ഡല്‍ഹി: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ആശുപത്രി വാസത്തിനെതിരായ ഇഡി ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. മന്ത്രിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലെ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെയാണ് ഇഡി കോടതിയെ സമീപിച്ചത്. അന്തരിച്ച ജെ ജയലളിതയുടെ എഐഎഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ, തൊഴില്‍ തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്. ജൂണ്‍ 14 ന് ആയിരുന്നു ഇഡി നടപടി.
15 ദിവസത്തെ ഇഡി റിമാന്‍ഡ് കാലയളവില്‍ നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാലയളവ് ഒഴിവാക്കാനുള്ള അനുമതി നല്‍കിയ ഉത്തരവിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ആദ്യം കേസ് വാദിക്കാന്‍ സുപ്രീം കോടതി ഇഡിയോട് ആവശ്യപ്പെട്ടു. പ്രതിയെ റിമാന്‍ഡ് ചെയ്തുകൊണ്ടുള്ള ജുഡീഷ്യല്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചതില്‍ ഹൈക്കോടതി തെറ്റുപറ്റി. അറസ്റ്റിലായ വ്യക്തിയെ കസ്റ്റഡിയില്‍ വിട്ടുകഴിഞ്ഞാല്‍ അറസ്റ്റിന്റെ സാധുത ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ചോദ്യം ചെയ്യാനാകില്ല. ഈ ഹര്‍ജി തുടക്കത്തില്‍ തന്നെ തള്ളിക്കളയാന്‍ കോടതി ബാധ്യസ്ഥരായിരുന്നുവെന്നും ഇഡി പറഞ്ഞു.
ബാലാജിയുടെ ആരോഗ്യനില സംബന്ധിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ വൈദ്യോപദേശം തേടണമെന്ന ED യുടെ പ്രത്യേക ആവശ്യം പരിഗണിക്കാതെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. അറസ്റ്റിന് ശേഷം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മന്ത്രിയെ ജൂണ്‍ 15 ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി അനുവദിച്ചിരുന്നു.
ബാലാജിയുടെ അറസ്റ്റില്‍ മദ്രാസ് ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചിരുന്നു. ഈ വിഷയത്തിലെ ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 22 ലേക്ക് മാറ്റിയിട്ടുണ്ട്. ബാലാജി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുമെന്ന് പറഞ്ഞ ഹൈക്കോടതി, മന്ത്രിയെ പരിശോധിക്കാന്‍ സ്വന്തം ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് അനുമതി നല്‍കിയിരുന്നു.