ഇംഫാല്‍: മണിപ്പൂര്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ ചുരാചന്ദ്പൂരിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതിനിടെ മണിപ്പൂര്‍ പൊലീസ് വഴിയില്‍ തടഞ്ഞു. വിഷണുപൂരില്‍ രാഹുല്‍ ഗാന്ധിയും സംഘവും എത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്.
റോഡില്‍ ബാരിക്കേഡ് വച്ച പൊലീസ് ഇത് നീക്കാന്‍ തയ്യാറായില്ല. കോണ്‍ഗ്രസ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ സംസാരിക്കുകയാണ്. ഈ വര്‍ഷം മെയ് മാസത്തില്‍ ആരംഭിച്ച വംശീയ കലാപം മുതല്‍ 50,000 ത്തോളം ആളുകള്‍ ഇപ്പോള്‍ സംസ്ഥാനത്തുടനീളമുള്ള 300 ലധികം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.
മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള കലാപത്തില്‍ ഇതുവരെ 100-ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മേയ് മൂന്നിന് പട്ടികവര്‍ഗ പദവിയ്ക്കായുള്ള മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്' സംഘടിപ്പിച്ചതിന് പിന്നാലെയാണ് ആദ്യം സംഘര്‍ഷമുണ്ടായത്.