ഡല്‍ഹി തെരഞ്ഞെടുപ്പ്: ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് സര്‍വേ ഫലം

ഉല്ലാസ് ചന്ദ്രൻ
Monday, January 27, 2020

ന്യൂഡല്‍ഹി: തലസ്ഥാനത്തെ തെരഞ്ഞെടുപ്പ് രാജ്യം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അരവിന്ദ് കെജ്‌രിവാളിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അതേസമയം, തലസ്ഥാനത്ത് അധികാരത്തിലെത്തുക എന്നത് ബി.ജെ.പി അഭിമാനപ്രശ്‌നമാണ്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ന്യൂസ് എക്സ്- പോള്‍സ്ട്രാറ്റ് അഭിപ്രായ സര്‍വെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് സര്‍വെ പ്രവചിക്കുന്നു. എന്നാല്‍, അരവിന്ദ് കെജ്‌രിവാളിന്റെ നേതത്വത്തില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തും. 70 അംഗ നിയമസഭയില്‍ 53 മുതല്‍ 56 വരെ സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തുക. എന്നാല്‍ 2015-ല്‍ നേടിയ ചില സീറ്റുകള്‍ ഇപ്രാവശ്യം ആം ആദ്മി പാര്‍ട്ടിക്ക് നഷ്ടപ്പെടുമെന്നും സര്‍വെയില്‍ പ്രവചിക്കുന്നു. കഴിഞ്ഞ പ്രാവശ്യം 70-ല്‍ 67 സീറ്റുകളും നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്.

ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റം നടത്താനാകും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേടിയത് വെറും മൂന്ന് സീറ്റുകളായിരുന്നു, ഇപ്രാവശ്യം ഇത് 12 മുതല്‍ 15 വരെ ലഭിക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് രണ്ടു മുതല്‍ നാല് വരെ സീറ്റുകള്‍ നേടും. 48.56 ശതമാനം വോട്ട് ആംആദ്മി പാര്‍ട്ടിക്ക് ലഭിക്കുമ്പോള്‍ 31 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് ലഭിക്കുക.

×