Advertisment

ത്രിപുരയിൽ വാശിയേറിയ ചതുഷ്കോണ പോര്; ഇടത് മുന്നണി - കോൺഗ്രസ് സഖ്യം 56 സീറ്റുകളിൽ. സി.പി.ഐയും ആർ.എസ്.പിയും ഈ സഖ്യത്തിൽ; 60% ബംഗാളി ഹിന്ദു വോട്ടിൽ പ്രതീക്ഷയർപ്പിച്ച് ബി.ജെ.പി. നിർണായകമാവുക ഗോത്ര മേഖലയിലെ 20 സീറ്റുകൾ

New Update

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ ചതുഷ്കോണ മത്സരത്തിനൊരുങ്ങി ത്രിപുര. ഭരണ കക്ഷികളായ ബി.ജെ.പി - ഐ.പി.ടി.എഫ് സഖ്യവും സി.പി.എം നേതൃത്വം നൽകുന്ന ഇടത് മുന്നണി - കോൺഗ്രസ് സഖ്യവും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് പ്രദ്യോത് ദബർമന്റെ നേതൃത്വത്തിലുള്ള തിപ്രമോത പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവ തനിച്ചും തിരഞ്ഞെടുപ്പിനെ നേരിടുകയാണ്.

Advertisment

publive-image

സി.പി.എം 43 സീറ്റുകളിലും സഖ്യത്തിൽ മത്സരിക്കുന്ന കോൺഗ്രസ് 13 സീറ്റിലും മത്സരിക്കുന്നു. സി.പി.ഐ, ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികൾ മുന്നണിയുടെ ഭാഗമായി ഒരോ സീറ്റിലും മത്സരിക്കും. ഒരു സീറ്റ് ഇടത് സ്വതന്ത്രന് നൽകി. എന്നാൽ, ഈ ധാരണയ്ക്ക് വിപരീതമായി കോൺഗ്രസ് 17 സീറ്റിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

ഇന്നലെ ഈ 4 സീറ്റുകളിൽ നിന്ന് പിൻവാങ്ങാൻ കോൺഗ്രസ് സി.പി.എമ്മുമായി ധാരണയിലായി. എന്നാൽ, ഇരു പാർട്ടികളുടെയും അണികളിൽ ഭിന്നത രൂക്ഷമാണ്. തിപ്രമോത പാർട്ടിയുടെ ആവിർഭാവത്തോടെ ബി.ജെ.പി സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയുടെ സ്വാധീനം കുറഞ്ഞത് ബി.ജെ.പിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ 60 ശതമാനത്തോളം വരുന്ന ബംഗാളി ഹിന്ദു വോട്ടർമാരിൽ പ്രതീക്ഷയർപ്പിച്ചാണ് ബി.ജെ.പി നീങ്ങുന്നത്. ആകെയുള്ള 60 ൽ 55 സീറ്റിലും മത്സരിക്കുന്ന പാർട്ടി 5 സീറ്റ് മാത്രമാണ് ഐ.പി.എഫ്.ടിക്ക് വിട്ട് കൊടുത്തത്. കഴിഞ്ഞ അസംബ്ലിയിൽ അവർക്ക് 8 സീറ്റുകളുണ്ടായിരുന്നു. ത്രിപുര ഗോത്രമേഖലയിൽ ബി.ജെ.പി - ഐ.പി.എഫ്.ടി സഖ്യവും ഇടത് പക്ഷ- കോൺഗ്രസ് സഖ്യവും തിപ്രമോത പാർട്ടിയും തമ്മിൽ ത്രികോണ മത്സരമാണ് നടക്കുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യത്തിന് 51 ശതമാനം വോട്ട് ലഭിച്ചു. ഇടത് മുന്നണി 44 ശതമാനം വോട്ടുകളും കോൺഗ്രസിന് രണ്ട് ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. എന്നാൽ, 2019ലെ ലോക‌്സഭ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ബി.ജെ.പിക്ക് ഗോത്രവർഗ മേഖലയിൽ 2018ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ച 54 ശതമാനത്തിൽ നിന്ന് 37 ശതമാനമായി കുറഞ്ഞു. ഈ മേഖലയിൽ 17 ശതമാനം വോട്ട് ആണ് കുറഞ്ഞത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഈ മേഖലയിൽ

20 ൽ 18 സീറ്റുകളും ബി.ജെ.പി (10)- ഐ.ടി.എഫ്.ടി (8) സഖ്യം നേടി. എന്നാൽ, ലോക‌്സഭ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ബി.ജെ.പിക്ക് 13 ഗോത്രവർഗ സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യാനായത്. എന്നാൽ ബാക്കിയുള്ള സംസ്ഥാനത്തെ 40 ൽ 38 എണ്ണത്തിലും ബി.ജെ.പി ക്കായിരുന്നു ലീഡ്. ഇപ്പോൾ പ്രദ്യോത് ദബർമന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ സാന്നിദ്ധ്യവും കോൺഗ്രസ് ഇടത് മുന്നണിയുമായി ചേർന്ന് മത്സരിക്കുന്നതും ബി.ജെ.പിക്ക് വലിയ വെല്ലുവിളിയാണ്. 2021 ലെ ത്രിപുര ട്രൈബൽ ഏരിയ ഓട്ടോണമസ് ജില്ല കൗൺസിൽ തിരഞ്ഞെടുപ്പിൽ തിപ്രമോത പാർട്ടി തൂത്തുവാരിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ത്രിപുരയിലെത്തുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി, നദ്ദ സംസ്ഥാനത്ത് രണ്ട് തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. ഉനകോട്ടി ജില്ലയിലെ കുമാർഘട്ടിലും ഗോമതി ജില്ലയിലെ അമർപൂരിലും നടക്കുന്ന റാലികളിലാണ് പങ്കെടുക്കുന്നത്. ഫെബ്രുവരി 7,8 തീയതികളിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും 9 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ത്രിപുരയിലെത്തി തിരഞ്ഞെടുപ്പ് റാലികളിലും പ്രവർത്തക സമ്മേളനങ്ങളിലും പങ്കെടുക്കും.

അമിത് ഷാ മൂന്ന് ഘട്ടങ്ങളിലായി 10 റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ഘട്ടങ്ങളിലായി പടിഞ്ഞാറൻ, തെക്കൻ ത്രിപുരകളിൽ നിരവധി റാലികളെ അഭിസംബോധന ചെയ്യും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ കോൺഗ്രസിന് വേണ്ടിയും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മണിക് സർക്കാർ എന്നിവർ ഇടത് മുന്നണിക്ക് വേണ്ടിയും പ്രചാരണത്തിനിറങ്ങും.

തൃണമൂൽ കോൺഗ്രസിന് വേണ്ടി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എന്നിവർ ഫെബ്രുവരി 6,9 തീയ്യതികളിൽ റാലികളിലും റോഡ്ഷോകളിലും പങ്കെടുക്കും.

Advertisment