ഡൽഹി: രാജ്യതലസ്ഥാനത്തെ നിയന്ത്രിക്കാനുള്ള കേന്ദ്രസർക്കാർ ഓർഡിനൻസിനെതിരെ എഎപി നടത്തുന്ന മഹാറാലി ഇന്ന്. മഹാറാലിയോടനുബന്ധിച്ച് ഡൽഹി രാംലീല മൈതാനത്ത് ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധ റാലിയിൽ ഒരുലക്ഷംപേർ പങ്കെടുക്കുമെന്ന് എഎപി വക്താവ് റീന ഗുപ്ത അറിയിച്ചു.
പൊലീസിനെ കൂടാതെ 12 കമ്പനി പാരാമിലിറ്ററി സേനയെയും വിന്യസിച്ചിട്ടുണ്ട്. സിസിടിവി ഉൾപ്പെടെയുള്ള സൗകര്യവും ഏർപ്പെടുത്തി. മൈതാനത്തിന്റെ കവാടത്തിൽ മെറ്റൽ ഡിറ്റക്ടറും സജ്ജമാക്കി. റാലിയിൽ പങ്കെടുക്കുന്ന എല്ലാവരെയും പരിശോധിക്കും. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മുതിർന്ന ഉദ്യോഗസ്ഥർ മൈതാനത്തുണ്ടാകും.
റാലിയുടെ സമയത്ത് ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ചു. കേന്ദ്ര– സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള അധികാരത്തർക്കത്തിൽ ഡൽഹി സർക്കാരിന് അനുകൂലമായുള്ള സുപ്രീംകോടതി ഉത്തരവ് അട്ടിമറിക്കാനുള്ള കേന്ദ്രനീക്കം ചെറുക്കുമെന്ന് എഎപി വ്യക്തമാക്കി.
പുതിയ ഓർഡിനൻസ് പ്രാബല്യത്തിൽ വരുമ്പോൾ പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, സർക്കാർ ഭൂമിയുടെ ക്രയവിക്രയം തുടങ്ങിയ സുപ്രധാന കാര്യങ്ങളിൽ ഡൽഹി സർക്കാരിന് അധികാരമുണ്ടാകില്ല.