ഡല്‍ഹി: ഇന്ത്യൻ പട്ടാളത്തിൽ അവസരം കുറഞ്ഞതോടെ റഷ്യയിലെ കൂലിപ്പട്ടാളമാകാൻ നിർബന്ധിതമായി ഗൂർഖാ പോരാളികൾ. ഇന്ത്യൻ സേനയിലേക്ക് രണ്ടു നൂറ്റാണ്ടായി നടത്തിയിരുന്ന റിക്രൂട്ട്മെൻറ് അവസാനിപ്പിച്ച് നേപ്പാൾ സർക്കാർ. അഗ്നിപഥ് നഷ്ടപ്പെടുത്തിയ അവസരം വാഗ്നർ ഗ്രൂപ്പിൽ കണ്ടെത്താൻ റഷ്യയിലേക്ക് ചേക്കേറുകയാണ് നേപ്പാളിലെ യുവാക്കൾ.
ഏത് പ്രതികൂല സാഹചര്യത്തിലും ശത്രുവിനോടും പ്രകൃതിയോടും ഒരുപോലെ മല്ലിട്ട് വിജയതീരം തൊടാൻ ഇന്ത്യയ്ക്ക് കരുത്തായി നിന്നവരാണ് നേപ്പാളിൽ നിന്നുള്ള ഗൂർഖാ പോരാളികൾ. ബ്രിട്ടീഷ്കാലം മുതൽ ഇന്നോളം ഇന്ത്യയുടെ അതിർത്തിക്ക് കാവൽ നിൽക്കുന്നവരിൽ പ്രധാനികളായി തുടരുകയാണവർ.
എന്നാൽ ബിജെപി സർക്കാർ ഇന്ത്യൻ സേനയിൽ നടപ്പാക്കിയ കരാർവൽക്കരണം ബാധിച്ചത് നമ്മുടെ അതിർത്തികളെ തന്നെയെന്ന് വ്യക്തം. ജോലിയുടെ സുരക്ഷിതത്വമില്ലായ്മയും പെൻഷൻ നഷ്ടവും മൂലം സുഖകരമല്ലാത്ത തൊഴിൽ സാഹചര്യമായി സൈനികവൃത്തി മാറുന്നുണ്ടെന്നാണ് പോരാളികളുടെ അടക്കംപറച്ചിൽ.