Advertisment

സ​​​മ്പൂ​​​ര്‍ണ മ​​​തേ​​​ത​​​ര രാ​​​ജ്യ​​​മാ​​​യി ഇ​​​ന്ത്യ എ​​​ന്നും തു​​​ട​​​ര​​​ണം, എ​​​ല്ലാ മ​​​ത​​​ങ്ങ​​​ളെ​​​യും ഒ​​​രേ പോ​​​ലെ ബ​​​ഹു​​​മാ​​​നി​​​ക്കു​​​ക​​​യും പൗ​​​ര​​​സ്വാ​​​ത​​​ന്ത്ര്യം ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക​​​യാ​​​ണ് പ്ര​​​ധാ​​​നം; ജോ​​​ര്‍ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ല്‍ ​എഴുതുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹിഡയറി/ ജോ​​​ര്‍ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ല്‍

Advertisment

publive-image

“വെ​​​ള്ളം ചേ​​​ര്‍ക്കാ​​​ത്ത മ​​​തേ​​​ത​​​ര​​​ത്വ​​​വും അ​​​തി​​​ലൂ​​​ടെ കൈ​​​വ​​​രു​​​ന്ന സ​​​മാ​​​ധാ​​​ന​​​വുമാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ പു​​​രോ​​​ഗ​​​തി​​​യു​​​ടെ​​​യും വ​​​ള​​​ര്‍ച്ച​​​യു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​നം.” മു​​​ന്‍ രാ​​​ഷ്‌​​​ട്ര​​​പ​​​തി പ്ര​​​ണാ​​​ബ് മു​​​ഖ​​​ര്‍ജി 2017 ഓ​​​ഗ​​​സ്റ്റ് 13ന് ​​​ദീ​​​പി​​​ക​​​യ്ക്കു മാ​​​ത്ര​​​മാ​​​യി ന​​​ല്‍കി​​​യ പ്ര​​​ത്യേ​​​ക സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞ വാ​​​ക്കു​​​ക​​​ളാ​​​ണി​​​ത്. രാ​​​ഷ്‌​​​ട്ര​​​പ​​​തി എ​​​ന്ന നി​​​ല​​​യി​​​ല്‍ ഇ​​​ന്ത്യ​​​ക്കു വ​​​ള​​​രെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​താ​​​യി ക​​​രു​​​തു​​​ന്ന കാ​​​ര്യ​​​മെ​​​ന്താ​​​ണെ​​​ന്ന ലേ​​​ഖ​​​ക​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് പ്ര​​​ണാ​​​ബ് ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്.

“പൗ​​​ര​​​സ​​​മ​​​ത്വ​​​വും ജ​​​നാ​​​ധി​​​പ​​​ത്യ​​​വും സാ​​​മ്പ​​​ത്തി​​​ക സ​​​മ​​​ത്വ​​​വും എ​​​ല്ലാ മ​​​ത​​​വി​​​ശ്വാ​​​സ​​​ങ്ങ​​​ള്‍ക്കും തു​​​ല്യസ്വാ​​​ത​​​ന്ത്ര്യ​​​വും ഉ​​​ള്ള ആ​​​ധു​​​നി​​​ക രാ​​​ഷ്‌​​​ട്ര​​​മാ​​​യി ഇ​​​ന്ത്യ​​​യെ കെ​​​ട്ടി​​​പ്പടു​​​ക്ക​​​ണം” എ​​​ന്നും പ്ര​​​ണാ​​​ബ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. രാ​​​ജ്യ​​​ത്തി​​​നാ​​​കെ വി​​​ല​​​പ്പെ​​​ട്ട​​​താ​​​ണ് ഈ ​​​ഉ​​​പ​​​ദേ​​​ശം. “എ​​​ല്ലാ അ​​​ര്‍ഥ​​​ത്തി​​​ലും സ​​​മ്പൂ​​​ര്‍ണ മ​​​തേ​​​ത​​​ര രാ​​​ജ്യ​​​മാ​​​യി ഇ​​​ന്ത്യ എ​​​ന്നും തു​​​ട​​​ര​​​ണം. എ​​​ല്ലാ മ​​​ത​​​ങ്ങ​​​ളെ​​​യും ഒ​​​രേ പോ​​​ലെ ബ​​​ഹു​​​മാ​​​നി​​​ക്കു​​​ക​​​യും പൗ​​​ര​​​സ്വാ​​​ത​​​ന്ത്ര്യം ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക​​​യാ​​​ണ് പ്ര​​​ധാ​​​നം.

അ​​​സ​​​ഹി​​​ഷ്ണു​​​ത വ​​​ള​​​രു​​​ന്ന​​​തു വ​​​ള​​​രെ ആ​​​പ​​​ത്ക​​​ര​​​മാ​​​ണ്. സ​​​മാ​​​ധാ​​​നം, സാ​​​ഹോ​​​ദ​​​ര്യം, ഐ​​​ക്യം തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ണ്ടെ​​​ങ്കി​​​ല്‍ സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ര്‍ച്ച​​​യും വി​​​ക​​​സ​​​ന​​​വും അ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​പു​​​രോ​​​ഗ​​​തി​​​ക്കു ത​​​ട​​​സം ഉ​​​ണ്ടാ​​​കി​​​ല്ല.”- രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യെ​​​ന്ന നി​​​ല​​​യി​​​ല്‍ 2016 മേ​​​യ് ആ​​​ദ്യ​​​വാ​​​രം ന്യൂ​​​സി​​​ല​​​ന്‍ഡി​​​ലും പ​​​പ്പു​​​വ ന്യൂ​​​ഗി​​​നി​​​യി​​​ലും ന​​​ട​​​ത്തി​​​യ അ​​​ഞ്ചു ദി​​​വ​​​സ​​​ത്തെ ഔ​​​ദ്യോ​​​ഗി​​​ക സ​​​ന്ദ​​​ര്‍ശ​​​നം ക​​​ഴി​​​ഞ്ഞു ഡ​​​ല്‍ഹി​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ന്ന വി​​​മാ​​​ന​​​ത്തി​​​ല്‍ ദീ​​​പി​​​ക​​​യു​​​ടെ പ്ര​​​തി​​​നി​​​ധി ഉ​​​ള്‍പ്പ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​നി​​​ടെ പ്ര​​​ണാ​​​ബ് പ​​​റ​​​ഞ്ഞ ഈ ​​​വാ​​​ക്കു​​​ക​​​ളും അ​​​മൂ​​​ല്യ​​​മാ​​​ണ്.

സ്വാ​​​ന്ത്ര്യ​​​ത്തി​​​ന്‍റെ അ​​​മൃ​​​ത​​​വ​​​ര്‍ഷം

ഇ​​​ന്ത്യ സ്വ​​​ാത​​​ന്ത്ര്യം നേ​​​ടി​​​യ​​​തി​​​ന്‍റെ 75 വ​​​ര്‍ഷ​​​ങ്ങ​​​ള്‍. ആ​​​സാ​​​ദി കാ ​​​അ​​​മൃ​​​ത് മ​​​ഹോ​​​ത്സ​​​വ്. ബി​​​ട്ടീ​​​ഷ് കോ​​​ള​​​നിഭ​​​ര​​​ണ​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു വി​​​ല​​​യേ​​​റെ. ച​​​രി​​​ത്ര​​​മുഹൂ​​​ര്‍ത്ത​​​ത്തി​​​ന്‍റെ 75-ാം വാ​​​ര്‍ഷി​​​കാ​​​ഘോ​​​ഷം പു​​​ന​​​ര​​​ര്‍പ്പ​​​ണ​​​ത്തി​​​നു​​​ള്ള​​​താ​​​ണ്. തെ​​​റ്റാ​​​യ ന​​​യ​​​ങ്ങ​​​ളും സ​​​മീ​​​പ​​​ന​​​ങ്ങ​​​ളും തി​​​രു​​​ത്താ​​​നും പു​​​രോ​​​ഗ​​​മ​​​ന ചി​​​ന്ത​​​യു​​​ള്ള ഭാ​​​വി​​​ത​​​ല​​​മു​​​റ​​​യ്ക്കാ​​​യി സ​​​മ​​​ര്‍പ്പി​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ്.

“എ​​​ന്‍റെ ശ​​​രീ​​​ര​​​ത്തെ നി​​​ങ്ങ​​​ള്‍ക്കു ത​​​ട​​​വി​​​ലാ​​​ക്കാം. മ​​​ന​​​സി​​​നെ ച​​​ങ്ങ​​​ല​​​യ്ക്കി​​​ടാ​​​നാ​​​കി​​​ല്ല” എ​​​ന്ന രാ​​​ഷ്‌​​​ട്ര​​​പി​​​താ​​​വ് മ​​​ഹാ​​​ത്മാഗാ​​​ന്ധി​​​യു​​​ടെ വാ​​​ക്കു​​​ക​​​ള്‍ സ്വാ​​​ത​​​ന്ത്ര്യ പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ വി​​​ല വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​ണ്. സ്വാ​​​ത​​​ന്ത്ര്യ​​​മി​​​ല്ലാ​​​ത്ത ജീ​​​വി​​​തം ആ​​​ത്മാ​​​വി​​​ല്ലാ​​​ത്ത ശ​​​രീ​​​രം പോ​​​ലെ​​​യാ​​​ണെ​​​ന്നാ​​​ണ് വി​​​ഖ്യാ​​​ത ക​​​വി ഖ​​​ലീ​​​ല്‍ ജി​​​ബ്രാ​​​ന്‍റെ വാ​​​ക്കു​​​ക​​​ള്‍.

അ​​​ഹിം​​​സ​​​യും സ​​​ത്യ​​​ഗ്ര​​​ഹ​​​വും മു​​​ഖ​​​മു​​​ദ്ര​​​യാ​​​ക്കി​​​യ ഇ​​​ന്ത്യ​​​ന്‍ സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​രം ലോ​​​ക​​​ത്ത് സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത​​​താ​​​ണ്. അ​​​ക്ര​​​മ​​​വും ഒ​​​ളി​​​പ്പോ​​​രാ​​​ട്ട​​​ങ്ങ​​​ളും യു​​​ദ്ധ​​​വു​​​മി​​​ല്ലാ​​​തെ​​​യാ​​​ണ് സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ മാ​​​ര്‍ഗ​​​ത്തി​​​ലൂ​​​ടെ ഗാ​​​ന്ധി​​​ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഭാ​​​ര​​​തം സ്വാ​​​ത​​​ന്ത്ര്യം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. “ഹിം​​​സ​​​യി​​​ലൂ​​​ടെ നേ​​​ടു​​​ന്ന വി​​​ജ​​​യം വി​​​ജ​​​യ​​​മ​​​ല്ല, അ​​​തു തോ​​​ല്‍വി​​​യാ​​​ണ്; എ​​​ന്തെ​​​ന്നാ​​​ല്‍ അ​​​തു നൈ​​​മി​​​ഷി​​​കം മാ​​​ത്രം” എ​​​ന്നാ​​​ണ് ഇ​​​തേ​​​ക്കു​​​റി​​​ച്ച് ഗാ​​​ന്ധി​​​ജി പ​​​റ​​​ഞ്ഞ​​​ത്. സ​​​ഹ​​​ന​​​വും ത്യാ​​​ഗ​​​വും പ്ര​​​ത്യാ​​​ശ​​​യും കൈ​​​മു​​​ത​​​ലാ​​​ക്കി​​​യാ​​​ണ് അ​​​ക്കാ​​​ല​​​ത്ത് സ്വ​​​പ്‌​​​ന​​​മാ​​​യി​​​രു​​​ന്ന സ്വാ​​​ത​​​ന്ത്ര്യം നേ​​​ടി​​​ത്ത​​​രാ​​​ന്‍ പൂ​​​ര്‍വി​​​ക​​​ര്‍ പോ​​​രാ​​​ടി​​​യ​​​ത്.

“ആ​​​ദ്യം അ​​​വ​​​ര്‍ നി​​​ങ്ങ​​​ളെ അ​​​വ​​​ഗ​​​ണി​​​ക്കും, പി​​​ന്നെ പ​​​രി​​​ഹ​​​സി​​​ക്കും, പി​​​ന്നെ പു​​​ച്ഛി​​​ക്കും, പി​​​ന്നെ ആ​​​ക്ര​​​മി​​​ക്കും, എ​​​ന്നി​​​ട്ടാ​​​യി​​​രി​​​ക്കും നി​​​ങ്ങ​​​ളു​​​ടെ വി​​​ജ​​​യം” എ​​​ന്ന മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ വാ​​​ക്കു​​​ക​​​ളി​​​ല്‍ മ​​​നോ​​​ധൈ​​​ര്യ​​​വും സ്ഥി​​​രോ​​​ത്സാ​​​ഹ​​​വും പ്ര​​​ക​​​ട​​​മാ​​​യി​​​രു​​​ന്നു. “സ്വ​​​രാ​​​ജ്യം എ​​​ന്‍റെ ജ​​​ന്മാ​​​വ​​​കാ​​​ശ​​​മാ​​​ണ്, അ​​​ത് ഞാ​​​ന്‍ നേ​​​ടു​​​കത​​​ന്നെ ചെ​​​യ്യു​​​ം” എന്ന് ബാ​​​ല ഗം​​​ഗാ​​​ധ​​​ര തി​​​ല​​​ക് പ​​​റ​​​ഞ്ഞ​​​ത് ആ​​​ത്മ​​​വി​​​ശ്വാ​​​സം പ്ര​​​ക​​​ട​​​മാ​​​ക്കു​​​ന്നു. സാ​​​ധ്യ​​​മ​​​ല്ലെ​​​ന്നു ക​​​രു​​​തി​​​യ സ്വാ​​​ത​​​ന്ത്ര്യം നേ​​​ടി​​​ത്ത​​​രു​​​ന്ന​​​തി​​​ന് അ​​​നേ​​​കാ​​​യി​​​ര​​​ങ്ങ​​​ള്‍ ജീ​​​വ​​​ന്‍ ബ​​​ലി കൊ​​​ടു​​​ക്കേ​​​ണ്ടിവ​​​ന്നു. ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ള്‍ കൊ​​​ടി​​​യ പീ​​​ഡ​​​ന​​​ങ്ങ​​​ള്‍ ഏ​​​റ്റു​​​വാ​​​ങ്ങി.

സ​​​മ​​​സ്ത മേ​​​ഖ​​​ല​​​ക​​​ളി​​​ലും മു​​​ന്നേ​​​റ്റം

സ്വ​​​ത​​​ന്ത്ര രാ​​​ഷ്‌​​​ട്ര​​​മാ​​​യി 75 വ​​​ര്‍ഷം പൂ​​​ര്‍ത്തി​​​യാ​​​കു​​​മ്പോ​​​ള്‍ ഓ​​​രോ ഇ​​​ന്ത്യ​​​ക്കാ​​​ര​​​നും അ​​​ഭി​​​മാ​​​നി​​​ക്കാ​​​ന്‍ ഏ​​​റെ​​​യു​​​ണ്ട്. സ​​​മ​​​സ്ത മേ​​​ഖ​​​ല​​​ക​​​ളി​​​ലും വ​​​ലി​​​യ മു​​​ന്നേ​​​റ്റം ന​​​ട​​​ത്താ​​​ന്‍ 75 വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ ന​​​മു​​​ക്കു ക​​​ഴി​​​ഞ്ഞു. വി​​​ദ്യാ​​​ഭ്യാ​​​സം, ആ​​​രോ​​​ഗ്യം, വ്യ​​​വ​​​സാ​​​യം, വാ​​​ണി​​​ജ്യം, സാ​​​മ്പ​​​ത്തി​​​കം, സാം​​​സ്‌​​​കാ​​​രി​​​കം തു​​​ട​​​ങ്ങി ശാ​​​സ്ത്ര-​​​സാ​​​ങ്കേ​​​തി​​​ക രം​​​ഗ​​​ങ്ങ​​​ള്‍ വ​​​രെ ഇ​​​ന്ത്യ നേ​​​ടി​​​യ വി​​​ജ​​​യ​​​ങ്ങ​​​ള്‍ക്കു വ​​​ജ്ര​​​ത്തി​​​ള​​​ക്ക​​​മു​​​ണ്ട്.

ആ​​​ണ​​​വശേ​​​ഷി ഉ​​​ള്‍പ്പെ​​​ടെ സൈ​​​നി​​​ക-​​​സാ​​​മ്പ​​​ത്തി​​​ക ശ​​​ക്തി, ബ​​​ഹി​​​രാ​​​കാ​​​ശ-​​​ശാ​​​സ്ത്ര, സാ​​​ങ്കേ​​​തി​​​ക രം​​​ഗ​​​ങ്ങ​​​ളി​​​ലെ മി​​​ക​​​വു​​​ള്ള ഇ​​​ന്ത്യ​​​യാ​​​ണ് ലോ​​​ക​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ഐ​​​ടി വി​​​ദ​​​ഗ്ധ​​​രെ​​​യും ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​രെ​​​യും സം​​​ഭാ​​​വ​​​ന ചെ​​​യ്യു​​​ന്ന​​​ത്. ആ​​​ഗോ​​​ളക്ര​​​മ​​​ത്തി​​​ല്‍ ഇ​​​നി ഇ​​​ന്ത്യ​​​യെ ത​​​ഴ​​​ഞ്ഞ് ഒ​​​രു വ​​​ന്‍ശ​​​ക്തി​​​ക്കും മു​​​ന്നോ​​​ട്ടു പോ​​​കാ​​​നാ​​​കി​​​ല്ല. ഇ​​​ന്ത്യത​​​ന്നെ വ​​​ന്‍ശ​​​ക്തി​​​യാ​​​യി മാ​​​റു​​​ക​​​യാ​​​ണ്. അ​​​ടു​​​ത്ത നൂ​​​റ്റാ​​​ണ്ട് ഇ​​​ന്ത്യ​​​യു​​​ടെ​​​തും ന​​​മ്മു​​​ടെ യു​​​വ​​​ത​​​ല​​​മു​​​റ​​​യു​​​ടെ​​​തും ആ​​​കു​​​മെ​​​ന്ന​​​തി​​​ല്‍ സം​​​ശ​​​യി​​​ക്കേ​​​ണ്ട.

ര​​​വീ​​​ന്ദ്ര​​​നാ​​​ഥ ടാ​​​ഗോ​​​ര്‍ (സാ​​​ഹി​​​ത്യം), സി.​​​വി. രാ​​​മ​​​ന്‍ (ഫി​​​സി​​​ക്‌​​​സ്) മു​​​ത​​​ല്‍ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു ശേ​​​ഷം മ​​​ദ​​​ര്‍ തെ​​​രേ​​​സ (സ​​​മാ​​​ധാ​​​നം), അ​​​മ​​​ര്‍ത്യ സെ​​​ന്‍ (സാ​​​മ്പ​​​ത്തി​​​ക​​​ശാ​​​സ്ത്രം), ദ​​​ലൈ ലാ​​​മ, കൈ​​​ലാ​​​ഷ് സ​​​ത്യാ​​​ര്‍ഥി (ഇ​​​രു​​​വ​​​രും സ​​​മാ​​​ധാ​​​നം) എ​​​ന്നി​​​വ​​​ര്‍ നൊ​​​ബേ​​​ല്‍ സ​​​മ്മാ​​​ന ജേ​​​താ​​​ക്ക​​​ളാ​​​യ​​​ത് യാ​​​ദൃ​​​ച്ഛിക​​​മ​​​ല്ല. അ​​​മേ​​​രി​​​ക്ക​​​ന്‍ പൗ​​​ര​​​ത്വം ഉ​​​ണ്ടാ​​​യെ​​​ങ്കി​​​ലും നൊബേ​​​ല്‍ ജേ​​​താ​​​ക്ക​​​ളാ​​​യ ഹ​​​ര്‍ ഗോ​​​ബി​​​ന്ദ് ഖു​​​റാ​​​ന (മെ​​​ഡി​​​സി​​​ന്‍), എ​​​സ്. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര്‍ (ഫി​​​സി​​​ക്‌​​​സ്), വെ​​​ങ്കി രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ (കെ​​​മി​​​സ്ട്രി), അ​​​ഭി​​​ജി​​​ത് ബാ​​​ന​​​ര്‍ജി (സാ​​​മ്പ​​​ത്തി​​​ക ശാ​​​സ്ത്രം) എ​​​ന്നി​​​വ​​​രും ത​​​നി ഇ​​​ന്ത്യ​​​ക്കാ​​​രാ​​​യി​​​രു​​​ന്നു.

പൗ​​​രാ​​​ണി​​​ക​​​ത​​​യു​​​ടെ പ്രൗ​​​ഢി

നൂ​​​റ്റാ​​​ണ്ടു​​​ക​​​ളു​​​ടെ ചൂ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും പീ​​​ഡ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും മോ​​​ച​​​നം നേ​​​ടി​​​യ രാ​​​ജ്യം ലോ​​​ക​​​ത്തി​​​നു മു​​​ന്നി​​​ല്‍ ഇ​​​ന്ന് ത​​​ല​​​യെ​​​ടു​​​പ്പോ​​​ടെ​​​യാ​​​ണു നി​​​ല്‍ക്കു​​​ന്ന​​​ത്. ത്യാ​​​ഗോ​​​ജ്വ​​​ല​​​വും പ്രൗ​​​ഢ​​​വു​​​മാ​​​യ സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര ച​​​രി​​​ത്ര​​​ത്തി​​​ല്‍നി​​​ന്ന് ശ​​​ക്തി​​​യും ഊ​​​ര്‍ജ​​​വും പ്ര​​​തീ​​​ക്ഷ​​​യും നേ​​​ടു​​​ക പ്ര​​​ധാ​​​ന​​​മാ​​​ണ്. രാ​​​ജ്യ​​​ത്തി​​​ന്‍റെ ഐ​​​ക്യ​​​വും അ​​​ഖ​​​ണ്ഡ​​​ത​​​യും മ​​​തേ​​​ത​​​ര​​​ത്വ​​​വും സോ​​​ഷ്യ​​​ലി​​​സ്റ്റ് ആ​​​ശ​​​യ​​​ങ്ങ​​​ളും കാ​​​ത്തു​​​പ​​​രി​​​പാ​​​ലി​​​ക്കാ​​​ന്‍ ആ​​​ത്മ​​​സ​​​മ​​​ര്‍പ്പ​​​ണ​​​ത്തോ​​​ടെ പ്ര​​​വ​​​ര്‍ത്തി​​​ക്കാ​​​ന്‍ ഓ​​​രോ പൗ​​​ര​​​നും ക​​​ട​​​മ​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വു​​​മുണ്ട്.

സ​​​മാ​​​ധാ​​​ന​​​ത്തി​​​ലും സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ലും രാ​​​ജ്യ​​​പു​​​രോ​​​ഗ​​​തി ഉ​​​റ​​​പ്പാ​​​ക്കാ​​​നും അ​​​ടു​​​ത്ത ദ​​​ശ​​​ക​​​ങ്ങ​​​ളി​​​ല്‍ ലോ​​​ക​​​ത്തി​​​ന്‍റെ നെ​​​റു​​​ക​​​യി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​യെ ന​​​യി​​​ക്കാ​​​നും ക​​​ഴി​​​യു​​​ന്ന നേ​​​തൃ​​​ത്വ​​​വും ജ​​​ന​​​ത​​​യു​​​മാ​​​ക​​​ണം. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പു​​​രാ​​​ത​​​ന​​​മാ​​​യ സം​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളി​​​ലൊ​​​ന്ന് ഭാ​​​ര​​​ത​​​ത്തി​​​ന്‍റേ​​​താ​​​ണ്. വേ​​​ദ​​​ങ്ങ​​​ളും ഉ​​​പ​​​നി​​​ഷ​​​ത്തു​​​ക​​​ളും മ​​​ഹാ​​​ഭാ​​​ര​​​ത​​​വും രാ​​​മാ​​​യ​​​ണ​​​വും പോ​​​ലു​​​ള്ള ഇ​​​തി​​​ഹാ​​​സ ര​​​ച​​​ന​​​ക​​​ൾ മു​​​ത​​​ല്‍ യോ​​​ഗ​​​യും ആ​​​യു​​​ര്‍വേ​​​ദ​​​വും​​​വ​​​രെ ഇ​​​ന്ത്യ​​​യു​​​ടെ മ​​​ഹ​​​ത്വം വെ​​​ളി​​​വാ​​​ക്കു​​​ന്നു.

ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ജ്യ​​​മാ​​​യി ഇ​​​ന്ത്യ തു​​​ട​​​രു​​​ന്നു​​​വെ​​​ന്ന​​​തു നി​​​സാ​​​ര​​​മ​​​ല്ല. ജാ​​​തി, മ​​​തം, ഭാ​​​ഷ, ഭ​​​ക്ഷ​​​ണം, വ​​​സ്ത്രം എ​​​ന്നി​​​വ മു​​​ത​​​ല്‍ ഭൂ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ വ​​​രെ ഇ​​​ത്ര​​​യേ​​​റെ വൈ​​​വി​​​ധ്യ​​​മു​​​ള്ള രാ​​​ജ്യം ഇ​​​പ്പോ​​​ഴും ഐ​​​ക്യ​​​ത്തോ​​​ടെ ഒ​​​രൊ​​​റ്റ ഇ​​​ന്ത്യ​​​യാ​​​യി തു​​​ട​​​രു​​​ന്നു. പ​​​ല​​​ര്‍ക്കും അ​​​ദ്ഭുത​​​മാ​​​യ ഐ​​​ക്യ​​​വും അ​​​ഖ​​​ണ്ഡ​​​ത​​​യും മ​​​തേ​​​ത​​​ര​​​ത്വ​​​വും വെ​​​ള്ളം ചേ​​​ര്‍ക്കാ​​​തെ ഇ​​​നി​​​യു​​​മേ​​​റെ വ​​​ര്‍ഷ​​​ങ്ങ​​​ള്‍ കൊ​​​ണ്ടു​​​ന​​​ട​​​ക്കാ​​​ന്‍ ന​​​മു​​​ക്കു ക​​​ഴി​​​യേ​​​ണ്ട​​​തു​​​ണ്ട്.

ക​​​ഠി​​​ന​​​കാ​​​ല​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു ക​​​രേ​​​റി

സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു ശേ​​​ഷം ജ​​​ന​​​സം​​​ഖ്യ​​​യി​​​ല്‍ 237 ശ​​​ത​​​മാ​​​നം വ​​​ര്‍ധ​​​ന​​​യു​​​ണ്ടാ​​​യി​​​ട്ടും ഭ​​​ക്ഷ​​​ണം പൗ​​​ര​​​ന്‍റെ അ​​​വ​​​കാ​​​ശ​​​മാ​​​ക്കി​​​യ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കി​​​യ രാ​​​ജ്യ​​​മാ​​​യി ഇ​​​ന്ത്യ വ​​​ള​​​ര്‍ന്ന​​​തു വ​​​ലി​​​യ നേ​​​ട്ട​​​മാ​​​ണ്. ലോ​​​ക​​​ത്ത് ആ​​​ദ്യ​​​മാ​​​ണി​​​ത്. എ​​​ന്നാ​​​ല്‍ ഇ​​​പ്പോ​​​ഴും 30 കോ​​​ടി​​​യോ​​​ളം ജ​​​ന​​​ങ്ങ​​​ള്‍ ദാ​​​രി​​​ദ്ര്യ​​​രേ​​​ഖ​​​യ്ക്കു താ​​​ഴെയാ​​​ണ്. സ​​​ര്‍ക്കാ​​​രു​​​ക​​​ളു​​​ടെ തെ​​​റ്റാ​​​യ ന​​​യ​​​ങ്ങ​​​ളാ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണം.

ര​​​ണ്ടാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​ന്‍റെ മ​​​ധ്യ​​​ത്തി​​​ല്‍, സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു നാ​​​ലു വ​​​ര്‍ഷം മു​​​മ്പു​​​ണ്ടാ​​​യ ഭ​​​യാ​​​ന​​​ക​​​മാ​​​യ ബം​​​ഗാ​​​ള്‍ ക്ഷാ​​​മ​​​ത്തി​​​ല്‍ 20 മു​​​ത​​​ല്‍ 30 ല​​​ക്ഷം പേ​​​ര്‍ പ​​​ട്ടി​​​ണി മൂ​​​ലം മ​​​രി​​​ച്ച നാ​​​ടാ​​​ണു ന​​​മ്മു​​​ടേ​​​ത്. ബ്രി​​​ട്ടീ​​​ഷു​​​കാ​​​രു​​​ടെ 120 വ​​​ര്‍ഷ​​​ത്തെ ഭ​​​ര​​​ണ​​​ത്തി​​​ല്‍ ഇ​​​ത​​​ട​​​ക്കം 31 ത​​​വ​​​ണ​​​യാ​​​ണ് പ​​​ട്ടി​​​ണിമ​​​ര​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​യ​​​ത്. 1866ലെ ​​​ബം​​​ഗാ​​​ള്‍, ഒ​​​റീ​​​സ ക്ഷാ​​​മ​​​ത്തി​​​ല്‍ 10 ല​​​ക്ഷ​​​ത്തോ​​​ളും പേ​​​രാ​​​ണു പ​​​ട്ടി​​​ണി മൂ​​​ലം മ​​​രി​​​ച്ച​​​ത്. 1869ല്‍ ​​​ഉ​​​ത്ത​​​ര​​​ന്ത്യേ​​​യി​​​ലെ​​​ങ്ങും ഉ​​​ണ്ടാ​​​യ കൊ​​​ടി​​​യ ക്ഷാ​​​മ​​​ത്തി​​​ല്‍ 15 ല​​​ക്ഷം പേ​​​ര്‍ മ​​​രി​​​ച്ചെ​​​ന്നാ​​​ണു റി​​​പ്പോ​​​ര്‍ട്ടു​​​ക​​​ള്‍. സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു ശേ​​​ഷം, 1965-67 വ​​​ര്‍ഷ​​​ങ്ങ​​​ളി​​​ലാ​​​യി ബി​​​ഹാ​​​റി​​​ലെ കൊ​​​ടുംവ​​​ര​​​ള്‍ച്ച​​​യെത്തു​​​ട​​​ര്‍ന്ന് 15 ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ര്‍ ബ​​​ലി​​​യാ​​​ടു​​​ക​​​ളാ​​​യി.

ര​​​ണ്ടു വ​​​ര്‍ഷ​​​ത്തി​​​ന​​​കം മൊ​​​ത്തം ജ​​​ന​​​സം​​​ഖ്യ​​​യി​​​ല്‍ ചൈ​​​ന​​​യെ​​​യും ഇ​​​ന്ത്യ ക​​​ട​​​ത്തി​​​വെ​​​ട്ടു​​​മെ​​​ന്നാ​​​ണ് ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര സ​​​ഭ​​​യു​​​ടെ റി​​​പ്പോ​​​ര്‍ട്ട്. ഇ​​​പ്പോ​​​ള്‍ 140 കോ​​​ടി ജ​​​ന​​​ങ്ങ​​​ളു​​​ള്ള ഇ​​​ന്ത്യ​​​യി​​​ല്‍ 2050 ആ​​​കു​​​മ്പോ​​​ഴേ​​​ക്കും 166 കോ​​​ടിയാകുമെ​​​ന്നാ​​​ണ് പ്ര​​​വ​​​ച​​​നം. മു​​​മ്പു പ്ര​​​വ​​​ചി​​​ച്ചി​​​രു​​​ന്ന​​​തി​​​നേ​​​ക്കാ​​​ള്‍ വേ​​​ഗ​​​ത്തി​​​ലാ​​​ണ് ഇ​​​പ്പോ​​​ഴും ഇ​​​ന്ത്യ​​​യി​​​ലെ ജ​​​ന​​​സം​​​ഖ്യാ വർധന ആ വർധിത മാ​​​ന​​​വ​​​ശേ​​​ഷി​​​യെ നേ​​​ട്ട​​​മാ​​​ക്കാനുള്ള ശ്രമങ്ങളാണ് ഇ​​​നി വേ​​​ണ്ട​​​ത്.

കാ​​​ര്‍ഷി​​​കരം​​​ഗ​​​ത്തും കു​​​തി​​​പ്പ്

സ​​​മീ​​​പ​​​കാ​​​ല​​​ത്ത് ഭ​​​ര​​​ണ​​​ക​​​ര്‍ത്താ​​​ക്ക​​​ള്‍ വ​​​ള​​​രെ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന കാ​​​ര്‍ഷി​​​ക മേ​​​ഖ​​​ല​​​യി​​​ല്‍ പോ​​​ലും അ​​​തി​​​ശ​​​യ​​​ക​​​ര​​​മാ​​​യ കു​​​തി​​​പ്പു​​​ണ്ടാ​​​യി. കൃ​​​ഷി​​​യി​​​ല്‍ ഉ​​​ണ്ടാ​​​യ പ​​​രി​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ അ​​​ദ്ഭുത​​​ക​​​ര​​​വും മി​​​ക​​​വേ​​​റി​​​യ​​​തു​​​മാ​​​ണ്. രാ​​​ജ്യ​​​ത്തെ ഭ​​​ക്ഷ്യോ​​​ത്പാ​​​ദ​​​നം 50 വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ ഇ​​​ര​​​ട്ടി​​​യി​​​ല​​​ധി​​​കം വ​​​ര്‍ധി​​​ച്ചു. തു​​​ട​​​ര്‍ച്ച​​​യാ​​​യി ആ​​​റാം വ​​​ര്‍ഷ​​​വും റി​​​ക്കാ​​​ര്‍ഡ് ഭ​​​ക്ഷ്യോ​​​ത്പാ​​​ദ​​​ന​​​മു​​​ണ്ട്. 2021-22ല്‍ 31.60 ​​​കോ​​​ടി ട​​​ണ്‍ ആ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ ഭ​​​ക്ഷ്യ​​​ധാ​​​ന്യ ഉ​​​ത്പാ​​​ദ​​​നം. നാം ​​​ഇ​​​ന്ന് ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ള്‍ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന നി​​​ല​​​യി​​​ലെ​​​ത്തി.

ഹ​​​രി​​​ത​​​വി​​​പ്ല​​​വ​​​വും ക്ഷീ​​​ര​​​വി​​​പ്ല​​​വ​​​വും ഉ​​​ണ്ടാ​​​ക്കി​​​യ നേ​​​ട്ട​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക നീ​​​ണ്ട​​​താ​​​ണ്. ഭ​​​ക്ഷ്യോ​​​ത്പാ​​​ദ​​​ന​​​ത്തി​​​ല്‍ സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​ത നേ​​​ടി​​​യെ​​​ന്ന​​​തി​​​ലേ​​​റെ റി​​​ക്കാ​​​ര്‍ഡ് സൃ​​​ഷ്ടി​​​ക്കാ​​​നും ന​​​മു​​​ക്കു ക​​​ഴി​​​ഞ്ഞു. ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ​​​യും ന​​​ല്ല​​​യി​​​നം വി​​​ത്തു​​​ക​​​ളു​​​ടെ​​​യും മി​​​ക​​​ച്ച കാ​​​ര്‍ഷി​​​ക ത​​​ന്ത്ര​​​ത്തി​​​ന്‍റെ​​​യുമെ​​​ല്ലാം ഫ​​​ല​​​മാ​​​ണി​​​ത്.

പാ​​​ല്‍, പ​​​യ​​​ര്‍വ​​​ര്‍ഗ​​​ങ്ങ​​​ള്‍, ച​​​ണം തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഉ​​​ത്പാ​​​ദ​​​ക​​​രാ​​​ണ് ഇ​​​ന്നിപ്പോൾ ഇ​​​ന്ത്യ. അ​​​രി, ഗോ​​​ത​​​മ്പ്, ക​​​രി​​​മ്പ്, നി​​​ല​​​ക്ക​​​ട​​​ല, പ​​​ച്ച​​​ക്ക​​​റി​​​ക​​​ള്‍, പ​​​ഴ​​​ങ്ങ​​​ള്‍, പ​​​ഞ്ഞി തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ല്‍ ലോ​​​ക​​​ത്ത് ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​ണ് ഇ​​​ന്ത്യ. സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ള്‍, തോ​​​ട്ട​​​വി​​​ള​​​ക​​​ള്‍, മത്സ്യം, കോ​​​ഴി, ക​​​ന്നു​​​കാ​​​ലി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ലും ഇ​​​ന്ത്യ വ​​​ള​​​രെ മു​​​ന്നി​​​ലാ​​​ണ്.

പ്ര​​​തി​​​മ​​​ക​​​ളും ആ​​​ര്‍ഭാ​​​ട​​​ങ്ങ​​​ളും പോ​​​ല​​​യു​​​ള്ള​​​വ ഒ​​​ഴി​​​വാ​​​ക്കി ഐ​​​ഐ​​​ടി​​​ക​​​ളും ശാ​​​സ്ത്ര, സാ​​​ങ്കേ​​​തി​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളും ആ​​​രോ​​​ഗ്യസ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​ല്‍ ജ​​​വ​​​ഹ​​​ല്‍ലാ​​​ല്‍ നെ​​​ഹ്‌​​​റു മു​​​ത​​​ലു​​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​ര്‍ സ്വീ​​​ക​​​രി​​​ച്ച നി​​​ല​​​പാ​​​ടാ​​​ണ് ഇ​​​ന്ത്യ​​​ക്കു ക​​​രു​​​ത്താ​​​യ​​​ത്.

ബ​​​ഹു​​​സ്വ​​​ര​​​ത​​​യു​​​ടെ ഘോ​​​ഷം

സാ​​​മ്പ​​​ത്തി​​​ക, സൈ​​​നി​​​ക, സാ​​​ങ്കേ​​​തി​​​ക, മാ​​​ന​​​വശ​​​ക്തി എ​​​ന്ന​​​തു ന​​​ല്ല കാ​​​ര്യം. എ​​​ന്നാ​​​ല്‍ അ​​​നീ​​​തി​​​ക​​​ളും ചൂ​​​ഷ​​​ണ​​​ങ്ങ​​​ളും അ​​​സ​​​ഹി​​​ഷ്ണു​​​ത​​​യും വ​​​ള​​​രു​​​ന്ന​​​ത് ആ​​​പ​​​ത്ക​​​ര​​​മാ​​​ണ്. പ​​​ര​​​സ്പ​​​ര ബ​​​ഹു​​​മാ​​​ന​​​വും തു​​​ല്യ​​​നീ​​​തി​​​യും സ​​​ഹി​​​ഷ്ണു​​​ത​​​യു​​​മാ​​​ണ് യ​​​ഥാ​​​ര്‍ഥ ഭാ​​​ര​​​ത സം​​​സ്‌​​​കാ​​​രം. തു​​​ല്യ​​​നീ​​​തി, സ​​​മ​​​ത്വം, ബ​​​ഹു​​​സ്വ​​​ര​​​ത, സ​​​ഹി​​​ഷ്ണു​​​ത, മ​​​തേ​​​ത​​​ര​​​ത്വം തു​​​ട​​​ങ്ങി​​​യ പ്ര​​​മാ​​​ണ​​​ങ്ങ​​​ള്‍ ഓ​​​രോ ഇ​​​ന്ത്യ​​​ക്കാ​​​ര​​​ന്‍റെ​​​യും ഹൃ​​​ദ​​​യ​​​ത്തി​​​ലു​​​റ​​​പ്പി​​​ക്ക​​​ണം. ഭൂ​​​മി​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യ അ​​​സ്തി​​​ത്വം മാ​​​ത്ര​​​മ​​​ല്ല ഇ​​​ന്ത്യ​​​യെ​​​ന്ന മ​​​ഹാ​​​രാ​​​ജ്യം. സം​​​സ്കാ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ശ്വാ​​​സ​​​ങ്ങ​​​ളു​​​ടെ​​​യും ഭാ​​​ഷ​​​ക​​​ളു​​​ടെ​​​യും ബാ​​​ഹു​​​ല്യം സ​​​വി​​​ശേ​​​ഷ​​​മാ​​​ക്കി​​​യ രാ​​​ജ്യ​​​മാ​​​ണ് ഇ​​​ന്ത്യ.

വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ ആ​​​ശ​​​യ​​​ങ്ങ​​​ള്‍, പ്ര​​​തി​​​ഭ, ത​​​ത്ത്വ​​​ശാ​​​സ്ത്രം, ബൗ​​​ദ്ധി​​​ക​​​ത, നൈ​​​പു​​​ണ്യം, ന​​​വ​​​വി​​​ധാ​​​നം, അ​​​നു​​​ഭ​​​വ​​​പ​​​രി​​​ജ്ഞാ​​​നം, ശാ​​​സ്ത്ര​​​പ​​​രി​​​ജ്ഞാ​​​നം, മൂ​​​ല്യാ​​​ധി​​​ഷ്ഠി​​​ത വി​​​ദ്യാ​​​ഭ്യാ​​​സം, പ​​​ര​​​സ്പ​​​ര ബ​​​ഹു​​​മാ​​​നം, സ​​​ഹ​​​വ​​​ര്‍ത്തി​​​ത്വം എ​​​ന്നി​​​വ​​​യെ​​​ല്ലാം ചേ​​​ര്‍ന്ന​​​താ​​​ക​​​ണം ഇ​​​ന്ത്യ. മ​​​തം, ജാ​​​തി, വ​​​ര്‍ണം, വ​​​ര്‍ഗം, ഭാ​​​ഷ, വ​​​സ്ത്രം, ഭ​​​ക്ഷ​​​ണം, പ്രാ​​​ദേ​​​ശി​​​ക​​​ത തു​​​ട​​​ങ്ങി​​​യ വേ​​​ലി​​​ക്കെ​​​ട്ടു​​​ക​​​ളി​​​ല്ലാ​​​തെ സ്‌​​​നേ​​​ഹ​​​ത്തി​​​ലും സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ലും സ​​​ഹ​​​വ​​​ര്‍ത്തി​​​ത്വ​​​ത്തി​​​ലും ഐ​​​ക്യ​​​ത്തോ​​​ടെ നി​​​ല​​​കൊ​​​ള്ളു​​​ന്ന ജ​​​ന​​​ത​​​യാ​​​ക​​​ണം ഇ​​​ന്ത്യ.

ഭ​​​യ​​​ത്തി​​​ന്‍റെ ത​​​ട​​​വ​​​റ ത​​​ക​​​ര​​​ട്ടെ

നെ​​​ല്‍സ​​​ണ്‍ മ​​​ണ്ഡേ​​​ല പ​​​റ​​​ഞ്ഞ​​​താ​​​ണു ശ​​​രി. “സ്വ​​​ത​​​ന്ത്ര​​​നാ​​​കു​​​ക എ​​​ന്ന​​​ത് ഒ​​​രാ​​​ളു​​​ടെ ച​​​ങ്ങ​​​ല​​​ക​​​ള്‍ വ​​​ലി​​​ച്ചെ​​​റി​​​യു​​​ക മാ​​​ത്ര​​​മ​​​ല്ല, മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​​ത്തെ ബ​​​ഹു​​​മാ​​​നി​​​ക്കു​​​ക​​​യും പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന രീ​​​തി​​​യി​​​ല്‍ ജീ​​​വി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ്.” “സ്വാ​​​ത​​​ന്ത്ര്യം, അ​​​തു വേ​​​രു​​​റ​​​പ്പി​​​ക്കാ​​​ന്‍ തു​​​ട​​​ങ്ങു​​​മ്പോ​​​ള്‍, ദ്രു​​​ത​​​ഗ​​​തി​​​യി​​​ല്‍ വ​​​ള​​​ര്‍ച്ച​​​യു​​​ള്ള ഒ​​​രു ചെ​​​ടി​​​യാ​​​ണ്” എ​​​ന്ന് ജോ​​​ര്‍ജ് വാ​​​ഷിം​​​ഗ്ട​​​ണ്‍ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ഇ​​​ന്ത്യ​​​ക്കാ​​​ര്‍ക്ക് അ​​​ഭി​​​പ്രാ​​​യം, വി​​​ശ്വാ​​​സം, സാ​​​മ്പ​​​ത്തി​​​കം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ്വാ​​​ത​​​ന്ത്ര്യ​​​വും തു​​​ല്യ​​​നീ​​​തി​​​യും ഇ​​​ന്നും കി​​​ട്ടാ​​​ക്ക​​​നി​​​യാ​​​ണ്.

“ഭ​​​യ​​​മാ​​​ണ് ഏ​​​ക യ​​​ഥാ​​​ര്‍ഥ ജ​​​യി​​​ല്‍, ഒ​​​രേ​​​യൊ​​​രു യ​​​ഥാ​​​ര്‍ഥ സ്വാ​​​ത​​​ന്ത്ര്യം ഭ​​​യ​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യ​​​മാ​​​ണ്”- ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ​​യ്ക്കൊപ്പം 2017 ന​​​വം​​​ബ​​​റി​​​ല്‍ മ്യാ​​​ന്‍മ​​​റി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ള്‍ ഓങ് സാ​​​ങ് സൂ​​​ചി പ​​​റ​​​ഞ്ഞ ഈ ​​​വാ​​​ക്കു​​​ക​​​ള്‍ ന​​​മു​​​ക്കു ദ​​​ര്‍ശ​​​ന​​​മാ​​​ക​​​ട്ടെ.

Advertisment