ഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരത്തിനെതിരെ കേന്ദ്രസർക്കാർ തുടരുന്ന നിഷേധാത്മക സമീപനം വിഷമിപ്പിക്കുന്നുവെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. മോദിയുടെയും അനുരാഗ് ഠാക്കൂറിന്റെയും പേരെടുത്തു പറഞ്ഞാണ് വിനേഷ് ഫോഗട്ട് അഭിപ്രായപ്പെട്ടത്.
സമരത്തെപ്പറ്റി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിനോട് സംസാരിക്കവെയായിരുന്നു വിനേഷ് ഫോഗട്ട് തങ്ങൾ നേരിട്ട അവഗണന തുറന്നുപറഞ്ഞത്. സമരം ചെയ്യാൻ പുറപ്പെട്ടതുമുതൽ എല്ലാ രീതിയിലും തങ്ങൾ അപമാനിക്കപ്പെടുകയാണെന്നും മോദിയുടെ തുടക്കം മുതലുള്ള മൗനം വലിയ ബുദ്ധിമുട്ടാണ് തങ്ങൾക്കുണ്ടാക്കുന്നതെന്നും ഫോഗട്ട് പറഞ്ഞു.
കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറിനെതിരെയും ഫോഗട്ട് രൂക്ഷമായ വിമർശനമുയർത്തി. അദ്ദേഹം ഒരിക്കലും തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറായിരുന്നില്ലെന്നും ചർച്ചക്കിടയിൽ പലപ്പോഴുമായി അദ്ദേഹം ഫോണിൽ സംസാരിക്കുകയായിരുന്നുവെന്നും ഫോഗട്ട് പറഞ്ഞു.
ജൂൺ ഏഴിനാണ് അനുരാഗ് ഠാക്കൂർ ബ്രിജ് ഭൂഷണെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുമായി ചർച്ച നടത്തിയത്. ബ്രിജ് ഭൂഷന്റെ പേരിൽ നടപടിയുണ്ടാകുമെന്ന ഉറപ്പിൽ താരങ്ങൾ സമരം താത്കാലികമായി അവസാനിപ്പിക്കുകയും ചെയ്തിരുന്നു.