ഡല്‍ഹി: ഗുസ്തി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വസതിയില്‍ നിന്ന് ഒരാളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ രാവിലെ വസതിയിലെത്തി ബ്രിജ് ഭൂഷണെക്കുറിച്ചുള്ള വിവരങ്ങള്‍ ജീവനക്കാരില്‍ നിന്ന് ശേഖരിക്കുകയായിരുന്നു. എന്നാല്‍ യുവാവിനെ കുറിച്ച് സംശയം തോന്നിയതോടെ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ സമരം നടത്തിയിരുന്നു. ലൈംഗികമായി ചൂഷണം ചെയ്തുവെന്ന വനിതാ താരങ്ങളുടെ ആരോപണങ്ങളില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയതു. എന്നാല്‍ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബ്രിജ് ഭൂഷണിന് ഡല്‍ഹി പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്.
ആയിരത്തിലധികം പേജുകളുള്ള കുറ്റപത്രമാണ് വ്യാഴാഴ്ച പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണം തള്ളാന്‍ ഡല്‍ഹി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്റെ ആരോപണത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.