ഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. കേന്ദ്ര സര്‍ക്കാര്‍ മതനേതാക്കളെ രാഷ്ട്രീയത്തില്‍ ഉള്‍പ്പെടുത്തുകയാണെന്നാണ് കെസിആര്‍ ആരോപിച്ചിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡില്‍ ലോ കമ്മീഷന്‍ മതസംഘടനകളോട് അഭിപ്രായം തേടിയതിനെ തുടര്‍ന്നാണ് കെസിആറിന്റെ പ്രതികരണം.
'കേന്ദ്രം എവിടെ നിന്നാണ് മത നേതാക്കളെ രാഷ്ട്രീയത്തില്‍ കൊണ്ടുവരുന്നത്' എന്നായിരുന്നു ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുളള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. ധര്‍മ്മ ഗുരുക്കള്‍ (മത നേതാക്കള്‍) മഠങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുകയും പൂജകള്‍ നടത്തുകയുമാണ് ചെയ്യേണ്ടത്. ഇവരെ മറ്റ്കാര്യങ്ങളിലേക്ക് നുഴഞ്ഞുകയറ്റി പ്രശ്‌നമുണ്ടാക്കുകയാണ് ഭരണപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂണിഫോം സിവില്‍ കോഡിനെക്കുറിച്ച് ജനങ്ങളുടെയും അംഗീകൃത മത സംഘടനകളുടെയും അഭിപ്രായങ്ങള്‍ ആരായാന്‍ നിയമ കമ്മീഷന്‍ തീരുമാനമെടുത്തിരുന്നു. 2018 ഓഗസ്റ്റില്‍ കാലാവധി കഴിഞ്ഞ 21-ാമത് ലോ കമീഷന്‍ ഈ പ്രശ്‌നം പരിശോധിക്കുകയും രണ്ടു തവണ എല്ലാവരുടെയും അഭിപ്രായം തേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് 'കുടുംബനിയമത്തിന്റെ പരിഷ്‌കാരങ്ങള്‍' എന്നതില്‍ ഒരു വിദഗ്ദാഭിപ്രായവും പുറത്തിറക്കിയിരുന്നു.
എന്നാല്‍ ഈ അഭിപ്രായം പുറത്തിറക്കി മൂന്ന് വര്‍ഷത്തിലേറെയായതിനാലും ഈ വിഷയത്തിന്റെ പ്രസക്തിയും പ്രാധാന്യവും കണക്കിലെടുത്തുമാണ് 22-ാമത് ലോ കമ്മീഷന്‍ വീണ്ടും പൊതുജനാഭിപ്രായം തേടിയിരിക്കുന്നത്. അടുത്തിടെയാണ് 22-ാമത് ലോ കമ്മീഷന് മൂന്ന് വര്‍ഷം കാലാവധി നീട്ടിക്കിട്ടിയത്. ഇതിന് പിന്നാലെയാണ്, നിയമ നീതി മന്ത്രാലയം, 2016ല്‍ യൂണിഫോം സിവില്‍ കോഡുമായി ബന്ധപ്പെട്ടയച്ച റഫറന്‍സില്‍ വീണ്ടും പരിശോധന ആരംഭിച്ചത്.