നാനാത്വത്തിലെ ഏകത്വമായിരിക്കും എന്നും ഇന്ത്യയുടെ ഏകത്വം -രവീന്ദ്രനാഥ ടാഗോറിന്റെ വാക്കുകളാണിത്. ദൈവം ആഗ്രഹിച്ചിരുന്നെങ്കിൽ എല്ലാ ഇന്ത്യക്കാരും ഒരു ഭാഷയിൽ സംസാരിക്കുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവം നമ്മെ വ്യത്യസ്തരാക്കിയതിന് ഒരു കാരണമുണ്ട്. നാം അതിനെ മാനിക്കണം.
“നാനാത്വത്തിൽ ഏകത്വത്തിലെത്താനുള്ള നമ്മുടെ കഴിവ് നമ്മുടെ സംസ്കാരത്തിന്റെ സൗന്ദര്യവും പരീക്ഷണവുമായിരിക്കു’’മെന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഓർമിപ്പിക്കുന്നു. നാനാത്വമില്ലാതെ ഏകത്വം ഉണ്ടാകില്ല. ബഹുസ്വരതയിലും സഹിഷ്ണുതയിലുമാണ് ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നതെന്നു മുൻ രാഷ്ട്രപതി പ്രണബ് മുഖർജി തറപ്പിച്ചുപറഞ്ഞിരുന്നു. നൂറ്റാണ്ടുകളായുള്ള ആശയങ്ങളുടെ സ്വാംശീകരണത്തോടെയാണ് ഈ ബഹുസ്വരത ഉണ്ടായത്. മതേതരത്വമാണ് ഇന്ത്യക്കാരുടെ വിശ്വാസമെന്നും പ്രണബ് ഓർമിപ്പിച്ചു.
അസാധാരണമീ സംയോജനം
വിവിധങ്ങളായ സംസ്കാരങ്ങൾ, മതങ്ങൾ, ഗോത്രങ്ങൾ, ഭാഷകൾ എന്നിവയുടെ അസാധാരണ സംയോജനമാണ് ഇന്ത്യ. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ശക്തിയും സൗന്ദര്യവും. ജൈവ വൈവിധ്യം പോലെതന്നെ മനുഷ്യനും മതപരമായ വൈവിധ്യത്തിനും സംരക്ഷണം ആവശ്യമാണ്. മനുഷ്യരടക്കം എല്ലാ ജീവജാലങ്ങളുടെയും വൈവിധ്യം പൂന്തോട്ടത്തിലെ പൂക്കൾ പോലെ സൗന്ദര്യം നൽകും. പ്രകൃതിയിലെ വൈവിധ്യത്തിൽനിന്നാണു മനുഷ്യർ പാഠങ്ങളും ശക്തിയും നേടുന്നത്.
മറ്റൊരു രാജ്യത്തും കാണാത്ത വൈവിധ്യമാർന്ന ഭാഷകൾ, വസ്ത്രങ്ങൾ, ഭക്ഷണങ്ങൾ, മതങ്ങൾ, ജാതികൾ, വിശ്വാസങ്ങൾ, ആചാരങ്ങൾ തുടങ്ങിയവയാണ് ഇന്ത്യയുടെ വ്യത്യസ്തത. ഇൻഡസ് വാലി, ഹാരപ്പൻ തുടങ്ങി ആധുനികത വരെ നിരവധി സംസ്കാരങ്ങളുടെ സംഗമഭൂമിയാണിത്. ലോകത്തിലെ ഏതാണ്ടെല്ലാ മതങ്ങളും രാജ്യത്തുണ്ട്. മുഗൾ, ബ്രിട്ടീഷ് ഭരണകാലം മുതൽ സ്വതന്ത്ര ജനാധിപത്യ, മതേതര റിപ്പബ്ലിക് വരെയുള്ള കാലത്തിന്റെ ഒഴുക്കിലും ഭാരത സംസ്കാരത്തിന്റെ തനിമയാണു വൈവിധ്യവും ബഹുസ്വരതയും നാനാത്വത്തിലെ ഏകത്വവും.
ഒന്നു മാത്രമല്ല ഒന്നാകൽ
ഒരു രാഷ്ട്രം, ഒരു നിയമം, ഒരു തെരഞ്ഞെടുപ്പ്, ഒരു നികുതി, ഒരു ഭാഷ, ഒരു സംസ്കാരം, ഒരു മതം, ഒരു സ്വത്വം എന്നിവയൊക്കെ കേൾക്കാൻ സുഖമുള്ള മുദ്രാവാക്യങ്ങളാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ആർഎസ്എസ് അജൻഡയുടെ മുന്നൊരുക്കമാണ് ഇവയൊക്കെയെന്നതു സംശയം മാത്രമല്ല. തുല്യതയുടെ പേരിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായം ദുർബലരുടെയും ന്യൂനപക്ഷങ്ങളുടെയും മേൽ അടിച്ചേൽപ്പിക്കുന്നതല്ല ജനാധിപത്യം.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്താകെ ഏക വ്യക്തിനിയമം (യൂണിഫോം സിവിൽ കോഡ്-യുസിസി) നടപ്പാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും നീക്കം വിവാദമായതു വെറുതെയല്ല. ഒരു രാജ്യമെന്ന നിലയിൽ നിയമങ്ങൾ കഴിയുന്നത്ര ഒരുപോലെയാകുന്നതിനെ ആരും എതിർക്കില്ല. ജനതയ്ക്കാകെ തുല്യനീതിയും സമത്വവും ഉറപ്പാക്കുക പ്രധാനമാണ്. പക്ഷേ, രാഷ്ട്രീയ മുതലെടുപ്പിനായി ജനങ്ങളെ ഭിന്നിപ്പിച്ചാകരുത് ഇത്തരം നീക്കങ്ങളും നിയമങ്ങളും.
ഭൂരിപക്ഷവാദമല്ല; മറിച്ച്, നീതിനിർവഹണവും ജനതയുടെ ഐക്യവുമാകണം ഏക വ്യക്തിനിയമം. വ്യക്തിസ്വാതന്ത്ര്യം, അന്തസ്, സമത്വം, നീതി എന്നീ ഭരണഘടനാ മൂല്യങ്ങളാൽ നയിക്കപ്പെടുന്ന നീതിന്യായ സമൂഹത്തിന്റെ സൃഷ്ടിയായിരിക്കണം രാജ്യം. കപട ദേശീയതയും ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതും അപകടകരമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭൂരിപക്ഷവാദം പ്രകടമായ ഭീഷണിയാണ്. ഭൂരിപക്ഷ മതവും സംസ്കാരവും ആചാരങ്ങളും ഭാഷയും രാഷ്ട്രീയവുമൊക്കെ ദേശീയതയുമായി കൂട്ടിക്കുഴയ്ക്കുന്നത് രാജ്യത്തിന്റെ സ്വത്വത്തിനും ഭരണഘടനയുടെ സാരാംശത്തിനും കടകവിരുദ്ധമാണ്.
നിർദേശം നിർബന്ധമാകില്ല
ഏക വ്യക്തിനിയമം എന്താണെന്നു പരിശോധിക്കുന്പോൾ സാധ്യതയും അപകടവും തിരിച്ചറിയാനാകും. വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം, പിന്തുടർച്ചാവകാശം എന്നിവയുൾപ്പെടെയുള്ളവ മതവ്യത്യാസമില്ലാതെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ കൂട്ടമാണ് ഏക വ്യക്തിനിയമം എന്ന ഏകീകൃത സിവിൽ കോഡ്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ തുടങ്ങിയ വ്യക്തിനിയമങ്ങൾക്കു പകരമാണിത്. മതം, ജാതി, ആചാരങ്ങൾ, പാരന്പര്യങ്ങൾ, ലിംഗവ്യത്യാസം എന്നിവയൊന്നും പരിഗണിക്കാതെ എല്ലാവർക്കും ഒരു പൊതുനിയമം എന്നതാണു സങ്കല്പം.
ഹിന്ദു- ബുദ്ധ- ജൈന- സിക്കു മതങ്ങളിലെ എന്നിവരുടെ സ്ത്രീകളുടെ പിന്തുടർച്ചാവകാശങ്ങൾ നിയന്ത്രിക്കുന്നത് 1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരമാണ്. ക്രൈസ്തവർ, പാഴ്സികൾ, ജൂതർ എന്നിവർക്ക് 1925ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം ബാധകമാണ്. വിവാഹിതരും അവിവാഹിതരുമായ മക്കൾക്കു പൂർവികസ്വത്ത് അടക്കം മാതാപിതാക്കളുടെ സ്വത്തിൽ തുല്യാവകാശമുണ്ട്. എന്നാൽ മുസ്ലിം വ്യക്തിനിയമത്തിൽ ചില വ്യത്യാസങ്ങളുണ്ട്. പെണ്മക്കളുടെ വിഹിതം ആണ്മക്കളുടേതിനു പകുതിയാണ്. മക്കളുടെ എണ്ണമനുസരിച്ചാണു ഭർത്താവിന്റെ സ്വത്തിന്മേലുള്ള സ്ത്രീകളുടെ അർഹത. മുത്തലാക്ക് നിരോധിച്ചതുപോലെ ഇക്കാര്യത്തിലും അനീതി തടയുകയെന്നതാണു ലക്ഷ്യമെന്നാണു ബിജെപിയുടെ വാദം.
വിവാഹത്തെക്കുറിച്ചുള്ള സങ്കല്പം പോലും വിവിധ മതവിഭാഗങ്ങളിൽ വ്യത്യസ്തമാണ്. ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും മറ്റും വിവാഹം പവിത്രമായൊരു കൂദാശയാണ്. മുസ്ലിംകൾക്ക് ഒരു കരാറാണത്. പക്ഷേ നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാകണം. ആദിവാസികൾക്ക് അവരുടെ ഭൂമിയിലുള്ള അവകാശം നഷ്ടമാകുമെന്ന് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ സഖ്യകക്ഷികൾ ആശങ്കപ്പെടുന്നതും വെറുതെയല്ല.
ഇന്ത്യയിലാകെ ഒരു ഏകീകൃത സിവിൽ കോഡിന് ഭരണകൂടം ശ്രമിക്കണമെന്നു ഭരണഘടനയുടെ 44-ാം അനുച്ഛേദം പറയുന്നു. പക്ഷേ ഇതൊരു നിർദേശകതത്വം മാത്രമായാണു ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. അനുച്ഛേദം 37ൽ ഇതു വ്യക്തമാക്കുന്നുണ്ട്. മാർഗനിർദേശകതത്വങ്ങൾ നടപ്പാക്കാൻ കോടതികൾക്കും കഴിയില്ല. നിർബന്ധമായും നടപ്പാക്കേണ്ട നിയമത്തിൽനിന്ന് ഏക വ്യക്തിനിയമത്തെ ഭരണഘടനാ ശില്പികൾ ഒഴിവാക്കിയതു വിശദ ചർച്ചകൾക്കു ശേഷമാണ്. ഏക വ്യക്തിനിയമം ഈ ഘട്ടത്തിൽ ആവശ്യമോ അഭികാമ്യമോ അല്ലെന്ന് 21-ാം നിയമ കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. എങ്കിലും വ്യക്തിനിയമങ്ങളിലെ വിവേചനവും അസമത്വവും പരിഹരിക്കുന്നതിന് നിലവിലുള്ള കുടുംബനിയമങ്ങൾ പരിഷ്കരിക്കാനും ക്രോഡീകരിക്കാനും കമ്മീഷൻ ശിപാർശ ചെയ്തിരുന്നു; ശരിയുമാണത്.
അനീതിയിൽ പാവങ്ങൾ, സ്ത്രീകൾ
നീതി, സമത്വം, ഏകത തുടങ്ങിയവയുടെ മറവിൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിനാണു ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. രണ്ടു മാസത്തോളമായി മണിപ്പുർ കത്തിയെരിയുന്പോഴും മിണ്ടാത്ത പ്രധാനമന്ത്രി മോദിയുടെ ഏക വ്യക്തി നിയമത്തിനായുള്ള പരസ്യമായ ആഹ്വാനത്തെ സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല. മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാനും കലാപത്തിലെ ഇരകളെ സഹായിക്കാനും ഉത്തരവാദപ്പെട്ട സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും മൗനവും വീഴ്ചകളും അനാസ്ഥയും രാജ്യത്താകെ ചോദ്യം ചെയ്യപ്പെടുന്പോൾ അതിൽനിന്ന് ഒളിച്ചോടാനും ശ്രദ്ധ തിരിക്കാനും നടത്തുന്ന ഏതൊരു വാക്കും പ്രവൃത്തിയും ദുഃഖകരവും അപലപനീയവുമാണ്.
കുതിച്ചുയരുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്വേഷ കുറ്റകൃത്യങ്ങൾ, കാർഷിക- വ്യവസായ പ്രതിസന്ധി, ചൈനയുടെ കടന്നുകയറ്റങ്ങൾ, തീവ്രവാദം, ഭീകരത തുടങ്ങി രാജ്യം നേരിടുന്ന പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിച്ചുവിടാനും ജനങ്ങളെ ഭിന്നിപ്പിച്ചു വോട്ട് നേടാനുമാണ് മോദി ശ്രമിക്കുന്നതെന്നാണു കോണ്ഗ്രസിന്റെ ആരോപണം. ഏക വ്യക്തിനിയമം ആദ്യം ഹിന്ദുക്കൾക്കിടയിൽ നടപ്പാക്കട്ടെയെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രസ്താവനയും പ്രസക്തമാകും. പാർലമെന്റിൽ പോലും ചർച്ച ചെയ്യാതെ തിടുക്കത്തിൽ അടിച്ചേൽപ്പിക്കാനുള്ളതാകരുത് ഏക വ്യക്തിനിയമം.
എല്ലാ പൗരന്മാർക്കും മതവിഭാഗങ്ങൾക്കും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ കവരാതെ നോക്കേണ്ടതുണ്ട്. ആദിവാസി, ദളിത്, പട്ടികജാതി വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും പട്ടിണിപ്പാവങ്ങളും നേരിടുന്ന വിവേചനങ്ങളും അനീതികളും അതിക്രമങ്ങളും അവസാനിപ്പിക്കാനാകണം സർക്കാരുകളുടെ മുഖ്യശ്രദ്ധ. ലിംഗ, സാന്പത്തിക, ജാതി വിവേചനങ്ങൾക്കു മതപരമായ വേർതിരിവുകൾ കുറവാണ്. പാർലമെന്റിലും നിയമസഭകളിലും സ്ത്രീകളുടെയും പാവങ്ങളുടെയും പ്രാതിനിധ്യം ഇപ്പോഴും വളരെ കുറവാണ്. വലിയ ഭൂരിപക്ഷത്തോടെ ഒന്പത് വർഷം ഭരിച്ചിട്ടും വനിതാ സംവരണ ബിൽ പാസാക്കാൻ ബിജെപി തയാറായില്ല.
സമത്വസുന്ദര സമവായം
സ്വാതന്ത്ര്യവും സമത്വവും അടിച്ചേൽപ്പിക്കാൻ കഴിയില്ല. വ്യക്തിസ്വാതന്ത്ര്യം, തുല്യനീതി, സമത്വം എന്നിവ ഉറപ്പാക്കേണ്ടതുമുണ്ട്. അതിനാൽ കണ്ണുമടച്ച് എതിർക്കുകയോ അനുകൂലിക്കുകയോ വേണ്ട. ഗുണ, ദോഷങ്ങൾ വേരിതിരിക്കപ്പെടട്ടെ. അനാവശ്യ തിടുക്കം വേണ്ട. പാർലമെന്റിലും നിയമസഭകളിലും വിശദ ചർച്ചകളും നടക്കട്ടെ.
എത്ര നല്ല ആശയമായാലും ജനങ്ങളെ ഭിന്നിപ്പിക്കുന്നതാകരുത്. സ്വേച്ഛാധിപത്യ തീരുമാനങ്ങൾ ഗുണത്തേക്കാളേറെ ദോഷകരമാകും. ബന്ധപ്പെട്ട എല്ലാ മത, ഗോത്ര, രാഷ്ട്രീയ നേതാക്കൾ, സംഘടനകൾ തുടങ്ങിയവരുമായി വിപുലമായ കൂടിയാലോചനകൾ നടത്തി സമവായമുണ്ടാക്കേണ്ടതുണ്ട്. സമത്വം പോലെ സുന്ദരമാണ് സമവായവും സാഹോദര്യവും സ്വാതന്ത്ര്യവും.