ഡല്‍ഹി: ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം ചെലവ് ചുരുക്കലിലാണ് ഇലോണ്‍ മസ്‌ക്. ഇപ്പോള്‍ മൈക്രോബ്ലോഗിംഗ് കമ്പനിയുടെ ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ട്വിറ്റര്‍ ന്യൂഡല്‍ഹിയിലും മുംബൈയിലും ഉള്ള ഓഫീസുകള്‍ അടച്ചു. ബെംഗളൂരുവിലെ ഒരു ഓഫീസ് മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
/sathyam/media/post_attachments/rLcDnDYno94Q4ABVjwdf.jpg)
രണ്ട് ഓഫീസുകള്‍ അടച്ചുപൂട്ടിയ ശേഷം ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനി. എന്നാല്‍ ഇത് സംബന്ധിച്ച് കമ്പനി ഇതുവരെ പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല. ട്വിറ്റര്‍ കഴിഞ്ഞ വര്‍ഷം അവസാനം ഇന്ത്യയിലെ ജീവനക്കാരില്‍ 90 ശതമാനത്തിലധികം പേരെയും പിരിച്ചുവിട്ടിരുന്നു.
ഇപ്പോള്‍ ഡല്‍ഹി, മുംബൈ ഓഫീസുകള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. കൂടുതല്‍ എന്‍ജിനീയര്‍മാരുള്ള ബെംഗളൂരുവിലെ തെക്കന്‍ ടെക് ഹബ്ബിലുള്ള കമ്പനി ഓഫീസ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത് . 2023 അവസാനത്തോടെ ട്വിറ്ററിനെ സാമ്പത്തികമായി സുസ്ഥിരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശതകോടീശ്വരനായ എലോണ്‍ മസ്‌ക് ജീവനക്കാരെ പിരിച്ചുവിടുന്നതും ലോകമെമ്പാടുമുള്ള ഓഫീസുകള്‍ അടയ്ക്കുകയും ചെയ്യുന്നതെന്നാണ് ഒരു മാധ്യമ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ട്വിറ്റര്‍ അതിന്റെ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ സേവനമായ ട്വിറ്റര്‍ ബ്ലൂ ഇന്ത്യയില്‍ അവതരിപ്പിച്ചു. ട്വിറ്റര്‍ വെബ്സൈറ്റ് വഴി ആക്സസ് ചെയ്യുന്നവര്‍ക്ക് പ്രതിമാസം 650 രൂപ നിരക്കില്‍ കമ്പനി പുതിയ സബ്സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐഒഎസ് ആപ്പ് വഴി വരിക്കാരാകുന്ന ഉപയോക്താക്കള്‍ പ്രതിമാസം 900 രൂപ നല്‍കണം