ന്യൂഡൽഹി: ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഉൾപ്പെടാതിരുന്നതോടെ ടീം മാനേജ്മെന്റിനും ബിസിസിഐക്കുമെതിരെ വീണ്ടും ആരാധകരോഷം. രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ വ്യാപക വിമർശനമുയർന്നതോടെ അടുത്ത മത്സരത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.
/sathyam/media/post_attachments/c0hjEcQ3Jwk2e0meArJs.jpg)
പക്ഷേ ഓൾറൗണ്ടറായ ദീപക് ഹൂഡയ്ക്ക് വീണ്ടും അവസരം നൽകാൻ തീരുമാനിച്ചതോടെ സഞ്ജു പുറത്താകുകയായിരുന്നു. എന്നാൽ ബാറ്റിങ്ങിൽ ദീപക് ഹൂഡയും നാലമാനായി ഇറങ്ങിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഇന്നും നിരാശപ്പെടുത്തിയതോടെയാണ് സഞ്ജുവിനായി വീണ്ടും മുറവിളി ഉയരുകയാണ്.
കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരും സഞ്ജുവിനെ പിന്തുണച്ചെത്തിയവരിലുണ്ട്. ഋഷഭ് പന്തിനെ പിന്തുണച്ച് മുഖ്യപരിശീലകൻ വി.വി.എസ്.ലക്ഷ്മൺ നടത്തിയ പ്രസ്താവന ചൂണ്ടിക്കാണിച്ചാണ് തരൂരിന്റെ വിമർശനം. ‘
‘നാലാം നമ്പറിൽ ഋഷഭ് പന്ത് മികച്ച പ്രകടനം കാഴ്ചവച്ചു, അതിനാൽ അദ്ദേഹത്തെ പിന്തുണയ്ക്കേണ്ടത് പ്രധാനമാണെന്നാണ് ലക്ഷ്മണ്‍ പറയുന്നത്. തന്റെ അവസാന 11 ഇന്നിങ്സുകളിൽ പത്തിലും പരാജയപ്പെട്ട ഫോമിലല്ലാത്ത ഒരു മികച്ച കളിക്കാരനാണ് പന്ത്; ഏകദിനത്തിൽ 66 ശരാശരിയും അവസാന അഞ്ച് മത്സരങ്ങളിലും റൺസ് നേടിയിട്ടും സഞ്ജു ബെഞ്ചിലാണ്. വസ്തുത മനസ്സിലാക്കൂ..’’– ശശി തരൂർ ട്വീറ്റ് ചെയ്തു.
ഋഷഭ് പന്ത് ഔട്ടായതിനു പിന്നാലെ വീണ്ടും ട്വീറ്റുമായി തരൂർ എത്തി. ‘‘വൈറ്റ്-ബോൾ ക്രിക്കറ്റിൽനിന്ന് ഒരു ഇടവേള ആവശ്യമുള്ള പന്തിന് ഒരു പരാജയം കൂടി. സഞ്ജു സാംസണിന് ഒരു അവസരം കൂടി നിഷേധിച്ചു. അദ്ദേഹത്തിന് ഇനി ഐപിഎൽ വരെ കാത്തിരിക്കണം, താൻ ഇന്ത്യയിലെ ഏറ്റവും മികച്ച ടോപ് ഓർഡർ ബാറ്റ്‌മാരിൽ ഒരാളാണെന്ന് തെളിയിക്കാൻ.’’– തരൂർ ട്വിറ്ററിൽ പറഞ്ഞു.