പൂക്കളെ സ്നേഹിച്ചിരുന്ന ചാച്ചാജിയുടെ ഓർമയ്ക്കായി കുരുന്നുകൾ ശിശുദിനത്തിൽ റോസാപ്പൂ പരസ്പരം കൈമാറാറുണ്ട്. നെഹ്റുവിന്റെ വസ്ത്രത്തിൽ എപ്പോഴും റോസാപ്പൂ കാണാറുമുണ്ട്.
റോസാപ്പൂവിനു പിന്നിലെ കഥ:
ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം ധാരാളം പേർ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർ നെഹ്റുവിനെ കാണാൻ ദിവസം എത്താറുണ്ടായിരുന്നു.ഒരു ദിവസം ഗ്രാമവാസിയായ ഒരു സ്ത്രീ നെഹ്‌റുവിന് ഒരു റോസാപ്പൂ സമ്മാനമായിനല്‍കുവാനായി ക്യൂവിൽനിന്നു.
എന്നാൽ സുരക്ഷാ ജീവനക്കാർ അവരെ നെഹ്റുവിന് അടുത്തേക്ക് കടത്തിവിട്ടില്ല.വിലപിടിച്ച സമ്മാനങ്ങളും മനോഹരമായി വസ്ത്രം ധരിച്ച സന്ദർശകരെയുമാണ് അവർ കടത്തിവിട്ടത്.
ഇത് ആ സ്ത്രീയിൽ മാനസിക വിഷമമുണ്ടാക്കി. തന്റെ വീട്ടുമുറ്റത്ത് വളർന്ന റോസാപ്പൂവല്ലാതെ മറ്റൊന്നും സമ്മാനമായി നൽകാൻ ആ സ്ത്രീക്ക് ഇല്ലായിരുന്നു. പക്ഷേ നെഹ്റുവിന് തന്റെ സമ്മാനം എങ്ങനെയും നൽകണമെന്ന ആഗ്രഹത്താൽ ഓരോ ദിവസവും റോസാപ്പൂവുമായി അവർ കാണാനെത്തി.
ഈ വിവരം നെഹ്റു അറിഞ്ഞില്ല. ഒരു ദിവസം സുരക്ഷാ ജീവനക്കാരുമായി സ്ത്രീ തർക്കിക്കുന്നത് നെഹ്റുവിന്റെ ശ്രദ്ധയിൽപ്പെട്ടു.
അവരെ കടത്തി വിടാൻ നിർദേശിച്ചു. അവർ കൊണ്ടുവന്ന റോസാപ്പൂ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും കുപ്പായത്തിന്റെ ഒരു ഭാഗത്ത് കുത്തിവയ്ക്കുകയും ചെയ്തു. സമ്മാനമെന്തായാലും അത് തരാനുളള മനസിനെ നെഹ്റു പ്രകീർത്തിച്ചു. പിന്നീട് നെഹ്റുവിന്റെ അടയാളമായി റോസാപ്പൂ മാറി.