രാഹുൽ ഗാന്ധി പുതിയ വീട്ടിലേക്ക് ഉടൻ മാറിയേക്കും; മാറുന്നത്‌ ഷീല ദീക്ഷിത് താമസിച്ചിരുന്ന നിസാമുദ്ദീൻ ഈസ്റ്റിലെ ബി2 വസതിയിലേക്ക്

New Update

ഡൽഹി: ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ ഔദ്യോഗിക വസതി ഒഴിയേണ്ടി വന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുതിയ വീട്ടിലേക്ക് ഉടൻ മാറിയേക്കും. സൗത്ത് ഡൽഹിയിൽ മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് താമസിച്ചിരുന്ന നിസാമുദ്ദീൻ ഈസ്റ്റിലെ ബി2 വസതിയിലേക്കാണു രാഹുൽ മാറുകയെന്നാണു റിപ്പോർട്ട്.

Advertisment

publive-image

നേരത്തെ ‌തുഗ്ലക് ലെയ്‌നിലെ ഒൗദ്യോഗിക വസതിയൊഴിഞ്ഞ രാഹുൽ, അമ്മ സോണിയ ഗാന്ധിയുടെ‌ ജൻപഥിലെ വസതിയിലാണ് ഇപ്പോൾ താമസം. രാഹുലിന്റെ ഓഫിസിന്റെ പ്രവർത്തനവും അങ്ങോട്ടു മാറ്റിയിരുന്നു. 1991 മുതൽ 1998 വരെ ഷീല ദീക്ഷിത് താമസിച്ചിരുന്നതാണു രാഹുലിന്റെ പുതിയ വീട്. ഒരിടവേളയ്ക്കുശേഷം 2015ൽ ഇവിടേക്ക് ഷീല മടങ്ങിയെത്തി. സമീപത്തെ മറ്റൊരു വീട്ടിലേക്കു മാറുകയാണെന്നു ഷീലയുടെ മകൻ സന്ദീപ് ദീക്ഷിത് സുഹൃത്തുക്കളെ അറിയിച്ചിരുന്നു.

സന്ദീപ് മാറുകയാണെന്ന് അറിഞ്ഞതോടെയാണ് ഷീല ദീക്ഷിതിന്റെ ഓർമകളുള്ള വസതി പുതിയ വീടാക്കാൻ രാഹുൽ തീരുമാനിച്ചതെന്നാണു ദേശീയ മാധ്യമം പറയുന്നത്. ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്നു വിധിച്ച മജിസ്ട്രേട്ട് കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം കഴിഞ്ഞദിവസം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ രാഹുലിന്റെ ലോക്സഭാംഗത്വത്തിലെ അയോഗ്യത തുടരും.

2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ, ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്നു രാഹുൽ പറഞ്ഞത് അപകീർത്തിയുണ്ടാക്കിയെന്നാണു കേസ്. ബിജെപി ഗുജറാത്ത് എംഎൽഎ പൂർണേശ് മോദി നൽകിയ പരാതിയിലാണ് മാർച്ച് 23നു സൂറത്ത് മജിസ്ട്രേട്ട് കോടതി രാഹുലിന് 2 വർഷം തടവും പിഴയും വിധിച്ചത്.

Advertisment