ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ മുഖമുദ്രയാണ് ഇന്ത്യൻ പാർലമെന്റ്. ചരിത്രത്തെയും ഭാവിയെയും വേർതിരിക്കുന്ന ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം നാളെ രാഷ്ട്രത്തിനായി സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട് അദ്ദേഹംതന്നെ ഉദ്ഘാടനം ചെയ്യുന്ന ത്രികോണാകൃതിയിലുള്ള ആധുനിക പാർലമെന്റ് ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറ്റങ്ങളുടെ നേർസാക്ഷിയാകും.
രാഷ്ട്രപതിയെ മാറ്റിനിർത്തി പ്രധാനമന്ത്രിതന്നെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങളൊന്നും ചടങ്ങിന്റെ പ്രാധാന്യം കുറയ്ക്കില്ല. കോണ്‍ഗ്രസ് അടക്കമുള്ള രാജ്യത്തെ 19 പ്രധാന പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത് അത്യപൂർവ പ്രതിഷേധമായി.
രാഷ്ട്രപതി തലവനായ പാർലമെന്റിന്റെ ഉദ്ഘാടനത്തിൽനിന്ന് വനിതയും ആദിവാസിയുമായ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ഒഴിവാക്കിയതിന്റെ അനൗചിത്യ വിവാദങ്ങളൊന്നും പ്രധാനമന്ത്രി മോദിയുടെ മനം മാറ്റിയില്ല. നാളെ ഉച്ചയ്ക്ക് 12ന് ലോക്സഭാ സ്പീക്കർ ഓം ബിർല അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി മോദി പാർലമെന്റ് ഉദ്ഘാടനം ചെയ്യുമെന്ന ഔദ്യോഗിക ക്ഷണപത്രം മന്ത്രിമാരും എംപിമാരും അടക്കമുള്ളവർക്കു കിട്ടി.
രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ നിയോഗിക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജിയെത്തി. വിശദാംശങ്ങളിലേക്കു കടക്കാതെ കോടതി ഹർജി തള്ളിയെങ്കിലും ചില ചോദ്യങ്ങൾ ഉത്തരം കിട്ടാതെ ശേഷിക്കും. ഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികളും ഉദ്ഘാടനം ബഹിഷ്കരിച്ചതും ബിഎസ്പി, ബിജെഡി, വൈഎസ്ആർ കോണ്‍ഗ്രസ് തുടങ്ങിയവർ കേന്ദ്രതീരുമാനത്തെ അനുകൂലിച്ചതും ചടങ്ങിലെ രാഷ്ട്രീയ വേർതിരിവും വെളിവാക്കി.
സന്ദേശമായി സത്യമേവ ജയതേ
പുതിയ പാർലമെന്റിന്റെ പ്രവേശന കവാടത്തിൽ ‘സത്യമേവ ജയതേ’ എന്നു ഹിന്ദിയിൽ എഴുതിയിട്ടുണ്ട്. ത്രികോണാകൃതിയിൽ നാലു നില കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിനു മുകളിൽ 21 അടി ഉയരമുള്ള തൂണിൽ ഘടിപ്പിച്ച അശോകചിഹ്നം തലയെടുപ്പോടെ അകലെ കാണാനാകും. പാർലമെന്റ് സ്ട്രീറ്റ് (സൻസദ് മാർഗ്), റെയ്സീന റോഡ്, റെഡ് ക്രോസ് റോഡ് എന്നിവിടങ്ങളിൽനിന്നെല്ലാം പുതിയ പാർലമെന്റ് ദൃശ്യമാണ്.
പഴയ പാർലമെന്റ് മന്ദിരത്തോടു ചേർന്നാണു പുതിയത് നിർമിച്ചത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് മുന്‍പുണ്ടായിരുന്ന സ്ഥലത്താണ് പുതിയതു പടുത്തുയർത്തിയത്. കാർ പാർക്കിംഗ് പ്രധാനമായും ഇനി അണ്ടർഗ്രൗണ്ടിലാകും. തലസ്ഥാന നഗരിയിൽത്തന്നെ സൗകര്യപ്രദമായ മറ്റൊരിടത്തു പുതിയ പാർലമെന്റ് സമുച്ചയം നിർമിക്കണമെന്ന നിർദേശം തള്ളിക്കളഞ്ഞാണു പഴയതിനോടു ചേർന്ന് പുതിയതും ഒരേ സ്ഥലത്ത് ഞെക്കിഞെരുക്കി സ്ഥാപിച്ചത്.
അനിവാര്യമായ പുതിയ പാർലമെന്റ്
പുതിയ പാർലമെന്റിലെ ലോക്സഭയിൽ 888 സീറ്റുകളുണ്ട്. രാജ്യസഭയിൽ 383 ഇരിപ്പിടങ്ങളാണുള്ളത്. ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിനായി ഇവ ഒന്നാകും. ലോക്സഭാ, രാജ്യസഭാ ഹാളിനു പിന്നിലെ മറ മാറ്റുന്പോഴാകും ആകെ 1,272 ഇരിപ്പിടങ്ങളുള്ള വലിയ ഹാളായി മാറുക. ചരിത്രപരമായ സെൻട്രൽ ഹാൾ ഇല്ലാതാകുന്നതിനു പകരമായാണ് ഇരിപ്പിടങ്ങളുടെ എണ്ണം കൂട്ടാവുന്ന രീതിയിൽ പുതിയ ലോക്സഭാ ഹാൾ ക്രമീകരിച്ചിരിക്കുന്നത്. ലോക്സഭാ ഹാളിന് മയിലും രാജ്യസഭയിൽ താമരയുമാണ് ഇന്റീരിയർ ഡിസൈൻ പ്രമേയം. താമര ബിജെപിയുടെ തെരഞ്ഞെടുപ്പു ചിഹ്നമാണെന്ന് ആരും വിസ്മരിക്കില്ല!
രാജ്യത്തെ ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയം 2026ൽ നടത്തേണ്ടതിനാൽ പുതിയ പാർലമെന്റ് അനിവാര്യമായിരുന്നു. മണ്ഡല പുനർനിർണയം പൂർത്തിയാകുന്പോൾ ജനസംഖ്യാനുപാതികമായി എംപിമാരുടെ എണ്ണം കൂടും. പാർലമെന്റിലെ സ്ഥലസൗകര്യങ്ങൾ കൂട്ടേണ്ടതുണ്ട്. നൂറ്റാണ്ടിനോടടുക്കുന്ന പഴയ പാർലമെന്റിന്റെ പഴക്കം കണക്കിലെടുക്കുന്പോൾ പുതിയ മന്ദിരം ആവശ്യമായിരുന്നു. സാധാരണ 25 വർഷത്തിലൊരിക്കലാണ് ലോക്സഭാ മണ്ഡലങ്ങൾ പുനർനിർണയിക്കേണ്ടത്. മൊത്തം 545 ലോക്സഭാ സീറ്റുകളെന്ന നിലവിലെ കാലാവധി 2026ൽ അവസാനിക്കും.
ജനാധിപത്യപാരന്പര്യം വിശദമാക്കുന്ന ഭരണഘടനാ ഹാൾ (കോണ്‍സ്റ്റിറ്റ്യൂഷൻ ഹാൾ) പുതിയ പാർലമെന്റിലുണ്ട്. എംപിമാർക്കു വിശ്രമിക്കാനും ചായസത്കാരത്തിനുമായി ആഡംബര ലോഞ്ചുകളും സജ്ജീകരിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകരെ മീഡിയാ റൂമിലും ഗാലറിയിലുമായി പരിമിതപ്പെടുത്തി. പാർലമെന്ററി സമിതി യോഗങ്ങൾക്കായി കമ്മിറ്റി മുറികൾ, അത്യാധുനിക ഡിജിറ്റൽ ലൈബ്രറി, എംപിമാർ, ജീവനക്കാർ തുടങ്ങിയവർക്കു ഭക്ഷണത്തിനായി ഡൈനിംഗ് ഹാളുകൾ എന്നിവ മുതൽ വിശാലമായ വാഹന പാർക്കിംഗ് സ്ഥലം വരെയെല്ലാം പുതിയ സമുച്ചയത്തിലുണ്ട്. പൂർണമായും കേന്ദ്രീകരണ എയർ കണ്ടീഷനിംഗ്.
സെൻട്രൽ ഹാൾ ഇല്ലാതാക്കി
ബ്രിട്ടീഷുകാരുടെ കാലത്തു നിർമിച്ച 94 വർഷം പഴക്കമുള്ള പ്രൗഢോജ്വലവും വശ്യമനോഹരവുമായ ഇപ്പോഴത്തെ പാർലമെന്റായ പൈതൃക മന്ദിരം നാളെമുതൽ ചരിത്രത്തിന്റെ ശേഷിപ്പായി മാറും. എഡ്വിൻ ലുട്ട്യൻ, ഹെർബർട്ട് ബേക്കർ എന്നിവർ രൂപകല്പന ചെയ്ത വൃത്താകൃതിയിലുള്ള പാർലമെന്റ് മന്ദിരം വൈകാതെ പാർലമെന്റ് മ്യൂസിയമായി മാറും. മ്യൂസിയത്തിന്റെ രൂപമാറ്റവും പൂർത്തീകരണവും വൈകിയേക്കാം.
പക്ഷേ, ചരിത്രത്തിലേക്കു മടങ്ങുന്ന നിലവിലെ പാർലമെന്റിന്റെ വശ്യതയും ഗാംഭീര്യവും പുതിയ കോണ്‍ക്രീറ്റ് മന്ദിരത്തിനില്ല. പൈതൃകമന്ദിരമായ പഴയതിനോടു ആകൃതിയിൽ പോലും കിടപിടിക്കില്ല. അതിലേറെ സുപ്രധാനവും ചരിത്രപരവും വിശാലവുമായ സെൻട്രൽ ഹാൾ പുതിയതിലില്ല. മന്ത്രിമാരും എംപിമാരും മുൻ എംപിമാരും മുഖ്യമന്ത്രിമാർ അടക്കമുള്ള അതിഥികളും മുതിർന്ന പത്രപ്രവർത്തകരും സമ്മേളിച്ചിരുന്ന സെൻട്രൾ ഹാളിലാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയ ചർച്ചകളും കരുനീക്കങ്ങളും നടന്നിരുന്നത്.
എന്നാൽ പ്രധാനമന്ത്രിയുടെ താത്പര്യപ്രകാരം കോവിഡിന്റെ മറവിൽ ഇവിടെനിന്നു പത്രപ്രവർത്തകരെ രണ്ട് വർഷത്തോളമായി ഒഴിവാക്കിയിരുന്നു. മുൻ എംപിമാരെയും പ്രത്യേക അതിഥികളെയും ആദ്യം ഒഴിവാക്കിയെങ്കിലും പിന്നീട് അവർക്കുള്ള നിയന്ത്രണം നീക്കിയിരുന്നു. കേന്ദ്രസർക്കാരിന്റെയും രാഷ്ട്രീയ നേതാക്കളുടെയും രഹസ്യങ്ങളും ചില നീക്കങ്ങളും ലോകം അറിയാതിരിക്കാനുള്ള തന്ത്രമായാണ് സുപ്രധാന സെൻട്രൽ ഹാൾ ഇല്ലാതാക്കിയതെന്നതിൽ സംശയിക്കേണ്ട. രാജ്യത്തെ മുതിർന്ന രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും എംപിമാരും മുതിർന്ന പത്രപ്രവർത്തകരും തമ്മിലുള്ള ഇഴയടുപ്പവും ആശയവിനിമയവും അറത്തുമുറിക്കുകയെന്നതു കൂടി ലക്ഷ്യമാകും. പാർലമെന്ററി ജനാധിപത്യത്തിനാകും ഇതിന്റെ ക്ഷീണം.
അത്ര ലളിതമല്ലീ തൊടുന്യായം
1975ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പാർലമെന്റ് അനക്സ് മന്ദിരം ഉദ്ഘാടനം ചെയ്തുവെന്നും പിൻഗാമി രാജീവ് ഗാന്ധി 1987 ഓഗസ്റ്റ് 15ന് പാർലമെന്റ് ലൈബ്രറിയുടെ തറക്കല്ലിട്ടെന്നും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ചൂണ്ടിക്കാട്ടുന്നു. പാർലമെന്റ് അനെക്സും ലൈബ്രറിയും ഉദ്ഘാടനം ചെയ്യാൻ അന്നത്തെ സർക്കാർ മേധാവിക്കു കഴിയുമെങ്കിൽ, എന്തുകൊണ്ടാണ് ഇന്നത്തെ സർക്കാരിന്റെ തലവന്‍ അതു ചെയ്യാൻ കഴിയാത്തത്? ഇതത്ര ലളിതമാണ് എന്നായിരുന്നു പുരിയുടെ ചോദ്യം. പുതിയ പാർലമെന്റ് പ്രധാനമന്ത്രി മോദി നാളെ ഉദ്ഘാടനം ചെയ്യുന്നതിനെ ന്യായീകരിക്കാൻ കേന്ദ്രമന്ത്രി അമിത് ഷായും ബിജെപി നേതാക്കളും ഇതേ ന്യായീകരണമാണു നിരത്തിയത്.
എന്നാൽ 1975ലും 87ലും അന്നത്തെ പ്രധാനമന്ത്രിമാർ ഉദ്ഘാടനം ചെയ്തതു പാർലമെന്റിനു സമീപത്തുള്ള രണ്ടു അനുബന്ധ കെട്ടിടങ്ങൾ മാത്രമാണെന്നത് ഡോ. ശശി തരൂർ അടക്കമുള്ള മിക്ക പ്രതിപക്ഷ നേതാക്കളും ചൂണ്ടിക്കാട്ടിയതിനു കൃത്യമായ ഉത്തരം ആർക്കുമില്ല. ഒരു കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതും അതിന്റെ ഏതെങ്കിലുമൊരു ഭാഗം ഉദ്ഘാടനം ചെയ്യുന്നതും വ്യത്യസ്തമാണ്. ഏതെങ്കിലും സംസ്ഥാനത്തെ നിയമസഭയോ, സെക്രട്ടേറിയറ്റോ ഉദ്ഘാടനം ചെയ്യുന്നതുപോലെയല്ല അതിനോടു ചേർന്നുള്ള മറ്റു കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുന്നതെന്നതിൽ മോദിക്കും ഷായ്ക്കും പുരിക്കും പോലും സംശയം ഉണ്ടാകേണ്ടതില്ല. രാഷ്ട്രപതിയാണ് പാർലമെന്റിന്റെയും രാഷ്ട്രത്തിന്റെ തലവൻ.
പുതിയ പാർലമെന്റിന്റെ സവിഷേതകൾ
► ലോക്സഭയ്ക്കും രാജ്യസഭയ്ക്കും കൂടുതൽ വിശാല ചേംബറുകൾ
► ലോക്സഭ- 888 സീറ്റുകൾ. രാജ്യസഭ- 384 സീറ്റുകൾ
► സംയുക്ത സമ്മേളനങ്ങൾക്ക് ലോക്സഭ 1272 സീറ്റുള്ള ഹാളായി മാറും
►ഇരുസഭകളിലും രണ്ട് എംപിമാർക്കു വീതം ഒരുമിച്ച് ഇരിക്കാനാകും
►എല്ലാ സീറ്റിലും ഡിജിറ്റൽ സംവിധാനം; ടച്ച് സ്ക്രീനുകൾ
►മന്ത്രിമാർക്കായി 92 പ്രത്യേക മുറികൾ
►നിയമസഭാ സമിതികൾക്കായി ആറ് ഹാളുകൾ
►വിശാല മീഡിയ റൂം; മാധ്യമപ്രവർത്തകർക്ക് 530 സീറ്റുകൾ
► ശ്രംശക്തി ഭവൻ പുതുക്കിപ്പണിയുന്പോൾ 800 എംപി ഓഫീസുകൾ
►ലോക്സഭാ, രാജ്യസഭാ എംപിമാർക്ക് കൂടിക്കാണാൻ നടുമുറ്റം
►ഡിജിറ്റൽ ലൈബ്രറി, വിശാല ഡൈനിംഗ് ഹാൾ
►ഭൂഗർഭസംവിധാനമടക്കം വിശാല പാർക്കിംഗ്
► അത്യന്താധുനിക സുരക്ഷാ സംവിധാനങ്ങൾ
►വൈദ്യുതി നിലയ്ക്കാതെ 100 ശതമാനം ഊർജ ബാക്ക്അപ്
►ആകെ വിസ്തൃതി- 64,500 ചതുരശ്ര മീറ്റർ
►നിർമാണ വിസ്തൃതി- 21,700 ചതുരശ്ര മീറ്റർ
►മൊത്തം ചെലവ്- 970- 1100 കോടി രൂപ
►നിർമാണ കരാർ- ടാറ്റ പ്രോജക്ട്സ് ലിമിറ്റഡ്
►മുഖ്യ ആർക്കിടെക്ട്- ഗുജറാത്തുകാരൻ ബിമൽ പട്ടേൽ
പാർലമെന്റിൽ പ്രധാനമന്ത്രി നാലാമൻ
ലോക്സഭയും രാജ്യസഭയും കൂടിച്ചേരുന്നതാണ് പാർലമെന്റ്. പാർലമെന്റ് സമ്മേളനം വിളിച്ചുകൂട്ടാനും അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി പ്രഖ്യാപിക്കാനും (കണ്‍വീൻ ആൻഡ് പ്രൊറോഗ്) രാഷ്ട്രപതിക്കു മാത്രമാണ് അധികാരം. കേന്ദ്രമന്ത്രിസഭയുടെ ശിപാർശയനുസരിച്ചാണ് രാഷ്ട്രപതി പാർലമെന്റ് സമ്മേളനം വിളിച്ചുകൂട്ടുക. പക്ഷേ പ്രധാനമന്ത്രിക്കു മാത്രമായി ഇതിനുപോലും രാഷ്ട്രപതിയോടു ശിപാർശ ചെയ്യാൻ അധികാരമില്ല.
എക്സിക്യൂട്ടീവിന്റെ (ഭരണ) നായകൻ മാത്രമാണു പ്രധാനമന്ത്രി. രാഷ്ട്രത്തിന്റെയും പാർലമെന്റിന്റെയും അധിപ അല്ലെങ്കിൽ അധിപൻ രാഷ്ട്രപതിയാണ്. ലോക്സഭയിൽ മാത്രമാണു പ്രധാനമന്ത്രി സഭാനേതാവ്. രാജ്യസഭയിൽ മറ്റൊരാളാണ് സഭാനേതാവ്. നിലവിൽ നരേന്ദ്രമോദി ലോക്സഭയിലെ നേതാവും കേന്ദ്രമന്ത്രി പീയുഷ് ഗോയൽ രാജ്യസഭയിലെ നേതാവുമാണ്.
പ്രോട്ടോകോളിൽ മുന്നിൽ രാഷ്ട്രപതി
രാഷ്ട്രപതി ദ്രൗപതി മുർമു ആദിവാസിയും വനിതയുമായതിനാൽ അവരെ തഴയുന്നതിനു പല അർഥതലങ്ങളുണ്ട്. വോട്ട് നേടാനായി ആദിവാസി സ്ത്രീയെ രാഷ്ട്രപതിയായി നിയോഗിച്ച മോദിയും ബിജെപിയും തന്നെ അവരെ അവഹേളിക്കുന്നതാണു കൂടുതൽ വേദനിപ്പിക്കുക.
രാഷ്ട്രത്തിന്റെയും പാർലമെന്റിന്റെയും മാത്രമല്ല, ഇന്ത്യയുടെ സൈനികത്തലവനും രാഷ്ട്രപതിയാണ്. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാജ്യം ഭരിക്കുന്ന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗവും രാഷ്ട്രപതിയാണു നിർവഹിക്കുന്നത്. രാഷ്ട്രീയമായി വലിയ എതിർപ്പുണ്ടെങ്കിൽപോലും ഗവർണർമാർ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിനെത്തുന്പോൾ മുഖ്യമന്ത്രിമാർ സ്വീകരിക്കുന്നത് ഭരണഘടന അനുശാസിക്കുന്നതിനാലാണ്. ഭരിക്കുന്ന സർക്കാരിന്റെ രാഷ്ട്രീയ വിയോജിപ്പുള്ള കാര്യങ്ങൾ പോലും ‘എന്റെ സർക്കാർ’ എന്നു പറഞ്ഞ് രാഷ്ട്രപതിയും ഗവർണർമാരും പ്രസംഗിക്കുന്നതും ഇതേ ഭരണഘടനയോടുള്ള വിധേയത്വം കൊണ്ടാണ്.
രാഷ്ട്രപതി പാർലമെന്റിൽ എത്തുന്പോഴെല്ലാം പ്രധാനമന്ത്രിയും രാജ്യസഭാ, ലോക്സഭാ അധ്യക്ഷന്മാരും ഇരുസഭകളുടെയും സെക്രട്ടറി ജനറൽമാരും ചേർന്നു സ്വീകരിക്കണമെന്നാണു ചട്ടം. ഇത്തരത്തിൽ രാഷ്ട്രപതിയെ കാറിൽനിന്നിറങ്ങുന്പോൾ തന്നെ സ്വീകരിച്ചാനയിച്ചാണു രാഷ്ട്രത്തലവനെ രാജ്യം ബഹുമാനിക്കുന്നത്. രാഷ്ട്രപതിക്കു മുന്നിൽ കയറി പ്രധാനമന്ത്രി നടക്കാൻ പോലും പാടില്ലെന്നാണു ചട്ടം. റിപ്പബ്ലിക് ദിന പരേഡ് അടക്കം മറ്റു സുപ്രധാന ചടങ്ങുകളിലും ഭരണത്തലവനല്ല, രാഷ്ട്രത്തലവനാണ് പ്രാമുഖ്യം നൽകുക.
ത്രികോണ വിസ്മയം
ത്രികോണ ആകൃതിയിൽ നിർമിക്കുന്ന പുതിയ പാർലമെന്റ് വിസ്മയക്കാഴ്ചകളുടെയും അത്യാധുനികതയുടെയും അത്ഭുതലോകമാകും. ഗുജറാത്തിലെ അംബാജി വെളുത്ത മാർബിൾ, അജ്മീറിലെ ലഖയുടെ ചുവന്ന മാർബിൾ, രാജസ്ഥാനിലെ ഉദയ്പുർ കേശരിയ പച്ചക്കല്ല് അല്ലെങ്കിൽ പച്ച മാർബിൾ (ഗ്രീൻസ്റ്റോണ്‍), രാജസ്ഥാനിൽ തന്നെയുള്ള സിർമാതുരയിലെ പിങ്ക് മണൽക്കല്ല്, കൈകൊണ്ടു നെയ്ത മിർസാപൂർ പരവതാനികൾ, അഗർത്തലയിൽനിന്നുള്ള മുളയുടെ പലകകൾ പാകിയ തറ, നാഗ്പുരിലെയും മുംബൈയിലെയും തേക്കുതടി കൊണ്ടുള്ള ഫർണിച്ചറുകൾ തുടങ്ങി രാജ്യത്തു ലഭ്യമായ ഏറ്റവും മുന്തിയ ഇനം വസ്തുക്കളാണ് ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം മനോഹരമാക്കുന്നത്. ഭൂമിയുടെ ഭ്രമണം കാണിക്കുന്ന ഫൗക്കോ പെൻഡുലം അടക്കം മന്ദിരം മുഴുവനുമുള്ള സെൻസറുകൾ വരെ ആധുനിക സാങ്കേതിക വിദ്യയുടെ മികവുകളാണ്.
ബ്രിട്ടീഷുകാരുടെ കാലത്തു നിർമിച്ച വൃത്താകൃതിയിലെ പാർലമെന്റിന്റെ ഗാംഭീര്യം ത്രികോണാകൃതിയിലെ പുതിയതിനില്ല. പുറമേ നോക്കിയാൽ മറ്റൊരു പുതിയ കെട്ടിടം. ഓസ്ട്രേലിയ, അമേരിക്ക, ചൈന, ജർമനി, സ്പെയിൻ തുടങ്ങി ഉസ്ബെക്കിസ്ഥാൻ, കുവൈറ്റ്, ശ്രീലങ്ക വരെ നിരവധിയായ പാർലമെന്റ് മന്ദിരങ്ങൾ നേരിൽ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇത്രകാലവും ഇന്ത്യൻ പാർലമെന്റിനായിരുന്നു തലയെടുപ്പ്. പുതിയ കെട്ടിടത്തിന് അത്രതന്നെ ഗാംഭീര്യം പുറമേയില്ലെങ്കിലും ഉൾവശം മോഹിപ്പിക്കുന്നതാണ്.
വലിപ്പക്കുറവിന്റെ പുതുവലിപ്പം!
പ്രൗഢോജ്വലമായ നിലവിലെ പാർലമെന്റ് മന്ദിരം 1913ലാണു വിഭാവനം ചെയ്തത്. 1921 ഫെബ്രുവരി 12ന് നിർമാണം ആരംഭിച്ച മന്ദിരം പൂർത്തിയാക്കാൻ ആറു വർഷമെടുത്തു. ലോർഡ് ഇർവിൻ എന്നറിയപ്പെടുന്ന ഇന്ത്യൻ വൈസ്രോയി എഡ്വേർഡ് ഫ്രെഡറിക് ലിൻഡ്ലി വുഡ് 1927 ജനുവരി 18നാണ് ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗണ്‍സിൽ എന്ന നിലയിൽ കെട്ടിടം സമർപ്പിച്ചത്. അന്നത്തെ മൊത്തം ചെലവ് 83 ലക്ഷം രൂപ. പുതിയ പാർലമെന്റ് 21 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടത്. ചെലവ് 1000 കോടിയിലേറെ രൂപ.
ബ്രിട്ടീഷുകാരുടെ കാലത്തു പണിത 93 വർഷത്തെ പഴക്കമുള്ള നിലവിലെ പാർലമെന്റിന്റെ കാലപ്പഴക്കവും അസൗകര്യങ്ങളും പരിഗണിച്ചു പുതിയ പാർലമെന്റ് വേണമെന്ന ആശയം 2010ലാണ് ഉടലെടുത്തത്. 2012ൽ മീരാ കുമാർ സ്പീക്കറായിരിക്കെ പുതിയ നിർദേശങ്ങൾക്കായി കമ്മിറ്റി രൂപീകരിച്ചു.
തലസ്ഥാനനഗരിയെ നവീകരിക്കാനുള്ള മോദിസർക്കാരിന്റെ 20,000 കോടിയുടെ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായാണു പുതിയ പാർലമെന്റ് നിർമിക്കാൻ തീരുമാനിച്ചത്. പക്ഷേ സൗകര്യം കൂട്ടാനായി നിർമിച്ച പുതിയ കെട്ടിടത്തിനു നിലവിലെ പാർലമെന്റിനേക്കാൾ 1,200 ചതുരശ്ര മീറ്റർ (5 %) വലിപ്പക്കുറവുണ്ട്.! പാർലമെന്റിലെ ഇരുസഭകളുടെയും സംയുക്ത സമ്മേളനവും രാഷ്ട്രീയചരിത്രത്തിലെ സുപ്രധാനവേദിയുമായിരുന്ന സെൻട്രൽ ഹാളും പുതിയതിലില്ല. നൂറ്റന്പതു വർഷത്തെ കാലാവധിയാണു പുതിയ മന്ദിരത്തിനുള്ളത്.
രാജ്യസഭാ ചെയർമാനെ തഴയാനാകില്ല
ഭരണഘടനാപരമായും സാങ്കേതികമായും പ്രായോഗികമായും ലോക്സഭയും രാജ്യസഭയും ചേരുന്നതാണ് പാർലമെന്റ്.
ഭരണഘടനയനുസരിച്ച് രാഷ്ട്രപതിയാണ് ഇരുസഭകളും ചേരുന്ന പാർലമെന്റിന്റെ തലപ്പത്തെന്നതിൽ സംശയമില്ല. ലോക്സഭാ സ്പീക്കർ മാത്രമല്ല രാജ്യസഭാ ചെയർമാനും പാർലമെന്റിൽ തുല്യാധികാരിയാണ്.
ലോക്സഭാ സ്പീക്കർ ഓം ബിർല അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് ഉദ്ഘാടനം ചെയ്യുന്നുവെന്നാണ് ലോക്സഭാ സെക്രട്ടറി ജനറൽ അയച്ച ഔദ്യോഗിക ക്ഷണക്കത്തിലുള്ളത്.
മാറ്റിയെഴുതുന്ന ഇന്ത്യൻ ചരിത്രം
ബ്രിട്ടീഷ് പതാക താഴ്ത്തി ഇന്ത്യൻ ത്രിവർണ പതാക ഉയർത്തിയതും നെഹ്റുവിന്റെ ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി പ്രസംഗവുമാണ് സ്വാതന്ത്ര്യത്തിന്റെ നിർണായക മുഹൂർത്തങ്ങളായി ചരിത്രം രേഖപ്പെടുത്തിയത്. എന്നാലിപ്പോൾ അധികാര കൈമാറ്റത്തെ പ്രതിനിധീകരിക്കാൻ ചെങ്കോലിനെ ഉയർത്തിക്കാട്ടി ചരിത്രം തിരുത്തിയെഴുതുകയാണ് മോദിയും അമിത് ഷായും.
ലോക്സഭാ സ്പീക്കറുടെ കസേരയ്ക്കു പിന്നിലായി ചെങ്കോൽ സ്ഥാപിച്ചു. അലഹാബാദിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന രാജഭരണസ്മരണ ഉയർത്തുന്ന ചെങ്കോൽ ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ പ്രധാന സ്തംഭമാക്കാനുള്ള ശ്രമത്തിനു പിന്നിലും രാഷ്ട്രീയം പലരും ആരോപിക്കുന്നു.
കണ്ണൂർ: ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇന്ന് രാവിലെ മൂന്ന് മണിയോടെ കണ്ണൂരിലാണ് സംഭവം. കുറ്റ്യാടി സ്വദേശി അൽത്താഫ്, കാഞ്ഞങ്ങാട് സ്വദേശി ഷബീർ എന്നിവരാണ് പിടിയിലായത്. എട്ടോളം കേസുകളിൽ പ്രതിയാണ് അൽത്താഫ്. കണിച്ചാര്‍ സ്വദേശി ജിന്റോ ആണ് മരിച്ചത്. 39 വയസായിരുന്നു. കണ്ണൂര്‍ എസ്പി ഓഫീസിനും ക്രൈംബ്രാഞ്ച് ഓഫീസിനും സമീപത്തുവെച്ചാണ് സംഭവം. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലാണ് ജിന്റോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായാണ് ജിന്റോ ഇവിടെ എത്തിയത്. […]
കോഴിക്കോട്: വയോധികയെ പീഡിപ്പിച്ച് കൊന്നു. കോഴിക്കോട് ശാന്തി നഗർ കോളനിയിലാണ് ദാരുണ സംഭവം. 74കാരിയാണ് പീഡനത്തിനു ഇരയായി മരിച്ചത്. സംഭവത്തിൽ അയൽവാസിയായ രാജൻ പിടിയിലായി. വടക സ്വദേശിയാണ് ഇയാൾ.
ഡബ്ലിൻ: അയർലണ്ടിലെ ‘മലയാളി ഇന്ത്യൻസ് (MIND)’ സംഘടിപ്പിച്ച പതിനഞ്ചാമത് മെഗാമേള ശ്രദ്ധേയമായി. ഡബ്ലിനിലെ അസ്ല സെന്ററിൽ ഫിങ്ങൾ മേയർ ഹോവർഡ് മഹോണി ടുമും മുഖ്യാതിഥിയായ സിനിമാതാരം ഹണി റോസും ചേർന്ന് വിളക്ക് തെളിച്ചു കൊണ്ടാണ് മെഗാമേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. അയർലൻഡിലെ മന്ത്രിമാരായ ജാക്ക് ചേമ്പേഴ്സ്, തോമസ് ബൈർണെ എന്നിവർ മെഗാ മേളയുടെ മുഖ്യാതിഥികളായി. മലയാളികളുടെ ഈ ആഘോഷത്തിന് നെഞ്ചിലേറ്റിക്കൊണ്ട് നിരവധി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യയിൽ നിന്ന് മലബാർ ഗോൾഡ് ഡയമണ്ട്സിനു വേണ്ടി യൂറോപ്പ്യൻ […]
പത്തനംതിട്ട: രാത്രിയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ പതിനാറുകാരനെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി പുതുശ്ശേരി മനയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. റാന്നി അങ്ങാടി അലങ്കാരത്തില്‍ മുഹമ്മദ് ആഷിക്കാണ് മരിച്ചത്. സ്കൂളില്‍ പത്താംതരത്തില്‍ ഒപ്പംപഠിച്ചിരുന്ന വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ നേരിട്ട് കാണാനാണ് ആഷിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. വീടിനോട് ചേര്‍ന്ന മറ്റൊരു സ്ഥലത്ത് സ്കൂട്ടര്‍വെച്ച ശേഷം നടന്നാണ് ആഷിക്ക് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന്, ജനലില്‍ മുട്ടിവിളിച്ചപ്പോള്‍ പുറത്തേക്കുവന്ന പെണ്‍കുട്ടിയുടെ മാതാവ് തന്നെ കണ്ടുവെന്ന് ഉറപ്പാക്കിയതോടെ […]
ബഹ്റൈനിൽ ഭക്ഷ്യ ഉൽപ്പന്ന രംഗത്ത് തനത് മുദ്ര പതിപ്പിച്ച നാച്ചോ ഫുഡ് പ്രോഡക്ടസ് ആദ്യമായി പ്രവാസലോകത്തു അവതരിപ്പിച്ച കർഷകശ്രീ-യുടെ സീസൺ II അവാർഡ് നിശ ജൂൺ 3-ന് നടത്തപെടുകയുണ്ടായി ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ മുഖ്യതിഥിയായിരുന്നു. മത്സരത്തിന്റെ ചീഫ് ജഡ്ജ് മാർട്ടിൻ വഡുഘേ വിധിനിർണയം അവലോകനം ചെയ്തു. ഐ സി ആർ എഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ഐ എം എ സി ബഹ്റൈൻ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, അവാർഡ് നിശയുടെ മുഖ്യ […]
ഹ്യൂമൻ റൈറ്റ്സ് മോധവി ഖാലിദ് അൽ ഹ്യൂമൈദിയും. മാൻ പവർ അതോറിറ്റി മോധാവി മർസൂക് അൽ ഓതൈബിയും ധാരണ പത്രം കൈമാറുന്നു കുവൈറ്റ് സിറ്റി: കുവൈറ്റ് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ചുമതലകൾ സുഗമമാക്കുന്നതിന്നും രാജ്യത്തെ തൊഴിൽ മേഖലകൾക്ക് മികച്ച ഭാവി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നത് മനുഷ്യാവകാശങ്ങളുടെ മാനുഷികവും ധാർമ്മികവുമായ മൂല്യങ്ങളും കുവൈറ്റ് സർക്കാർ അംഗീകരിച്ച അന്താരാഷ്ട്ര കൺവെൻഷനുകൾ പ്രവർത്തിക്കുന്ന തത്വങ്ങളും സംവിധാനങ്ങളും കണക്കിലെടുക്കുന്നതായും […]
കുവൈറ്റ് സിറ്റി: മൂന്ന് വർഷത്തിനിടെ മൂന്നാമത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിനൊരുങ്ങി കുവൈറ്റ്. കുവൈറ്റിലെ സാമ്പത്തിക വികസനം ഏറെക്കുറെ സ്തംഭിപ്പിച്ച നിലയ്ക്കാത്ത രാഷ്ട്രീയ തർക്കങ്ങൾക്കുശേഷം നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് കുവൈറ്റിന്റെ 60 വർഷത്തെ പാർലമെന്ററി ജനാധിപത്യത്തിലെ ഏറ്റവും നിർണായകമാകും. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. 7.96 ലക്ഷം വോട്ടർമാരാണ് കുവൈറ്റിലുള്ളത്. 15 വനിതകൾ ഉൾപ്പെടെ 207 സ്ഥാനാർഥികളാണ് ഇത്തവണ മത്സരിക്കുന്നത്. അഞ്ച് മണ്ഡലങ്ങളിൽ നിന്നായി 10 പേർ വീതം ആകെ 50 പേരെയാണ് പാർലമെന്റിലേക്ക് […]
തിരുവനന്തപുരം : കേരളത്തിന്റെ സാങ്കേതിക പുരോഗതിയിലെ ഒരു സുപ്രധാന നാഴികക്കല്ലിനപ്പുറം, മുഖ്യമന്ത്രി പിണറായി വിജയനുമായി സംവദിക്കാനുള്ളൊരു വേദിയായി മാറി കെഫോൺ ഉദ്ഘാടനചടങ്ങ്. സമൂഹത്തിലെ വ്യത്യസ്ത മേഖലകളെ പ്രധിനിധീകരിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട കെഫോൺ ഉപഭോക്താക്കളാണ് മുഖ്യമന്ത്രിയോട് ഓൺലൈനായി സംവദിച്ചത്. നിലമ്പൂർ മണ്ഡലത്തിലെ അമരമ്പലം പഞ്ചായത്തിൽ നിന്നുള്ള നഴ്സിംഗ് വിദ്യാർഥിനി വിസ്മയ, വയനാട് ജില്ലയിലെ പന്തലാടിക്കുന്ന് ആദിവാസി കോളനി നിവാസികൾ, തിരുവനന്തപുരം ഒറ്റശേഖരമംഗലം എൽ.പി സ്കൂൾ വിദ്യാർഥികൾ, കോട്ടയം കൂവപ്പള്ളി വില്ലേജ് ഓഫീസ് അധികൃതർ എന്നിവരാണ് കെ ഫോൺ ഇന്റർനെറ്റ് കണക്ഷൻ […]
തിരുവനന്തപുരം: എ.ഐ ക്യാമറ വഴി ആദ്യ ദിവസം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ. ഇന്ന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയുള്ള കണക്കാണ് ഇത്. ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് അഞ്ച് മണിവരെ കണ്ടെത്തിയത്. തിരുവനന്തപുരം-4362, പത്തനംതിട്ട-1177, ആലപ്പുഴ-1288, കോട്ടയം-2194, ഇടുക്കി-1483, എറണാകുളം-1889, തൃശൂർ-3995, പാലക്കാട്-1007, കോഴിക്കോട്-1550, വയനാട്-1146, കണ്ണൂർ-2437, കാസർകോട്-1040 എന്നിങ്ങനെയാണ് മറ്റു […]