ഛത്തീസ്ഗഢ്: ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രിയായി ടിഎസ് സിങ് ദേവിനെ നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ഉപമുഖ്യമന്ത്രി ആയി സിങ് ദേവിനെ നിയമിച്ചത്. വരാനിരിക്കുന്ന ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന അവലോകന യോഗത്തിലാണ് നിയമനം പ്രഖ്യാപിച്ചത്. സിങ് ദേവിന്റെ നിയമനത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, 'ഞങ്ങള്‍ തയ്യാറാണ്' എന്ന അടിക്കുറിപ്പോടെ ഇരുവരുടെയും ചിത്രം പങ്കുവെച്ചു.
'അദ്ദേഹം വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവും കഴിവുള്ള ഭരണാധികാരിയുമാണ്. ഉപമുഖ്യമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സേവനം സംസ്ഥാനത്തിന് വളരെയധികം പ്രയോജനം ചെയ്യും' സിങ്ങിന്റെ നിയമനം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പറഞ്ഞു,
2018 ല്‍, 15 വര്‍ഷത്തിന് ശേഷം ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍, മുഖ്യമന്ത്രി കസേരയ്ക്കായി ഭൂപേഷ് ബാഗേലും ടിഎസ് സിങ് ദേവും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷത്തേക്ക് ബാഗേലിനും ബാക്കി പകുതി ദേവിനുമായി നിശ്ചയിച്ചു.
എന്നാല്‍, ഈ ഫോര്‍മുല നടപ്പാക്കിയില്ല. ദേവിനെ ഒതുക്കാനുളള നിരവധി ശ്രമങ്ങളും നടന്നു. അന്നുമുതല്‍ സിങ്ങും മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. 2023ലെ ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ് ഈ വര്‍ഷം നവംബറോടെ നടക്കാനിരിക്കുകയാണ്.