ഡല്‍ഹി: ഉത്തരേന്ത്യയിലെ ജയിലുകളില്‍ കഴിയുന്ന പത്തിലേറെ കുപ്രസിദ്ധ ഗുണ്ടകളെ ആന്‍ഡമാന്‍ നിക്കോബാര്‍ ജയിലിലേക്ക് മാറ്റണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ച് എന്‍ഐഎ. നേരത്തെ ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും എന്‍ഐഎ ഉദ്യോഗസ്ഥരും തമ്മില്‍ ഏറെ നേരം ചര്‍ച്ച നടന്നിരുന്നു. കാലാപാനി എന്നും അറിയപ്പെടുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ജയിലിലെ തടവുശിക്ഷ വളരെ കര്‍ശനമായാണ് കണക്കാക്കുന്നത്.
ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ജയിലുകളില്‍ കഴിയുന്ന ഗുണ്ടകളെ ആന്‍ഡമാന്‍ ജയിലിലേക്ക് അയക്കാനാണ് എന്‍ഐഎ ആഗ്രഹിക്കുന്നതെന്ന് വൃത്തങ്ങള്‍ പറയുന്നു. ഈ ഗുണ്ടാസംഘങ്ങളുടെ ശൃംഖല തകര്‍ക്കുകയാണ് എന്‍ഐഎയുടെ ലക്ഷ്യം.
വാരിസ് പഞ്ചാബ് ഡി പ്രമുഖ് അമൃതപാല്‍ സിംഗും കൂട്ടാളികളും ഇപ്പോള്‍ ഉള്ള അസമിലെ ദിബ്രുഗഡ് സെന്‍ട്രല്‍ ജയിലിലേക്ക് ചില ഗുണ്ടകളെ അയക്കാനുള്ള സാധ്യതയും എന്‍ഐഎ പരിഗണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ചാബില്‍ നിരവധി കേസുകളില്‍ പ്രതിയാണ് അമൃതപാല്‍.