ബംഗാളിന് പുറത്ത് സർക്കാരുണ്ടാക്കാൻ തുനിഞ്ഞിറങ്ങി മമത. ത്രിപുരയിൽ പദയാത്ര നടത്തി പ്രചാരണം. ബംഗാളിലെപ്പോലെ സി.പി.എം-കോൺഗ്രസ് സഖ്യം പൊളിയുമെന്ന് പ്രവചനം. ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഭരിക്കുമെന്നും ദീദിക്ക് ആത്മവിശ്വാസം

New Update

ന്യൂഡൽഹി: സി.പി.എം- കോൺഗ്രസ് സഖ്യം പൊളിയുമെന്ന പ്രവചനവുമായി പശ്‌ചിമ ബംഗാളിന് പുറത്ത് സർക്കാരുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ത്രിപുരയിൽ പ്രചാരണം തുടങ്ങി. വിട്ടുവീഴ്ചകളിലൂടെ സഖ്യമുണ്ടാക്കാൻ പാർട്ടി ആഗ്രഹിക്കുന്നില്ല. അതിനാൽ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.

Advertisment

publive-image


അഗർത്തലയിൽ നടത്തിയ പദയാത്രയിൽ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയെയും ഭരണത്തിൽ തിരിച്ചെത്താൻ കോൺഗ്രസുമായി കൈകോർത്ത സി.പി.എമ്മിനെയും മമത ആക്രമിച്ചു. കേന്ദ്രവും സംസ്ഥാനവുംഭരിക്കുന്ന ഇരട്ട എൻജിൻ ബി.ജെ.പി സർക്കാരിനെ അട്ടിമറിക്കാൻ തൃണമൂലിന് മാത്രമെ കഴിയൂ എന്ന് മമത പറഞ്ഞു. ജനങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ നൽകാൻ കഴിയാത്ത പാർട്ടിയാണ് ബി.ജെ.പി.


ബി.ജെ.പി ഭരണത്തിന് കീഴിൽ ത്രിപുരയിൽ ജനാധിപത്യം തകർന്നു. പാർട്ടികൾക്ക് യോഗങ്ങൾ സംഘടിപ്പിക്കാൻ അനുവാദമില്ല. തങ്ങളുടെ നിരവധി നേതാക്കളെ അക്രമിച്ചു. പലരെയും ജയിലിടച്ചു. പ്രതിഷേധം അടിച്ചൊതുക്കി. മാദ്ധ്യമപ്രവർത്തകർക്ക് വാർത്ത ശേഖരിക്കാനുള്ള അവകാശം നഷ്ടപ്പെട്ടു.

ബംഗാളിലേതിന് സമാനമായി ത്രിപുരക്കാർ സി.പി.എം-കോൺഗ്രസ് സഖ്യത്തെ തള്ളിക്കളയുമെന്നും മമത ചൂണ്ടിക്കാട്ടി. ബംഗാളും ത്രിപുരയും ഭാഷ, സംസ്കാരം, ഭക്ഷണ ശീലങ്ങൾ എന്നിവയുൾപ്പെടെ സമാനതകളുണ്ടെന്നും പാർട്ടി അധികാരത്തിൽ വന്നാൽ മികച്ച സർക്കാർ രൂപീകരിക്കുമെന്നും മമത പറഞ്ഞു. ബംഗാളിലെ ജനപ്രിയമായ കന്യാശ്രീ, ലക്ഷ്മീർ ഭണ്ഡാർ തുടങ്ങിയ വികസന പരിപാടികൾ ത്രിപുരിയിലും നടപ്പാക്കും.

അതേസമയം, വർഷങ്ങളായി സി.പി.എം ചൂഷണത്തിന് വിധേയമാക്കിയ ത്രിപുരയുടെ മുഖച്ഛായ ബി.ജെ.പി മാറ്റിയെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറയുന്നത്. ഉനകോട്ടി ജില്ലയിലെ കൈലാഷഹറിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്റർനെറ്റിന്റെ സഹായത്തോടെ വടക്കുകിഴക്കൻ പ്രദേശങ്ങൾ ദ്രുതഗതിയിലുള്ള വികസനത്തിന് സാക്ഷ്യം വഹിക്കുന്നു. ത്രിപുര അക്ഷരാർത്ഥത്തിൽ സാമ്പത്തിക വികസനത്തിലേക്ക് കുതിക്കുകയാണ്.

 

സി.പി.എം ഭരണകാലത്ത് ഇല്ലായിരുന്ന അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴുണ്ട്. വൈദ്യുതി, ജല കണക്‌ഷനുകൾ, റോഡുകൾ എന്നിവ ലഭ്യമാണ്. ബി.ജെ.പി ഭരണത്തിൽ സ്‌ത്രീകൾക്ക് ബഹുമാനവും ആനുകൂല്യങ്ങളും ലഭിക്കുന്നു.


അക്രമം അവസാനിച്ചതിനാൽ ക്രമസമാധാനവും പുലരുന്നു. പാവപ്പെട്ടവരുടെ രക്ഷകരെന്ന് സ്വയം അവകാശപ്പെടുന്ന സി.പി.എം പാവപ്പെട്ട ജനങ്ങളെ വർഷങ്ങളായി ചൂഷണം ചെയ്തവരാണ്. അവർക്കായി ഒന്നും ചെയ്തില്ല. ജനങ്ങളാണ് ത്രിപുരയിൽ ബി.ജെ.പിയെ പൂജ്യത്തിൽ നിന്ന് നായക പദവിയിലെത്തിച്ചത്. മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബും റാലിയെ അഭിസംബോധന ചെയ്തു.

Advertisment