മണിപ്പുരിനും മണിപ്പുരികൾക്കും ഇന്ത്യക്കും വേണ്ടതു സമാധാനവും സുരക്ഷയും സന്തുലിത വികസനവുമാണ്. ഇതു മൂന്നും പക്ഷേ അകലെയാണ്. കേന്ദ്രത്തിലെയും മണിപ്പുരിലെയും ബിജെപി സർക്കാരുകൾ ഇക്കാര്യങ്ങളിൽ കുറ്റകരമായ മൗനം, നിസംഗത, അനാസ്ഥ, പക്ഷംപിടിക്കൽ, തെറ്റായ നടപടികൾ തുടങ്ങിയവയുമായി കഴിയുന്നു. മേയ് മൂന്നിനു കലാപം തുടങ്ങി നാളെ 75 ദിവസം തികയുന്പോഴും സമാധാനവും സുരക്ഷയും അകലെയാണ്. റഷ്യ- യുക്രെയ്ൻ യുദ്ധം പോലെ മണിപ്പുരിലെ മെയ്തെയ്- കുക്കി കലാപവും മാസങ്ങൾ നീണ്ടേക്കാം. ഇതേവരെ കേട്ടതിലും വായിച്ചതിലും സങ്കീർണമാണു പ്രശ്നം.
വംശീയവും ചരിത്രപരവും വർഗീയവും മുതൽ സംവരണ ആനുകൂല്യങ്ങളും മയക്കുമരുന്ന്- ആയുധ- ഭൂമി മാഫിയകളുമടക്കം നിരവധി പ്രശ്നങ്ങൾ ഇഴചേർന്നു സങ്കീർണമാണ് മണിപ്പുരിലെ പ്രതിസന്ധി. ആരോ നശിപ്പിച്ച ഒരു ചിലന്തിവല പോലെ! ഭൂരിപക്ഷമായ മെയ്തെയ്കളും ഗോത്രവർഗങ്ങളിലെ ഒരു വിഭാഗമായ കുക്കികളും തമ്മിലുള്ള കൊലയും കൊള്ളിവയ്പും അക്രമങ്ങളും രണ്ടു മാസം പിന്നിട്ടപ്പോഴും വ്യാജപ്രചാരണങ്ങളും ഏകപക്ഷീയ നടപടികളും ആവർത്തിക്കുന്നു. പുറമേ കാണുന്നതിനേക്കാൾ ആഴത്തിലാണ് ഇരുഭാഗത്തെയും ഹൃദയമുറിവുകളും പരസ്പര വിദ്വേഷവും അവിശ്വാസവും. ശത്രുസംഹാര യുദ്ധത്തിനു സമാനം.
വിദ്വേഷം, വാശി, നിരാശ, ആശങ്ക
കലാപബാധിത മണിപ്പുരിലെ ഏറ്റവും സംഘർഷമേഖലകളിലും ദുരിതാശ്വാസ ക്യാന്പുകളിലും ദിവസങ്ങൾ നീണ്ട പഠന, പര്യടനത്തിനുശേഷമാണ് ദീപിക ലേഖകൻ ഇതെഴുതുന്നത്. മെയ്തെയ്- കുക്കി പോരാട്ടമേഖലകളിലൂടെ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ തുടങ്ങിയ പര്യടനം വ്യാഴാഴ്ച വൈകുന്നേരം ഡൽഹിയിലേക്കു തിരികെ വിമാനം കയറുന്നതുവരെ തുടർന്നു. ചില ദിവസങ്ങളിൽ രാവിലെ ആറു മുതൽ രാത്രി 12 വരെ യാത്രകളും കൂടിക്കാഴ്ചകളും നീണ്ടു. സംഘർഷപ്രദേശങ്ങളിലൂടെ ഏഴു മുതൽ 14 വരെ കിലോമീറ്ററുകൾ ദിവസവും നടന്നിരുന്നതായി മൊബൈലിലെ ആപ് വെളിപ്പെടുത്തിയപ്പോഴാണു കാൽനട യാത്രകളുടെ ദൂരം തിരിച്ചറിഞ്ഞത്.
ഇതിനിടെ സമുദായ-രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, മുതിർന്ന പത്രപ്രവർത്തകർ, ക്യാന്പുകളിലും അല്ലാതെയും കഴിയുന്ന ഇരകൾ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ, വീടും ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ടവർ, പൂർണമായി കത്തിച്ചാന്പലാക്കിയ സ്കൂളുകളിലെ മാനേജർമാർ, അധ്യാപകർ, വിദ്യാർഥികൾ, ക്രൈസ്തവ ദേവാലയങ്ങളിലെ വൈദികർ തുടങ്ങി ഇരുവിഭാഗങ്ങളുടെയും നൂറുകണക്കിന് ആളുകളുമായി വിശദ ചർച്ചകൾ നടത്താനുമായി. പലരുടെയും മനസിലെ വേദനയും വിഷമവും വിദ്വേഷവും വാശിയും ആശങ്കയും നിരാശയും രോഷവുമെല്ലാം സംസാരത്തിനിടയിൽ മുഖത്തു തെളിയുന്നുണ്ടായിരുന്നു. ചിലർക്കു വിദ്വേഷവും വീറും വാശിയുമെങ്കിൽ മറ്റു ചിലർക്കു സങ്കടവും ഭരണാധികാരികളെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള നിരാശയും ആകുലതകളും അരിശവുമായിരുന്നു. പക്ഷം പിടിക്കാത്തവർ നന്നേ കുറവാണ്.
സൈനികർക്ക് ബിഗ് സല്യൂട്ട്
പട്ടാളവാഹനത്തിൽ പട്ടാള അകന്പടിയോടെയുള്ള യാത്രയ്ക്കിടെ രണ്ടു വലിയ ബോംബ് സ്ഫോടനങ്ങളിൽനിന്നു ലേഖകൻ കഷ്ടിച്ചു രക്ഷപ്പെട്ടതിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല. ജമ്മു- കാഷ്മീരിലെ ഇന്ത്യ- പാക് അതിർത്തിയിൽ 2002ലുണ്ടായ സൈനികസംഘർഷ കാലത്ത് ഷെല്ലാക്രമണത്തിൽനിന്നു രക്ഷപ്പെട്ടതിന് സമാനമായൊരു അനുഭവമായിരുന്നു അത്. ചുരാചന്ദ്പുർ-ബിഷ്ണുപുർ ജില്ലകളിലെ കംഗ്വെയ്, മൊയ്രാംഗ്, ക്വക്ത തുടങ്ങി ഇരുവിഭാഗങ്ങളും അതിർത്തി പങ്കിടുന്ന ഏറ്റവും സംഘർഷഭരിതമായ ഗ്രാമങ്ങളിലൂടെയുള്ള യാത്രയ്ക്കിടെ രാത്രി 7.11നായിരുന്നു സംഭവം.
ഡൽഹിയിൽനിന്നെത്തിയ പത്രപ്രവർത്തകനെ സുരക്ഷിതമായി തിരികെയെത്തിക്കാൻ സൈനിക മേധാവികളും പട്ടാളക്കാരും നടത്തിയ പ്രത്യേക താത്പര്യവും സുരക്ഷാ ക്രമീകരണങ്ങളും നന്ദിയോടെ ഓർക്കുന്നു. എത്ര ദുഷ്കര സാഹചര്യങ്ങളിലും നാടിനും ജനങ്ങൾക്കും സുരക്ഷ ഉറപ്പാക്കാൻ പ്രയത്നിക്കുന്ന സൈനികർക്കെല്ലാം ബിഗ് സല്യൂട്ട്. കലാപത്തിൽ എന്തുകൊണ്ട് സൈന്യം കാഴ്ചക്കാരായി നിൽക്കുന്നുവെന്ന് പിന്നീടെഴുതാം.
രണ്ടു രാജ്യങ്ങൾ പോലെ ...
രണ്ടു രാജ്യങ്ങൾ പോലെയാണ് മെയ്തെയ് താഴ്വരകളും ഗോത്രവർഗക്കാരുടെ മലനിരകളും. ഇന്ത്യക്കകത്തുതന്നെ രണ്ടു സ്വതന്ത്ര റിപ്പബ്ലിക്കുകൾ പോലെയാണോ എന്നു സംശയിക്കാം. മ്യാൻമറുമായി നീണ്ട അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ ഏറ്റവും കിഴക്കൻ സംസ്ഥാനമായ മണിപ്പുരിൽ ഭൂരിപക്ഷമായ മെയ്തെയ്കളും കുക്കി, നാഗ തുടങ്ങിയ ഗോത്രവർഗങ്ങളും സ്വന്തം നിയമങ്ങളും സ്വന്തം സുരക്ഷാ സംവിധാനങ്ങളുമായാണ് പരസ്യമായി പ്രവർത്തിക്കുന്നത്. ഇരുവിഭാഗങ്ങളിലെയും ജനങ്ങൾ ആധുനിക തോക്കുകളും പൈപ്പ് ബോംബുകളും വെട്ടുകത്തികളും ഉപയോഗിക്കുന്നതും രഹസ്യമായല്ല.
മെയ്തെയ്-കുക്കി വിഭാഗങ്ങളെ വേർതിരിക്കുന്ന അതിർത്തിഗ്രാമങ്ങളിൽ എല്ലായിടത്തും താത്കാലിക ബങ്കറുകൾ സ്ഥാപിച്ച് തോക്കുകളും ബോംബുകളുമായാണു ശത്രുവിനെ നേരിടാൻ കാത്തിരിക്കുന്നത്. മണൽച്ചാക്കുകൾകൊണ്ടു ചുറ്റും വേലി കെട്ടി ടിൻ ഷീറ്റുകളും ചാക്കുകളും ഉപയോഗിച്ച് മറച്ചാണു ബങ്കറുകൾ സ്ഥാപിച്ചിരിക്കുന്നത്. ഓരോ ബങ്കറിലും നാലു മുതൽ എട്ടുവരെ യുവാക്കൾ തോക്കുകളേന്തി കാവലിരിക്കുന്നു. സ്വന്തം ജനതയ്ക്കായി ജീവൻ വെടിയാനും ഭയമില്ലെന്ന് മെയ്തെയ് മേഖലയിലെ ബങ്കറിലുണ്ടായിരുന്നു 32-കാരൻ ദീപികയോടു പറഞ്ഞു. ശത്രുവിനെ ഉന്മൂലനം ചെയ്യുന്നതു വരെ പോരാടുമെന്നു വരെ ഇരുഭാഗത്തെയും ചില യുവാക്കൾ ആണയിടുന്നു.
ക്രൈസ്തവവേട്ട യാദൃച്ഛികമല്ല
ഇരുവിഭാഗവും പരസ്പരം സാന്പത്തിക ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട്. കുക്കി മേഖലയിലേക്ക് അവശ്യസാധനങ്ങൾ പോലും എത്തിക്കുന്നത് അയൽസംസ്ഥാനങ്ങളായ മിസോറമിൽനിന്നും നാഗാലാൻഡിൽനിന്നുമാണ്. രണ്ടു മാസത്തിലേറെയായി ഇന്റർനെറ്റ് നിരോധനവും തുടരുന്നു. കൃഷിയും ജോലിയും പഠനവും മുടങ്ങിയതിനാൽ സാധാരണക്കാരും പാവങ്ങളും വലിയ ദുരിതത്തിലാണ്.
മെയ്തെയ്കളെ കൂടി പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള ബിജെപിയുടെ ബിരേൻ സിംഗ് മന്ത്രിസഭയുടെ നീക്കത്തിനെതിരേ കുക്കികളും നാഗകളുമടക്കം ഗോത്രവർഗം ഒരുമിച്ചാണ് പ്രതിഷേധം തുടങ്ങിയതെങ്കിലും ഇപ്പോൾ കുക്കികൾ മാത്രമാണുള്ളത്. കുക്കികളെ മാത്രം ആക്രമിക്കാനും നാഗ വീടുകളും പള്ളികളും സ്ഥാപനങ്ങളും ഒഴിവാക്കാനുമുള്ള മെയ്തെയ് തന്ത്രം വിജയിച്ചു. ബിജെപിയും മെയ്തെയ്കളും അവകാശപ്പെടുന്നതുപോലെ സ്വാഭാവികമായ ജനക്കൂട്ട രോഷമായിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു.
കൃത്യമായ ആസൂത്രണം
മാസങ്ങളും ആഴ്ചകളും ദിവസങ്ങളും നീണ്ട കൃത്യമായ ആസൂത്രണം കലാപത്തിനു പിന്നിലുണ്ടെന്നതിൽ സംശയമില്ല. ഇക്കാര്യം മെയ്തെയ്കളും കുക്കികളും രഹസ്യമായും കുറേയൊക്കെ പരസ്യമായും സമ്മതിക്കുന്നു. കുക്കികളുടേതിനു പുറമെ മെയ്തെയ്കളുടെയും നഗരത്തിലെ വലിയ കത്തോലിക്കാ, ബാപ്റ്റിസ്റ്റ് ദേവാലയങ്ങൾ അടക്കമുള്ള പാടെ തകർത്തു. പള്ളികളുടെ വാതിലുകളും ജനലുകളും തകർത്ത് തിരുസ്വരൂപങ്ങളും ചിത്രങ്ങളും അടിച്ചുതകർത്തു. അൾത്താരയിലെ സക്രാരി വരെ തകർത്തു നിലത്തിട്ട് പെട്രോളൊഴിച്ചു കത്തിച്ചു. നൂറുകണക്കിന് അക്രമികൾ ഒരുമിച്ചെത്തി മണിക്കൂറുകൾ കൊണ്ടാണു പലതും മുച്ചൂടും തകർത്തത്. പോലീസും സർക്കാരും അക്രമം തടയാൻ ശ്രമിച്ചതു പോലുമില്ല.
കുക്കികളെ വംശീയമായും ക്രൈസ്തവരെ വർഗീയമായും ഉന്മൂലനം ചെയ്യാനും ഭയപ്പെടുത്തി തങ്ങളുടെ വഴിക്കാക്കാനുമുള്ള ഗൂഢലക്ഷ്യം മനസിലാക്കാൻ വലിയ പ്രയാസമില്ലെന്ന് ഇക്കൂട്ടർ പറയുന്നു. സംഭവത്തിനു മുന്പായി ചില പ്രധാന ആർഎസ്എസ്, ബിജെപി നേതാക്കൾ മണിപ്പുരിലെത്തിയതിലും സംശയിക്കാതെ തരമില്ലെന്ന് കുക്കികൾ ചൂണ്ടിക്കാട്ടുന്നു. മെയ്തെയ്കളും കുക്കികളും തമ്മിലുള്ള പ്രശ്നമോ, പട്ടികജാതി സംവരണമോ, ഭൂമി പ്രശ്നമോ മാത്രമായിരുന്നെങ്കിൽ മെയ്തെയ്കളുടെ നിരവധി ക്രൈസ്തവ ദേവാലയങ്ങൾകൂടി തകർത്തത് എന്തിനെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. വംശീയ സംഘർഷത്തിന്റെ മറവിൽ വർഗീയ ദുഷ്ടലാക്ക് മറനീക്കിയെന്നു മണിപ്പുരിലെ ക്രൈസ്തവർ വിശ്വസിക്കുന്നു.
മോദിയുടെ മൗനം ദുരൂഹം
അമേരിക്ക, യൂറോപ്യൻ യൂണിയൻ, ആംനസ്റ്റി ഇന്റർനാഷണൽ അടക്കം ലോകരാജ്യങ്ങൾ നയതന്ത്ര മര്യാദകൾ പോലും വിട്ട് മണിപ്പുർ കലാപത്തിനെതിരേ പരസ്യവിമർശനം നടത്തിയിട്ടും ഇന്ത്യൻ പ്രധാനമന്തി പാലിക്കുന്ന ദുരൂഹമൗനം സംശയങ്ങളും അവിശ്വാസവും വിടവുകളും കൂട്ടുന്നു. രാജ്യം കണ്ട ഏറ്റവും ദൈർഘ്യമേറിയ ആഭ്യന്തരകലാപത്തിൽ സമാധാനത്തിന് ആഹ്വാനം പോലും ചെയ്യാനാകാതെ നരേന്ദ്ര മോദിയുടെ വായ് അടച്ചതിനു കാരണം അദ്ദേഹംതന്നെ വെളിപ്പെടുത്തട്ടെ. മണിപ്പുരിലേത് വംശീയവും വർഗീയവുമായ ഉന്മൂലനവും മനുഷ്യാവകാശ ലംഘനവുമാണെന്ന് വിദേശികൾ പറയേണ്ട ആവശ്യമില്ല.
ജൂലൈ നാലുവരെ 142 പേർ കൊല്ലപ്പെടുകയും 5,053 കത്തിക്കുത്ത് കേസുകൾ ഉണ്ടാകുകയും 54,488 പേർ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നുവെന്നും സുപ്രീംകോടതിയിൽ മണിപ്പുർ ചീഫ് സെക്രട്ടറി വിനീത് ജോഷി നൽകിയ സത്യവാങ്മൂലം പറയുന്നു. മരിച്ചവരും പരിക്കേറ്റവരും സർക്കാർ കണക്കിലേതിനേക്കാൾ വളരെ കൂടുതലാണെന്ന് കുക്കികളും മെയ്തെയ്കളും പറഞ്ഞു.
വിദ്യാർഥികളടക്കം മണിപ്പുരിലെ ലക്ഷക്കണക്കിന് പൗരന്മാർക്കു രണ്ടു മാസത്തിലേറെയായി ഇന്റർനെറ്റ് സേവനം വിലക്കിയതും മനുഷ്യാവകാശ ലംഘനമാണ്. ഇന്റർനെറ്റ് അടക്കമുള്ള സർക്കാർ സേവനങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കട്ടെ. കലാപത്തിലേക്കു നയിച്ചതിൽ ഒരു കാരണമായ കേന്ദ്രഫണ്ടിന്റെ വിനിയോഗത്തിലും വികസനത്തിലുമുള്ള അസന്തുലിതാവസ്ഥ പരിഹരിക്കപ്പെടണം. കലാപത്തിലെ ഇരകൾക്കു സുരക്ഷയും സമാധാനവും ആശ്വാസവും പുനരധിവാസവും എത്തിക്കാനും ഭരണാധികാരികൾക്കു കടമയുണ്ട്.
രാജധർമം പാലിക്കാനാകണം
കുക്കി, മെയ്തെയ് ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും ഒരു മേശയ്ക്കു ചുറ്റുമിരുത്തി പ്രശ്നപരിഹാരം ഉണ്ടാക്കാൻ കേന്ദ്രസർക്കാർ ഇനിയും വൈകരുത്. ഭരണഘടനാപരമായ ചുമതല നിറവേറ്റാത്ത മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിംഗിനെ പുറത്താക്കാനുള്ള ആർജവം പ്രധാനമന്ത്രിക്കുണ്ടാകണം. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് രാജധർമത്തെക്കുറിച്ച് മോദിയെ ഓർമിപ്പിച്ചതെങ്കിലും മറക്കരുത്. സ്വാതന്ത്ര്യം, സാഹോദര്യം, സുരക്ഷ, സമാധാനം എന്നിവയിൽ വീഴ്ചയരുത്.