പെൺകുഞ്ഞ് ജനിച്ചാൽ 50,000 രൂപയുടെ ബോണ്ടും കോളേജ് വിദ്യാ‌ർത്ഥിനികൾക്ക് സൗജന്യമായി സ്കൂട്ടറും നൽകുമെന്ന് ബി.ജെ.പി പ്രകടന പത്രിക. ഡൽഹിയിൽ നിന്ന് ഹെലികോപ്ടറിൽ വോട്ടർമാർക്ക് നൽകാൻ ബി.ജെ.പി പണമെത്തിക്കുന്നെന്ന് സി.പി.എം. ത്രിപുരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിക്കുന്നു

New Update

ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിൽ പെൺകുഞ്ഞ് ജനിച്ചാൽ 50,000 രൂപയുടെ ബോണ്ടു നല്കുന്നതുൾപ്പെടെ നിരവധി വാഗ്ദാനങ്ങളുമായി ത്രിപുരയിൽ ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്തിറക്കി. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് പത്രിക പുറത്തിറക്കിയത്.

Advertisment

കോളേജ് വിദ്യാർത്ഥിനികൾക്ക് സൗജന്യ സ്കൂട്ടർ, പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് രണ്ട് സൗജന്യ എൽ.പി.ജി സിലിണ്ടറുകൾ, അഞ്ച് രൂപ നിരക്കിൽ മൂന്ന് നേരവും ഭക്ഷണം നല്കുന്ന കാന്റീനുകൾ,125-ാം ഭരണഘടന ഭേദഗതി ബില്ലിന്റെ ചട്ടക്കൂടിൽ കൂടുതൽ സ്വയം ഭരണാധികാരം നൽകിക്കൊണ്ട് ടി.ടി.എ.എ.ഡി.സി പുനഃസംഘന, റോഡ് അടിസ്ഥാന സൗകര്യങ്ങൾക്ക് 1,000 കോടിയുടെ പദ്ധതി, വിനോദ സഞ്ചാര മേഖലയിൽ 1,000 കോടി നിക്ഷേപിച്ച് ഒരു ലക്ഷം പേർക്ക് തൊഴിൽ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.

publive-image


തിരഞ്ഞെടുപ്പിന് ആറ് ദിവസങ്ങൾ കൂടി ബാക്കി നിൽക്കെ പ്രചാരണത്തിനായി കൂടുതൽ ദേശീയ നേതാക്കൾ ത്രിപുരയിലെത്തും. ഗണ്ഡച്ചേരയിൽ മഹാരാജ ബിർ ബിക്രം മാണിക്യ ട്രൈബൽ യൂണിവേഴ്സിറ്റി, ഭൂരഹിത കർഷകർക്ക് ഭുമിഹിൻ കിസാൻ വികാസ് യോജന പ്രകാരം പ്രതിവർഷം 8,000 രൂപ, കോളേജ് വിദ്യാർത്ഥികൾക്ക് 50,000 സ്മാർട്ട് ഫോണുകൾ തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്.


ന്യൂഡൽഹിയിൽ നിന്ന് വിമാനങ്ങളിലും ഹെലികോപ്ടറുകളിലുമെത്തുന്ന ബി.ജെ.പി നേതാക്കൾ വോട്ടർമാർക്ക് കൈക്കൂലി നൽകാനായി വൻതോതിൽ പണം കൊണ്ടുവരുന്നതായി ആരോപിച്ച് ത്രിപുര സി.പി.എം തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്തയച്ചു. നേതാക്കളുപയോഗിക്കുന്ന കോപ്ടറുകളും കാറുകളും പരിശോധിക്കണം. അഗർത്തലയിലെ എം.ബി.ബി വിമാനത്താവളത്തിൽ ചാർട്ടേഡ് ഫ്ലൈറ്റുകളുടെയും ഹെലികോപ്ടറുകളുടെയും എണ്ണം അസാധാരണമായി വർദ്ധിച്ചു.

രാത്രി ഒമ്പത് മണിക്ക് ശേഷമാണ് പണം സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. ചെക്ക്പോസ്റ്റുകളിൽ ഈ സമയങ്ങളിൽ ഉദ്യോഗസ്ഥരില്ല. വിമാനത്താവളങ്ങളിലെ ചാർട്ടേഡ് ഫ്ലൈറ്റുകൾ ഉൾപ്പെടെ പരിശോധിക്കാനും ചെക്ക്പോസ്റ്റുകളിൽ 24 മണിക്കൂർ ഡ്യൂട്ടി ഏർപ്പെടുത്താനും കമ്മിഷൻ ഇടപെടണമെന്നും ത്രിപുര റൂറൽ ലൈവ്‌ലി ഹുഡ് മിഷൻ വഴിയുള്ള സഹായ വിതരണം നിറുത്തി വയ്ക്കാൻ നിർദ്ദേശം നല്കണമെന്നും കത്തിൽ പറയുന്നു.

എന്നാൽ 2018 വരെ ത്രിപുരയിൽ നിലനിന്ന ഇടത് തീവ്രവാദവും അഴിമതിയും അവസാനിപ്പിച്ച് വികസനത്തിന്റെയും സമാധാനത്തിന്റെയും സ്വാഗത കവാടമായി ത്രിപുര മാറിയെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു. അഗർത്തലയിൽ ഖയേർപൂരിൽ വിജയ് സങ്കല്പ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അഞ്ച് വർഷം മുമ്പ് തങ്ങൾ വാഗ്ദാനം ചെയ്ത കാര്യങ്ങൾ നടപ്പാക്കി. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ച വീടിന്റെ ടെറസിൽ പാർട്ടി കോർ കമ്മിറ്റി യോഗം ചേർന്ന കാര്യം അറിയിക്കുന്നതിൽ സന്തോഷമുണ്ട്. 3.5 ലക്ഷം വീടുകളാണ് ത്രിപുരയിൽ നിർമ്മിച്ചത്. ബി.ജെ.പി സർക്കാർ ദരിദ്രർക്കും കർഷകർക്കും യുവാക്കൾക്കും സ്ത്രീകൾക്കും ചൂഷണത്തിനിരയായവർക്കും സമർപ്പിതമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment