ഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരായ വധശ്രമക്കേസില്‍ നാല് പ്രതികള്‍ കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അക്രമികളുടെ കാര്‍ പോലീസ് കണ്ടെടുത്തു. ഭീം ആര്‍മി പ്രവര്‍ത്തകനും ആസാദിന്റെ കൂട്ടാളിയുമായ മനീഷ് കുമാറിന്റെ പരാതിയിലാണ് സഹരന്‍പൂരിലെ ദേവ്ബന്ദ് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ പരിക്കേറ്റ അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
വധശ്രമത്തിനൊപ്പം എസ്സി-എസ്ടി നിയമവും രജിസ്റ്റര്‍ ചെയ്ത കേസില്‍ ചുമത്തിയിട്ടുണ്ട്.എച്ച്ആര്‍ 70 ഡി 0278 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് കാറിലാണ് അക്രമികളെത്തിയതെന്നാണ് വിവരം. ജൂണ്‍ 28ന് ഡല്‍ഹിയില്‍ നിന്ന് ആസാദ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
സഹരന്‍പൂരിലെ ദേവ്ബന്ദിലെത്തിയപ്പോഴാണ് ആസാദിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പ് നടന്നത്. അദ്ദേഹത്തിന്റെ ഫോര്‍ച്യൂണര്‍ കാറിന് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ ആസാദിന്റെ മുതുകില്‍ പതിച്ച ശേഷം ബുള്ളറ്റ് പുറത്തേക്ക് പോയി. കാറില്‍ വെടിയുണ്ടയുടെ പാടുകള്‍ കണ്ടെത്തിയിരുന്നു. ആകെ നാല് റൗണ്ട് വെടിവയ്പാണ് നടന്നത്.
വെടിവെപ്പില്‍ ഇയാളുടെ കാറിന്റെ ഗ്ലാസുകളും തകര്‍ന്നു.ഹരിയാന നമ്പര്‍ കാറിലാണ് അക്രമികള്‍ എത്തിയത്. അക്രമികളെ തിരിച്ചറിയാന്‍ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് നിരന്തരം പരിശോധിച്ചു വരികയായിരുന്നു. ഇതിനിടെയാണ് അക്രമികള്‍ പിടിയിലായത്.