദ്രസർക്കാർ പ്രതീക്ഷിച്ചതിലും മോശമായി. മനുഷ്യരുടെ വില മാത്രമാകും ഇടിഞ്ഞത്.
വിലക്കയറ്റം പിടിച്ചുകൊട്ടാനാകാതെ കുതിക്കുന്പോൾ വ്യാവസായിക ഉത്പാദനം 1.9% മാത്രമായി. ഉയർന്ന ഇന്ധനവിലയും ഭക്ഷണച്ചെലവും വരുമാനത്തിലെ ഇടിവും ജനജീവിതം ദുഃസഹമാക്കി. ഡോളറിന് 77.59 എന്ന നിലയിലേക്ക് രൂപയുടെ വിലയിടിഞ്ഞതു സ്ഥിതി വഷളാക്കുന്നു. രാജ്യത്തെ സാന്പത്തിക, സാമൂഹിക പ്രതിസന്ധിയുടെ നേർചിത്രമാകുമിത്.
യുക്രെയ്നിലെ യുദ്ധം മുതൽ കോവിഡ് മഹാമാരിയും പ്രളയം, വരൾച്ച, ഉരുൾപൊട്ടലുകൾ, ചുഴലിക്കാറ്റുകൾ അടക്കമുള്ള പ്രകൃതിയുടെ വികൃതികളിലും പെട്ടു വിഷമിക്കുന്നതിനിടെയാണു വിലക്കയറ്റം പിടിവിട്ടു കുതിക്കുന്നത്.
ഗ്യാസിന് 1,006 രൂപ
ഗോതന്പ്, അരി, പഞ്ചസാര, പയർവർഗങ്ങൾ, ഭക്ഷ്യ എണ്ണകൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ, മുട്ട, മത്സ്യ മാംസാദികൾ തുടങ്ങി സാധാരണക്കാരന് ദൈനംദിനം ആവശ്യമുള്ളതിനെല്ലാം വില കൂടി. പലതിനും പൊള്ളുന്ന വിലയാണ്. ഒഴിവാക്കാൻ പറ്റാത്ത പച്ചക്കറികളുടെയും ഭക്ഷ്യയെണ്ണകളുടെയും വില വളരെ കൂടി. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ റിക്കാർഡ് വിലകൂട്ടൽ കൂടിയായപ്പോൾ ജനം പൊറുതിമുട്ടി.
ഗാർഹിക എൽപിജി സിലിണ്ടറിന് ആയിരം രൂപയ്ക്കു മുകളിൽ വിലയായതോടെ സാധാരണക്കാരുടെ വീടുകളിൽ ഭക്ഷണം പാകം ചെയ്യുന്നതിനു പോലും കുറവുണ്ട്. സൗജന്യ റേഷനും കിറ്റും പോലുള്ള താത്കാലിക ആശ്വാസം കൊടിയ ദുരിതങ്ങൾ ഇല്ലാതാക്കുന്നില്ല. തിരുവനന്തപുരം മേയർ ആര്യയുടെ കുറിപ്പിൽ കാര്യം വ്യക്തം.
പോകാനിറങ്ങിയപ്പോൾ അമ്മയുടെ ആശങ്ക; ‘ഡേയ്, 1006 രൂപ ആയി ഒരു കുറ്റി ഗ്യാസിന്, ഇക്കണക്കിന് നിന്റെ കല്യാണം ആകുന്പോ മൂവായിരം ആകുമല്ലോ മക്കളേ. അച്ഛാ ദിൻ വരുന്നതാണ് അമ്മേ എന്നും പറഞ്ഞ് തിരക്കിട്ടു കാറിൽ കയറിയെങ്കിലും അമ്മ പറഞ്ഞതിലെ ആ പ്രശ്നം അങ്ങോട്ടു വിടാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരു കുടുംബത്തിന്റെ സാന്പത്തിക ഭദ്രത പാടേ തകർന്നുപോകുംവിധമാണു പാചകവാതകത്തിന്റെയും നിത്യോപയോഗ സാധങ്ങളുടെയും വില കുതിക്കുന്നത്.’
അല്ലയോ മോദിജീ, അനിയന്ത്രിതമായ ഈ വിലക്കയറ്റത്തിനു കടിഞ്ഞാണിടാൻ അങ്ങേയ്ക്കു കഴിയില്ലേ എന്നു ചോദിക്കുന്ന ആര്യ പക്ഷേ സ്വന്തം എൽഡിഎഫ് സർക്കാരിനോട് ഇതേ ചോദ്യം ചോദിക്കുന്നില്ല.
ചെലവ് റോക്കറ്റിൽ; വരവ് പടവലങ്ങ!
പെട്രോൾ വില സെഞ്ചുറി അടിച്ചിട്ടും സർക്കാരുകളുടെ ആർത്തി തീർന്നിട്ടില്ല. തക്കം നോക്കി ഇനിയും കൂട്ടുന്ന തീയതി നോക്കി ഇരിക്കുകയാണ് ജനം. സാധനവില വർധിക്കുന്നത് ഇന്ധനവില വർധനയുടെ ഉപോത്പന്നമായാണ്. ജനം നശിച്ചാലും മദ്യം ഒഴുക്കിയും നികുതി കൂട്ടിയും പണം ഉണ്ടാക്കി സർക്കാർ ജീവനക്കാർക്കു ശന്പളം കൊടുക്കാൻ ജനങ്ങളെ പിഴിയുകയാണു സർക്കാർ.
വൻതോതിലുള്ള തൊഴിൽ, ഉത്പാദനനഷ്ടങ്ങളും കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയും നിർമാണ, സേവന മേഖലകളിലെ തളർച്ചയും കൂടിയായപ്പോൾ പ്രതിസന്ധി അതിരൂക്ഷമായി. കാർഷിക മേഖലയിലെ തകർച്ച തുടങ്ങിയിട്ടു വർഷങ്ങളായി. ടൂറിസം, ഗതാഗതം, ചെറുകിട ഇടത്തരം കച്ചവടങ്ങൾ, പരന്പരാഗത വ്യവസായങ്ങൾ അടക്കം മറ്റു മേഖലകളും മാന്ദ്യത്തിൽനിന്നു കരകയറിയിട്ടില്ല.
സ്വകാര്യമേഖലയിൽ ശന്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. ഉണ്ടായിരുന്ന തൊഴിൽകൂടി പലർക്കും നഷ്ടമായി. വിദ്യാഭ്യാസ, ആരോഗ്യ, യാത്രച്ചെലവുകളും മേലോട്ടാണ്. വായ്പകളുടെ പലിശനിരക്കുകൾ വർധിക്കുന്നു. ചെലവുകൾ റോക്കറ്റ് പോലെ മുകളിലോട്ട്. വരുമാനം പടവലങ്ങ പോലെ താഴോട്ട്.
ധൂർത്തും നികുതിയും കുറയ്ക്കൂ
ഉത്പന്നങ്ങളുടെ വില കൂടുന്പോൾ സർക്കാരിന്റെ നികുതി വരുമാനം കൂടും. ഏപ്രിലിലെ ജിഎസ്ടി വരവ് സർവകാല റിക്കാർഡാണ്. 1.68 ലക്ഷം കോടി രൂപയാണു കഴിഞ്ഞ മാസത്തെ ജിഎസ്ടി വരവെന്നു കേന്ദ്ര ധനമന്ത്രാലയത്തിന്റെ പത്രക്കുറിപ്പിലുണ്ട്. മുൻവർഷത്തെക്കാൾ 20 ശതമാനം വർധന. ഇന്ധന നികുതി കൂട്ടിയതു വേറെയും. ജനങ്ങൾക്ക് ആശ്വാസമേകാൻ ഇതു മാത്രം മതിയാകും.
ജനങ്ങളെ പിഴിഞ്ഞ് മന്ത്രിമാരും ഉദ്യോഗസ്ഥരും സുഖിക്കുകയും കടമെടുപ്പു കൂട്ടുകയും ചെയ്യുന്ന നില ശ്രീലങ്കയുടെ ആവർത്തനമാകും. പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന വിലകളും ഇതര നികുതികളും കുറയ്ക്കണം. അവശ്യസാധനങ്ങളുടെ ചില്ലറ വിൽപ്പന വിലകൾ കുറച്ചേ മതിയാകൂ. പാവങ്ങളും സാധാരണക്കാരും ജീവിക്കണം. കുടുംബബജറ്റിന് ആശ്വാസം പകരാൻ സർക്കാരിനു കഴിയണം. സംസ്ഥാന സർക്കാരിനും ഇക്കാര്യങ്ങളിൽ ഉത്തരവാദിത്വമുണ്ട്. സർക്കാരുകളുടെ ധൂർത്ത് ഒഴിവാക്കിയും ചെലവുകൾ വെട്ടിച്ചുരുക്കിയും മാതൃകയാകണം. റേഷൻ അടക്കമുള്ള പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്തിയും വിപണികളിൽ ഇടപെട്ടും വിലകൾ നിയന്ത്രിച്ചും ജനങ്ങൾക്ക് ആശ്വാസം നൽകാൻ കഴിയും.
ഡൽഹി: ഹിന്ദി എഴുത്തുകാരി ഗീതാജ്ഞലി ശ്രീയ്ക്ക് ബുക്കർ പുരസ്കാരം. ഗീതാജ്ഞലിയുടെ റേത് സമാധിയുടെ പരിഭാഷയായ ടൂം ഓഫ് സാൻഡിനാണ് പുരസ്കാരം. ആദ്യമായാണ് ഒരു ഹിന്ദി രചന ബുക്കർ പുരസ്കാരത്തിന് അർഹമാകുന്നത്. ഡെയ്സി റോക് വെലാണ് പുസ്തകത്തിന്റെ പരിഭാഷ നിർവ്വഹിച്ചത്. 52 ലക്ഷം രൂപയുടെ സമ്മാനത്തുക ഗീതാജ്ഞലി ശ്രീയും ഡെയ്സി റോക് വെലും പങ്കിടും. അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക്വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ. ഭര്‍ത്താവു മരിച്ചതിനെത്തുടര്‍ന്ന് […]
കോട്ടയം: ഇന്നലെ രാവിലെ തിരുനൽവേലി– പാലക്കാട് പാലരുവി എക്സ്പ്രസ് (16791) കോട്ടയത്തെ ഇരട്ടത്തുരങ്കങ്ങളിലെ ഇരുട്ട് മുറിച്ചു കടന്ന് റെയിൽവേ സ്റ്റേഷനിലെത്തി. അതോടെ, ട്രെയിൻ യാത്രക്കാരുടെ ‘കണ്ണ് രണ്ടു വട്ടം പൊത്തുന്ന’ കോട്ടയത്തെ റെയിൽ തുരങ്കങ്ങൾ 65–ാം വയസ്സിൽ ചരിത്രത്തിന്റെ ഭാഗമായി. ഞായറാഴ്ച ചിങ്ങവനം – കോട്ടയം – ഏറ്റുമാനൂർ ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതോടെ, കോട്ടയം റെയിൽവേ സ്റ്റേഷനു സമീപമുള്ള തുരങ്കങ്ങളിലൂടെ ഗതാഗതം ഇല്ലാതാകും. പുതിയ ട്രാക്കുകൾ തുരങ്കം ഒഴിവാക്കിയാണു നിർമിച്ചിട്ടുള്ളത്. ഇന്നലെ പാലരുവി എക്സ്പ്രസ് തുരങ്കത്തിലൂടെ കടത്തി […]
ഡൽഹി: ചൈനീസ് വീസ കോഴക്കേസിൽ കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ സിബിഐയുടെ ആരോപണങ്ങൾ കാർത്തി ചിദംബരം നിഷേധിച്ചിരുന്നു. താൻ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ല എന്നാണ് കാർത്തി സിബിഐയെ അറിയിച്ചത്. ചോദ്യം ചെയ്യലിനോട് കാർത്തി ചിദംബരം പൂർണമായി സഹകരിക്കുന്നില്ലെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യങ്ങളിലേക്ക് ഇന്ന് കടക്കും. കാർത്തിയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് എസ് ഭാസ്കര രാമനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച […]
കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രകടനത്തിലെ വിദ്വേഷ മുദ്രാവാക്യ കേസിൽ കുട്ടിയുടെ പിതാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. കൊച്ചി തോപ്പുംപടിയിലെ താമസക്കാരായ കുട്ടിയുടെ കുടുംബം ഒളിവിലാണ്. ഇവർക്കായി ഈരാറ്റുപേട്ടയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കുടുംബത്തിന് ഒളിവിൽ കഴിയാനുള്ള സഹായം ഈരാറ്റുപേട്ടയിൽ നിന്ന് കിട്ടിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ പിതാവാണ് പ്രകടനത്തിലേക്ക് കുട്ടിയെ കൊണ്ടുവന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിലും കുട്ടിയെ പങ്കെടുപ്പിച്ചിരുന്നു. കുട്ടിയെ ചുമലിലേറ്റിയ ഈരാറ്റുപേട്ട സ്വദേശിയായ അൻസാറിനെ പൊലീസ് പിടികൂടിയിരുന്നു. മതവിദ്വേഷം […]
മലപ്പുറം: മലപ്പുറം ജില്ലാ ആസ്ഥാനമായ സിവിൽ സ്റ്റേഷൻ, കെ എസ് ആർ ട്ടി സി ബസ് സ്റ്റാന്റ് , മലപ്പുറം ടൗൺ ഹാൾ, കലക്ടർ ബംഗ്ലാവ്, മഞ്ചേരി റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം, മുനിസിപ്പൽ ബസ് സ്റ്റാന്റ് പരിസരങ്ങളിലെല്ലാം തെരുവ് നായ്ക്കളുടെ ക്രമാധീതമായ വർദ്ധനവ് കാരണം ശല്യം രൂക്ഷമായിരിക്കയാണ്. കുട്ടികളേയും മുതിർന്നവരേയും തെരുവ് നായ്ക്കൾ ആക്രമിക്കുന്നത് മൂലം പുറത്തിറങ്ങാൻ ഭയക്കുകയാണ്. മലപ്പുറം നഗരത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായത് അധികാരികളുടെയടുത്ത് പല പ്രാവശ്യം പരാതി നൽകിയിട്ടും ഇതുവരെ […]
ജിദ്ദ: സ്വന്തം സ്പോൺസർഷിപ്പിൽ ഉള്ള വിദേശി തൊഴിലാളികൾ തങ്ങളുടെ കീഴിൽ തന്നെയാണ് ജോലി ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തണമെന്ന് സൗദി അധികൃതർ. അനധികൃതമായി മറ്റാർക്കെങ്കിലും വേണ്ടിയോ സ്വന്തം സമ്പാദ്യത്തിനായോ ജോലി ചെയ്യാൻ വിദേശി തൊഴിലാളികൾക്ക് സൗദിയിൽ അനുമതിയില്ല. ഇക്കാര്യം ഉറപ്പ് വരുത്തേണ്ടത് സ്പോണ്‍സർമാരുടെ കടമയാണ്. പ്രവാസി തൊഴിലാളികളെ മറ്റു ജോലികൾക്കു വിട്ടു എന്ന് കണ്ടെത്തിയാൽ സ്പോൺസർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒരു ലക്ഷം റിയാൽ വരെ പിഴയും ആറു മാസം വരെ […]
കൊച്ചി: വിദ്വേഷപ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന പി സി ജോർജ് നൽകിയ ജാമ്യ ഹർജി അടക്കം മൂന്ന് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം കിഴക്കേക്കോട്ടെ കേസില്‍ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ റിവിഷൻ ഹർജിയാണ് ആദ്യം പരിഗണിക്കുക. രാവിലെ പത്തേകാലിന് ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് പരിഗണിക്കുന്നത്. ഇതേ കേസിൽ പി സി ജോർജിന്റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുൻക്കൂർ ജാമ്യ ഹർജിയും മറ്റൊരു ബഞ്ച് ഉച്ചയ്ക്ക് പരിഗണിക്കും. […]
തിരുവനന്തപുരം: കൂടുതൽ സ്ത്രീകൾ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു ജയിക്കണമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിർദേശിച്ചു. ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളുടെ കഴിവിന്റെ അടുത്തെങ്ങും പ്രാതിനിധ്യം രാഷ്ട്രീയത്തിലും തൊഴിൽ മേഖലകളിലും അവർക്കു ലഭിച്ചിട്ടില്ലെന്നും കേരള നിയമസഭ സംഘടിപ്പിച്ച ദ്വിദിന ദേശീയ വനിതാ സാമാജിക സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി പറഞ്ഞു. സാമൂഹികമായ മുൻവിധികളാണ് സ്ത്രീകളെ തടഞ്ഞുനിർത്തുന്നത്. വിവിധ തലങ്ങളിൽ സ്ത്രീകൾ പിന്തള്ളപ്പെടുന്നത് ലോകമെമ്പാടുമുള്ള പ്രതിഭാസമാണ്. മനോഭാവവും ചിന്താഗതിയും മാറുക മാത്രമാണു പരിഹാരം. ഇന്ത്യയിൽ ഒരു വനിതാ പ്രധാനമന്ത്രിയും ഒരു വനിതാ […]
കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. കേസന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനായി ഭരണ തലത്തിൽ നിന്നും രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നുവെന്നതടക്കം സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് അതിജീവിതയുടെ ഹർജി. കേസിൽ കുറ്റപത്രം നൽകുന്നത് തടയണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഹർജിയിലെ ആക്ഷേപങ്ങൾ തെറ്റാണെന്നാണ് സർക്കാർ വാദം. കൂടാതെ കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും അന്വേഷണം സംബന്ധിച്ചുള്ള നടിയുടെ ഭീതിഅനാവശ്യമാണെന്നുമാണ് ഡയറക്ടർ […]