സിഖുകാർക്കെതിരായ ആക്രമണം; പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

New Update

ഡല്‍ഹി: പാകിസ്ഥാനിലെ സിഖ് സമുദായത്തിന് നേരെ അടുത്തിടെ നടന്ന ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ പാക് ഹൈക്കമ്മീഷനിലെ മുതിർന്ന നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തി. ഈ വർഷം ഏപ്രിലിനും ജൂണിനുമിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നാല് ആക്രമണങ്ങൾ ഇന്ത്യ ഗൗരവമായി എടുത്തതായി വൃത്തങ്ങൾ അറിയിച്ചു.

Advertisment

publive-image

സിഖ് സമുദായത്തിന് നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് ഗൗരവമായി അന്വേഷിച്ച് റിപ്പോർട്ട് പങ്കിടാൻ പാകിസ്ഥാൻ അധികാരികളോട് സർക്കാർ ആവശ്യപ്പെട്ടു. മതപരമായ പീഡനം ഭയന്ന് ജീവിക്കുന്ന ന്യൂനപക്ഷങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാനും പാകിസ്ഥാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വെള്ളിയാഴ്‌ച (ജൂൺ 23) സിഖ് വ്യാപാരിയായ തർലോക് സിംഗ് അജ്ഞാതരുടെ വെടിയേറ്റതിനെത്തുടർന്ന് മരണപ്പെട്ടിരുന്നു. ജൂൺ 24ന് നടന്ന രണ്ടാമത്തെ ആക്രമണത്തിൽ മറ്റൊരു സിഖ് മതവിശ്വാസ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഈ രണ്ട് ആക്രമണങ്ങളും നടന്നത് പാകിസ്ഥാനിലെ പെഷവാറിലാണ്.

പെഷവാറിൽ സിഖ് വിശ്വാസികൾക്ക് നേരെ നടന്ന രണ്ട് ആക്രമണങ്ങളും ലക്ഷ്യംവെച്ചുള്ള കൊലപാതകങ്ങളാകാമെന്ന് പോലീസ് കരുതി, എന്നാൽ സമഗ്രമായ അന്വേഷണത്തിന് ശേഷമേ യാഥാർഥ്യം പുറത്തുവരൂ. അതേസമയം, തർലോക് സിംഗിനെതിരായ സായുധ ആക്രമണത്തെക്കുറിച്ച് തീവ്രവാദ വിരുദ്ധ വകുപ്പ് (സിടിഡി) അന്വേഷണം നടത്തിവരികയാണ്.

ഏകദേശം 15,000 സിഖുകാർ പെഷവാറിൽ താമസിക്കുന്നു, കൂടുതലും ജോഗൻ ഷാ ഭാഗത്താണ്.
പെഷവാറിൽ സിഖ് സമുദായത്തിന് നേരെ നിരവധി ആക്രമണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മാർച്ചിൽ നഗരത്തിൽ ഒരു സിഖ് വ്യവസായിയെ അജ്ഞാതർ വെടിവച്ചു കൊന്നിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിൽ പെഷവാറിലെ ക്ലിനിക്കിനുള്ളിൽ വെച്ച് ഒരു സിഖ് ഹക്കീമിനെ അജ്ഞാതരായ അക്രമികൾ വെടിവച്ചു കൊല്ലുകയും ചെയ്‌തിരുന്നു.

Advertisment