പ്രക്ഷോഭത്തെ പൊളിക്കാനായി സമരത്തിനു വന്ന ഒരുവിഭാഗം സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ഗൂഢാലോചന നടത്തി; അക്രമത്തിന് പിന്നില്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയെന്ന് സംയുക്ത സമരസമിതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, January 27, 2021

ഡല്‍ഹി: പ്രക്ഷോഭത്തെ പൊളിക്കാനായി കേന്ദ്രസര്‍ക്കാര്‍ സമരത്തിനു വന്ന ഒരുവിഭാഗം സംഘടനകളുമായി ഗൂഢാലോചന നടത്തിയെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. സമരത്തിന്റെ ഭാവി പരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ആരോപണം.

കര്‍ഷക പ്രക്ഷോഭത്തില്‍ വിരണ്ട കേന്ദ്രസര്‍ക്കാര്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയിലെ ചിലരുമായി നീചമായ ഗൂഢാലോചന നടത്തിയെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഡല്‍ഹിയില്‍ അക്രമം അഴിച്ചുവിട്ടവരുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന മുന്‍നിലപാട് സംയുക്ത സമരസമിതി ആവര്‍ത്തിച്ചു. പ്രക്ഷോഭം തുടങ്ങി 15 ദിവസം കഴിഞ്ഞപ്പോള്‍ ഒരുവിഭാഗം സ്വന്തം നിലയ്ക്ക് സമരം ആരംഭിച്ചിരുന്നു. സംയുക്ത സമരസമിതിയുമായി അവര്‍ക്ക് ബന്ധമൊന്നുമില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒന്‍പത് കര്‍ഷക നേതാക്കള്‍ക്ക് എതിരെ ഡല്‍ഹി പൊലീസ് കേസെടുത്തെന്നാണ് റിപ്പോര്‍ട്ട്. യേഗേന്ദ്ര യാദവ്, രാകേഷ് തികായത്, ദര്‍ശന്‍ പാല്‍ അടക്കമുള്ള നേതാക്കള്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

ട്രാക്ടര്‍ റാലിക്ക് അനുമതി നേടിയെടുക്കാന്‍ വേണ്ടി ഡല്‍ഹി പൊലീസുമായി ചര്‍ച്ച നടത്തിയ നേതാക്കളാണ് ഇവര്‍. സംഘര്‍ഷമുണ്ടായത് ഇവര്‍ കൂടി അറിഞ്ഞിട്ടാണെന്ന നിലപാടിലാണ് ഡല്‍ഹി പൊലീസ്.

×