ഹൈദരാബാദ്: ഇക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലുങ്കാനയിൽ, മിഷൻ മോഡി ഇംപാക്ട് പ്രചാരണ പരിപാടിക്ക് തുടക്കമിട്ട് ബി.ജെ.പി. കർണാടകത്തിൽ മോഡിയെ ഇറക്കി കാടിളക്കിയുള്ള പ്രചാരണം ചീറ്റിപ്പോയതാണെങ്കിലും തെലുങ്കാനയിൽ ഫലം കാണുമെന്ന് ബിജെപി കരുതുന്നു. അതിനാലാണ് സംസ്ഥാനത്തിന് വമ്പൻ പദ്ധതികളുമായി മോഡി നേരിട്ട് തെലുങ്കായിൽ പറന്നെത്തിയത്.
തെലങ്കാനയിൽ 5,550 കോടി രൂപ ചെലവിൽ നിർമിക്കുന്ന ദേശീയപാതാ പദ്ധതിയും 500 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കാസിപ്പേട്ടിലെ റെയിൽവേ നിർമാണ യൂണിറ്റും ഉദ്ഘാടനം ചെയ്‌തു. ദനാഗ്പുർ-വിജയവാഡ ഇടനാഴിയുടെ 108 കിലോമീറ്റർ നീളമുള്ള മഞ്ചേരിയൽ-വാറങ്കൽ ഭാഗം, ദേശീയ പാതാ 563 ൽ 68 കിലോമീറ്റർ ദൈർഘ്യമുള്ള കരിംനഗർ - വാറങ്കൽ ഭാഗം നാലുവരിപ്പാതയാക്കൽ എന്നിവയ്‌ക്ക് അദ്ദേഹം തറക്കല്ലിട്ടു.
പുതിയ സംസ്ഥാനമായ തെലങ്കാനയിലെ ജനങ്ങൾക്ക് ഇന്ത്യൻ ചരിത്രത്തിൽ നിർണായക സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വാറങ്കലിൽ 6100കോടിയുടെ അടിസ്ഥാന സൗകര്യ വികസനപദ്ധതികളും പ്രഖ്യാപിച്ചു.
ഇന്നത്തെ ഇന്ത്യ യുവാക്കളുടെ ഊർജത്താൽ സമ്പന്നമാണെന്നും 21-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തെ പൂർണമായി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹൈവേകളും അതിവേഗ പാതകളും സാമ്പത്തിക ഇടനാഴികളും വികസന പാതയിൽ വിപ്ളവം സൃഷ്ടിക്കുകയാണ്. മേക്ക് ഇൻ ഇന്ത്യ രാജ്യത്തെ യുവാക്കൾക്ക് വലിയ തൊഴിൽ സ്രോതസ്സായി മാറുന്നു. തെലങ്കാന ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജൻ, കേന്ദ്ര ഗതാഗത - മന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര വിനോദസഞ്ചാര മന്ത്രിയും തെലങ്കാന ബി.ജെ.പി അദ്ധ്യക്ഷനുമായ ജി.കിഷൻ റെഡ്ഡി, ബൻഡി സഞ്ജയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തെലങ്കാന കുടുംബ രാഷ്‌ട്രീയത്തിൽ കുടുങ്ങിയെന്നും ബി.ആർ.എസ് നേതാവും മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവുവിനെ(കെ.സി.ആർ) ലക്ഷ്യമിട്ട് മോദി പറഞ്ഞു. കെ.സി.ആറിന്റേത് ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരെന്ന് വാറങ്കലിൽ നടന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
അവർ ഒരു കുടുംബത്തെ അധികാര കേന്ദ്രമാക്കി, അവർ തെലങ്കാനയുടെ സാമ്പത്തിക വികസനത്തെ തടസപ്പെടുത്തി. അഴിമതിയിലേക്ക് തള്ളി- മോഡി പറഞ്ഞു. അതേസമയം, മോഡി സംസ്ഥാനത്ത് എത്തുമ്പോഴെല്ലാം കാണാൻ കൂട്ടാക്കാതെ മാറിപ്പോവുകയാണ് ചന്ദ്രശേഖർ റാവുവിന്റെ രീതി. തുടർച്ചയായി ഇങ്ങനെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നത് ദേശീയതലത്തിൽ വൻ വാർത്തയായിരുന്നു.