ഡൽഹി: അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിലെ വിമത വിഭാഗം കൂടി എത്തിയതോടെ, മഹാരാഷ്ട്ര സർക്കാരിൽ സമൂല മാറ്റമുണ്ടാകുമെന്ന പ്രവചനവുമായി ശിവസേന (ഉദ്ധവ് താക്കറെ) നേതാവ് ആദിത്യ താക്കറെ.
/sathyam/media/post_attachments/Iyna7ouFL4PG76khmBeU.jpg)
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് സ്ഥാനം നഷ്ടമാകുമെന്നും ആദിത്യ താക്കറെ വ്യക്തമാക്കി. ഷിൻഡെയോട് സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടതായി ആദിത്യ അവകാശപ്പെട്ടു. ഷിൻഡെ സർക്കാർ ഒരു വർഷം പൂർത്തിയാക്കിയതിനു പിന്നാലെയാണ്, അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന പ്രവചനം.
‘‘മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടതായി ഞാൻ കേട്ടു. സർക്കാരിൽ തീർച്ചയായും ചില മാറ്റങ്ങൾ ഉണ്ടാകും’ – ആദിത്യ താക്കറെ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിമതർ പിന്തുണയുമായി എത്തിയതോടെ, ഏക്നാഥ് ഷിൻഡെ വിഭാഗത്തെ ബിജെപി ഒതുക്കുന്നതായി റിപ്പോർട്ടുകൾ സജീവമാണ്. അജിത്തിന്റെയും സംഘത്തിന്റെയും വരവിൽ അതൃപ്തരായ ഷിൻഡെ വിഭാഗത്തിലെ ചില എംഎൽഎമാർ ഉദ്ധവ് താക്കറെയ്ക്കൊപ്പം തിരികെ പോയേക്കുമെന്ന റിപ്പോർട്ടുകളും സജീവമാണ്.
ഷിൻഡെയ‌്ക്ക് ഒപ്പമുള്ള ഇരുപതോളം എംഎൽഎമാർ തിരിച്ചുവരാൻ താൽപര്യം അറിയിച്ച് ബന്ധപ്പെട്ടതായി ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് അവകാശപ്പെട്ടിരുന്നു. 17–18 എംഎൽഎമാർ തങ്ങളെ ബന്ധപ്പെട്ടെന്നാണ് റാവത്ത് അവകാശപ്പെട്ടത്.