ഡൽഹി: ഉത്തരേന്ത്യയെ മുക്കിയ കനത്തമഴയിൽ വൻ നാശനഷ്ടവും ജീവഹാനിയും. മണ്ണിടിച്ചിലിലും പേമാരിയിലും പെട്ട് വിവിധ ഇടങ്ങളിലായി രണ്ടു ദിവസങ്ങളിലായി 24 പേരാണ് മരിച്ചത്. നഗരങ്ങളെല്ലാം വെള്ളത്തിലാണ്. റോഡുകളും കെട്ടിടങ്ങളും വെള്ളം മൂടിയപ്പോൾ വിവിധ സ്ഥലങ്ങളിൽ നിരവധി പേർ ഒറ്റപ്പെട്ടു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
/sathyam/media/post_attachments/eLImeiTYRFOAnebyGkXn.jpg)
മിന്നൽ പ്രളയമുണ്ടായ ഹിമാചൽ പ്രദേശിലെ കുളുവിലും മണാലിയിലും ജനജീവിതം ദുസഹമായി. ടൂറിസ്റ്റ് കേന്ദ്രമായ മണാലി ഒറ്റപ്പെട്ടു. മണാലിക്ക് സമീപം വര്‍ക്കല സ്വദേശി യാക്കൂബും കൊല്ലം സ്വദേശി സെയ്ദലിയും കുടുങ്ങികിടക്കുകയാണെന്നും ഇന്നലെ രാവിലെ മുതൽ ഇവരെ ഫോണിൽ ബന്ധപ്പെടാനാകുന്നില്ലെന്നും റിപ്പോർട്ട്. കുളുവിൽ ബിയാസ് നദി കരകവിഞ്ഞ് ഒട്ടേറെ കാറുകൾ ഒഴുകിപ്പോയി. പാലങ്ങൾ തകർന്നു പ്രദേശങ്ങൾ ഒറ്റപ്പെട്ടു.
41 വർഷത്തിനിടെ ഏറ്റവും കനത്ത മഴയാണു ഡൽഹിയിലുണ്ടായത് (153 മില്ലി മീറ്റർ). പല റോഡുകളും വെള്ളക്കെട്ടുകാരണം അടച്ചിട്ടു. ഡൽഹിയിൽ ഇന്നു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഉത്തര റെയിൽവേ 17 ട്രെയിനുകൾ റദ്ദാക്കി. 12 എണ്ണം വഴിതിരിച്ചുവിട്ടു. പ്രളയബാധിത പ്രദേശം നിരീക്ഷിക്കുന്നതിനായി ഡൽഹി സർക്കാർ 16 കൺട്രോൾ റൂമുകൾ തുറന്നു.