Advertisment

വാഹനാപകടത്തില്‍ മരിച്ചവരുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹത; സുപ്രധാന വിധിയുമായി ഡല്‍ഹി ഹൈക്കോടതി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ മരിച്ചവരുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ മാതാപിതാക്കള്‍ക്ക് മക്കളെ ആശ്രയിച്ച് ജീവിക്കേണ്ടി വരുന്നു. വാഹനാപകടത്തില്‍ ആശ്രിതരെ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത് അനീതിയാണെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

ചിലപ്പോള്‍ അപകടസമയത്ത് മാതാപിതാക്കള്‍ മക്കളെ ആശ്രയിച്ച് ജീവിക്കുന്ന ഘട്ടമായിട്ടില്ലെങ്കില്‍ പോലും ജീവിതത്തിന്റെ പിന്നീടുള്ള ഘട്ടത്തില്‍ സാമ്പത്തികമായും വൈകാരികമായും മക്കളെ ആശ്രയിക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ജെ.ആര്‍. മിധ പറഞ്ഞു. ജീവിതത്തിന്റെ ആദ്യ ഘട്ടത്തില്‍ കുട്ടികള്‍ മാതാപിതാക്കളെ ആശ്രയിക്കുന്നത് പോലെയാണിതെന്നും ജസ്റ്റിസ് മിധ പറഞ്ഞു.

2008-ല്‍ റോഡപകടത്തില്‍ 23 വയസുള്ള മകനെ നഷ്ടപ്പെട്ട സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചുള്ള കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഈ കേസില്‍ നഷ്ടപരിഹാര തുക കോടതി 2.42 ലക്ഷത്തില്‍ നിന്ന് 6.80 ലക്ഷമായി ഉയര്‍ത്തുകയും ചെയ്തു.

അശ്രദ്ധമായി വാഹനമോടിച്ചതിനാലാണ് അപകടുണ്ടായതെന്നും മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കേണ്ട സാഹചര്യമില്ലെന്നും വാദമുയര്‍ന്നിരുന്നു. അപകടത്തില്‍ മരിച്ച യുവാവിന്റെ പിതാവ് ഡല്‍ഹി പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്നയാളാണെന്നും അതുകൊണ്ട് മാതാപിതാക്കള്‍ ഈ യുവാവിനെ ആശ്രയിച്ച് ജീവിക്കേണ്ട സാഹചര്യമില്ലെന്നും വാദമുയര്‍ന്നു.

എന്നാല്‍ വാര്‍ധക്യകാലത്ത് സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ കഴിയാത്ത ഘട്ടത്തില്‍ മാതാപിതാക്കള്‍ക്ക് പിന്തുണ നല്‍കാന്‍ മക്കള്‍ ബാധ്യസ്ഥരാണെന്നും നിയമപ്രകാരം മാതാപിതാക്കളുടെ ആശ്രിതരായാണ് മക്കളെ പരിഗണിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് അപകടസമയത്ത് മരണപ്പെട്ടയാളുടെ മാതാപിതാക്കള്‍ അദ്ദേഹത്തെ ആശ്രയിക്കുന്നില്ലെങ്കിലും നഷ്ടപരിഹാരം നിഷേധിക്കുന്നത് അന്യായമാണെന്നും കോടതി വ്യക്തമാക്കി.

കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയര്‍, ഹിന്ദു അഡോപ്ഷന്‍ & മെയിന്റനന്‍സ് ആക്ട്, മെയിന്റനന്‍സ് & വെല്‍ഫെയര്‍ ഓഫ് പേരന്റ്‌സ് & സീനിയര്‍ സിറ്റിസണ്‍സ് ആക്ട് എന്നിവയിലെ വ്യവസ്ഥകളും പരിഗണിച്ചാണ് കോടതി ഇത്തരമൊരു വിധിന്യായത്തിലെത്തിയത്.

വിധിന്യായത്തിന്റെ പകര്‍പ്പ് രജിസ്ട്രാര്‍ ജനലിന് അയക്കണമെന്നും അത് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലുകള്‍ക്ക് വിതരണം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Advertisment