ന്യൂഡൽഹി: തന്നെ കൂട്ടം ചേർന്ന് പീഡിപ്പിക്കുകയും തന്റെ മൂന്നു വയസ്സുള്ള കുട്ടി ഉൾപ്പെടെ 7 കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കോടതി ജീവപര്യന്തരം ശിക്ഷിച്ച 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ച നടപടിക്കെതിരെ ബിൽക്കിസ് ബാനു സുപ്രീം കോടതിയിൽ അപ്പീൽ നൽകി.
അപ്പീൽ വേഗത്തിൽ കേൾക്കാമോ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് ബിൽക്കിസ് ബാനുവിന്റെ അഭിഭാഷക േചാദിച്ചു. പ്രതികളെ മോചിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന സുപ്രീം കോടതി വിധിക്കെതിരെ ബിൽക്കിസ് ബാനു പുനഃപരിശോധനാ ഹർജിയും നൽകി.
ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടിക്കെതിരെ സുപ്രീം കോടതിയിൽ നിരവധി ഹർജികൾ പരിഗണനയിലുണ്ട്. ഇതിനിടെയാണ് ബിൽക്കിസ് ബാനു നേരിട്ട് കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നടന്നത് മഹാരാഷ്ട്രയിലാണെന്നും പ്രതികളെ വിട്ടയയ്ക്കുന്ന കാര്യത്തിൽ ഗുജറാത്തല്ല, മഹാരാഷ്ട്രയാണ് തീരുമാനമെടുക്കേണ്ടതെന്ന് ബിൽക്കിസ് ബാനു ഹർജിയിൽ പറയുന്നു.