Advertisment

ഹൈഡ്രജൻ ട്രെയിനുകൾക്ക് പേര് വന്ദേ മെട്രോ! ഡിസംബറിൽ കന്നിയോട്ടം സിംല പൈതൃക പാതയിൽ. കേരളത്തിലും വരും ഹൈഡ്രജൻ ട്രെയിൻ. ഒരിക്കൽ ചാർജ്ജ് ചെയ്‌താൽ 1000 കിലോമീറ്റർ വരെ ഓടാം. മണിക്കൂറിൽ 140കിലോമീറ്റർ വരെ വേഗം !

New Update

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം ഇല്ലാത്ത പരിസ്ഥിതി സൗഹൃദ ഹൈഡ്രജൻ ട്രെയിനുകൾ ഡിസംബർ മുതൽ ഇന്ത്യയിലും ഓടിത്തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു. ഹിമാചൽ പ്രദേശിൽ കൽക്ക-സിംല ഹെറിറ്റേജ് പാതയിലാകും വന്ദേ മെട്രോ എന്ന പേരിലുള്ള ട്രെയിൻ ഓടിത്തുടങ്ങുക.

Advertisment

publive-image

പ്രവർത്തന ചെലവ്‌ കൂടുതലായതിനാൽ ഹൈഡ്രജൻ ട്രെയിനുകൾ ഉടൻ വ്യാപകമാകാനിടയില്ല. ലോകത്ത് ഇപ്പോഴും ശൈശവാവസ്ഥയിലുള്ള ഹൈഡ്രജൻ ട്രെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ട്രെയിനുകൾ വരുന്നത് ഹരിത സംരംഭങ്ങളിലേക്കുള്ള ഇന്ത്യയുടെ സുപ്രധാന ചുവടുവയ‌്പാണ്.

പരമ്പരാഗത ഡീസൽ എഞ്ചിനുകളിൽ നിന്ന് വ്യത്യസ‌്‌തമായി ഹൈഡ്രജൻ ഇന്ധന ബാറ്ററികളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് പ്രവർത്തനം. ഹൈഡ്രജനും ഒാക്‌സിജനും ചേർത്താണ് വൈദ്യുതിയുണ്ടാക്കുക. ഹൈഡ്രജൻ ട്രെയിനുകൾ കാർബൺ ഡൈ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ അല്ലെങ്കിൽ കണികാ പദാർത്ഥങ്ങൾ പോലുള്ള ദോഷകരമായ വസ്‌തുക്കൾ പുറത്തേക്ക് വിടില്ല.

ഹൈഡ്രജനും ഒാക്‌സിജനും ചേർന്നുള്ള രാസപ്രവർത്തനത്തിന്റെ ഫലമായുണ്ടാകുന്ന നീരാവിയും ഘനീഭവിച്ച വെള്ളവും മാത്രമാണ് ഉപയുൽപന്നങ്ങൾ. ശബ്‌ദ മലിനീകരണവുമില്ല. ഒരിക്കൽ ചാർജ്ജ് ചെയ്‌താൽ 1000 കിലോമീറ്റർ വരെ എൻജിൻ ഒാടിക്കാം. മണിക്കൂറിൽ 140കിലോമീറ്റർ വരെ വേഗതയുണ്ട്. ‌‌

ഹൈഡ്രജന്റെ ഉയർന്ന വില ഹൈഡ്രജൻ ട്രെയിനുകൾ വ്യാപകമാക്കുന്നതിന് തടസ്സമാണ്. ഹൈഡ്രജൻ എൻജിന്റെ പ്രവർത്തനച്ചെലവ് ഡീസൽ എഞ്ചിനേക്കാൾ 27ശതമാനം കൂടുതലായിരിക്കും. ഗ്രീൻ ഹൈഡ്രജന് ഇന്ത്യയിൽ കിലോയ്‌ക്ക് ഏകദേശം 492രൂപ വിലവരും.

ലോകത്തെവിടെയും വ്യാപകമായി ഉപയോഗിക്കാത്തതിനാൽ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് വിശദമായി പഠനം നടത്തേണ്ടി വരും. വന്ദേ മെട്രോ തുടക്കത്തിൽ കൽക്ക-സിംല റൂട്ടിലും തുടർന്ന് ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ, നീലഗിരി മൗണ്ടൻ റെയിൽവേ, മാഥേരൻ ഹിൽ റെയിൽവേ, കാൻഗ്ര വാലി, ബിൽമോറ വാഗായ്, മാർവാർ-ദേവ്ഗഢ് മദ്രിയ തുടങ്ങിയ ചരിത്രപ്രധാനമായ നാരോ ഗേജ് റൂട്ടുകളിലേക്കും വ്യാപിപിച്ചേക്കും. ടൂറിസത്തിന് പ്രാധാന്യമുള്ള റൂട്ടുകളിൽ പരിസ്ഥിതി സൗഹൃദ യാത്രയാണ് ലക്ഷ്യം.

ഹൈഡ്രജൻ ഇന്ധന ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ 2016ൽ ജർമ്മനിയിലാണ് അവതരിപ്പിച്ചത്. 2018-മുതൽ യാത്രാ സർവീസ് തുടങ്ങി. യുകെയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ, ഹൈഡ്രോഫ്ലെക്സ്, 2019 ൽ തുടങ്ങി. യു.എസ്, ചൈന, ജപ്പാൻ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിലും ഹൈഡ്രജൻ ട്രെയിനുകളുണ്ട്.

Advertisment