അഹമ്മദാബാദ്: ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. ബിജെപിക്കാണ് ആദ്യ ലീഡ്. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി 60 സീറ്റിലും കോൺഗ്രസ് 22 സീറ്റിലും എഎപി 3 ലീഡ് ചെയ്യുന്നു.
/sathyam/media/post_attachments/GbN86RZMJYZtFbrKQKVq.jpg)
27 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയെയും പ്രതിപക്ഷമായ കോൺഗ്രസിനെയും വെല്ലുവിളിച്ച് ആം ആദ്മി പാർട്ടിയും (എഎപി) ഇത്തവണ രംഗത്തുണ്ട്. 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഗുജറാത്തിൽ ബിജെപി ഏഴാം തവണയും വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 99 സീറ്റും കോൺഗ്രസ് 77 സീറ്റുമാണു നേടിയത്.
182 അംഗ നിയമസഭയിലേക്ക് ഡിസംബർ ഒന്നിനും 5നും രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 63.14% പോളിങ് രേഖപ്പെടുത്തി. 2017ൽ 66.75% ആയിരുന്നു പോളിങ്. 788 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ മത്സരംഗത്തുണ്ടായത്.
14 ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. 833 സ്ഥാനാർഥികളാണു രണ്ടാം ഘട്ടത്തിൽ മത്സരിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ, ഹാർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി എന്നീ പ്രമുഖരുള്‍പ്പെടെ ജനവിധി തേടുന്നു.