ഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന 2047-ൽ ഇന്ത്യയുടെ വളർച്ചയെ ഉയർത്തുക എന്ന ലക്ഷ്യത്തിന് വേണ്ടി 2024-ന് അപ്പുറത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച കേന്ദ്ര മന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ ആവശ്യം. പ്രഗതി മൈതാൻ കൺവെൻഷൻ സെന്ററിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായി.
2047 വരെയുള്ള കാലഘട്ടത്തെ പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത് സുവർണ്ണ കാലഘട്ടം എന്നാണ്. അടുത്ത 25 വർഷത്തിനുള്ളിൽ - 2047-ഓടെ-- ഒരുപാട് മാറ്റങ്ങളുണ്ടാകുമെന്നും ഉയർന്ന വിദ്യാഭ്യാസമുള്ള ഒരു തൊഴിൽ ശക്തിയുടെ ഉദയത്തിനും വിവിധ മേഖലകളിൽ അത്യാധുനിക സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിനും ഇന്ത്യ സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ, പ്രതിരോധ, റെയിൽവേ ഉൾപ്പെടെ വിവിധ മന്ത്രാലയങ്ങളെ പ്രതിനിധീകരിച്ച് നിരവധി സെക്രട്ടറിമാർ യോഗത്തിൽ സംസാരിച്ചു. എല്ലാ മന്ത്രാലയങ്ങളും അടുത്ത 25 വർഷത്തേക്കുള്ള ഇന്ത്യയുടെ വികസന പാതയുടെ അവതരണം നടത്തി.
യോഗത്തിന് ശേഷം, പ്രധാനമന്ത്രി മോദി അതിൽ പങ്കെടുത്ത മന്ത്രിമാരുടെ ചിത്രം ട്വിറ്ററിൽ പങ്കുവെക്കുകയും "വിവിധ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഞങ്ങൾ അഭിപ്രായങ്ങൾ കൈമാറിയ മന്ത്രിസഭാ സമിതിയുമായുള്ള ഫലപ്രദമായ കൂടിക്കാഴ്ച" എന്ന് ചിത്രത്തിന് അടിക്കുറിപ്പ് നൽകുകയും ചെയ്തു,
തന്റെ സർക്കാർ ഒമ്പത് വർഷത്തിനുള്ളിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, അടുത്ത ഒമ്പത് മാസത്തിനുള്ളിൽ എല്ലാ പ്രവർത്തനങ്ങളും ജനങ്ങളെ അറിയിക്കാൻ മന്ത്രി സഭയോട് ആവശ്യപ്പെടുകയും ചെയ്തു. അതത് മന്ത്രാലയങ്ങളുടെ 12 പ്രധാന നേട്ടങ്ങളുടെയും പദ്ധതികളുടെയും കലണ്ടർ തയ്യാറാക്കാനും അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തണമെന്നും അദ്ദേഹം മന്ത്രിമാർക്ക് നിർദ്ദേശം നൽകി.