‘തെരഞ്ഞെടുപ്പിനു മതിയോ പ്രവര്‍ത്തകര്‍?’ അമിത്ഷായെ പരിഹസിച്ച് കെജ്‌രിവാള്‍

ഉല്ലാസ് ചന്ദ്രൻ
Saturday, January 25, 2020

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഡല്‍ഹിയിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍നിന്നു ഭക്ഷണം കഴിക്കുന്ന ഫോട്ടോ ട്വീറ്റ് ചെയ്ത ആഭ്യന്തര മന്ത്രി അമിത്ഷായെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ബി.ജെ.പി ഒരു രാഷ്ട്രീയപ്പാര്‍ട്ടി മാത്രമല്ലെന്നും ഒരു കുടുംബമാണെന്നും ഒരുമിച്ചു രാജ്യത്തെ ശക്തമാക്കുമെന്നുമായിരുന്നു അമിത് ഷാ ട്വിറ്ററില്‍ കുറിച്ചിരുന്നു.

‘സര്‍, തെരഞ്ഞെടുപ്പു വന്നപ്പോഴാണ് അങ്ങ് പ്രവര്‍ത്തകരെ ഓര്‍ത്തത്. കഴിഞ്ഞ അഞ്ചു വര്‍ഷം വിലക്കയറ്റം ജീവിതം ദുസ്സഹമാക്കിയപ്പോഴും അവരുടെ മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍, 24 മണിക്കൂര്‍ വൈദ്യുതി, സൗജന്യ ബസ് യാത്ര എന്നിവ അവര്‍ക്കു നല്‍കിയത് ആരെന്ന് ബി.ജെ.പി പ്രവര്‍ത്തകരോടു ചോദിക്കണം’ – കേജ്രിവാള്‍ തന്റെ ട്വീറ്റിലൂടെ പരിഹാസരൂപേണ ആവശ്യപ്പെട്ടു.

ഡല്‍ഹിയിലെ രണ്ടു കോടി ജനങ്ങള്‍ ഒരു കുടുംബം പോലെയാണു കഴിയുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷം ഞങ്ങള്‍ ഡല്‍ഹിയെ അടിമുടി മാറ്റി. മറ്റൊരു ട്വീറ്റിലൂടെ അദ്ദേഹം പറഞ്ഞു. ഇവരെല്ലാവരും തന്റെ കുടുംബമാണെന്നും മൂത്തമകനെപ്പോലെ ഞാന്‍ അവരുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നുവെന്നും കേജ്‌രിവാള്‍ തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി.

ഇന്നലെയാണ് രാത്രി യമുനാ വിഹാറില്‍ പ്രചാരണത്തിന് ശേഷം പ്രദേശത്തെ ഒ.ബി.സി വിഭാഗത്തില്‍നിന്നുള്ള ബി.ജെ.പി നേതാവിന്റെ വീട്ടില്‍ നിന്ന് അമിത് ഷായും ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരിയും ഭക്ഷണം കഴിക്കാനെത്തിയത്. ഇതിന്റെ ചിത്രമായിരുന്നു അമിത് ഷാ ട്വീറ്റ് ചെയ്തത്.

×