ശ്രീഹരിക്കോട്ട: വിജയകരമായി വിക്ഷേപിച്ച ചന്ദ്രയാൻ-3 പേടകം ലക്ഷ്യസ്ഥാനമായ ചന്ദ്രനിൽ എത്തിച്ചേരാൻ ആറാഴ്ച സമയം വേണം. ചന്ദ്രനിൽ സോഫ്‍റ്റ് ലാൻഡിംഗ് നടത്തിയെന്ന ശുഭവാർത്തയ്ക്കായി രാജ്യം ആഗസ്റ്റ് 23വരെ കാക്കണം. അതുവരെ രാപകൽ ഒരു പോള കണ്ണടയ്ക്കാതെ പേടകത്തെ നിരീക്ഷിക്കുകയായിരിക്കും ഇസ്രോയിലെ ശാസ്ത്രജ്ഞർ. അതുവരെ ഭൂമിക്കടുത്തുള്ള ഭ്രമണപഥത്തിൽ ചുറ്റിക്കറങ്ങുകയായിരിക്കും നമ്മുടെ ചാന്ദ്രപേടകം. അടുത്ത ആറു ദിവസങ്ങളിൽ ഭൂമിക്കടുത്ത് 170കിലോമീറ്ററും 36,500 കിലോമീറ്റർ അകലെയും വരുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിലാണ് ചന്ദ്രയാൻ-3 ഉണ്ടാവുക.
ഭൂമിയെ നിരന്തരം വലംവയ്ക്കുകയാണ് ഇപ്പോൾ പേടകം ചെയ്യുന്നത്. ഓരോ കറക്കത്തിലും ഭ്രമണപഥത്തിന്റെ വലിപ്പം കൂട്ടികൊണ്ടിരിക്കും. ഭൂമിയിൽ നിന്ന് 3.84 ലക്ഷം കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ. അവിടെയെത്തിപ്പെടാൻ ആദ്യം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തണം. ഇതിനായി ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ ആദ്യം മാറും.
ഏഴാമത്തെ ദിവസം, ജൂലായ് 21നാണ് ചന്ദ്രയാൻ ഭൂമിയെ വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുക. ചന്ദ്രൻ ഭൂമിയുടെ 3.63ലക്ഷം കിലോമീറ്റർ അടുത്ത് എത്തുമ്പോഴായിരിക്കും ഈ മാറ്റം. പിന്നെ പേടകം ചന്ദ്രനെ വലംവെച്ചുകൊണ്ടിരിക്കും. ഓരോ ചുറ്റലിലും ഭ്രമണപഥത്തിന്റെ വലിപ്പം കുറച്ചുകൊണ്ടുവന്ന് ചന്ദ്രന്റെ 100കിലോമീറ്റർ അടുത്ത് എത്തും. ഇതിന് നാലാഴ്ച വേണം.
പിന്നീട് ലാൻഡിംഗിനുള്ള തയ്യാറെടുപ്പിലായിരിക്കും ചന്ദ്രയാൻ-3. ചന്ദ്രനിൽ പകൽ തുടങ്ങുമ്പോഴായിരിക്കും ലാൻഡിംഗ്. 14ഭൗമ ദിനങ്ങളാണ് ചന്ദ്രനിലെ ഒരു പകൽ. ഇത്രയും സമയമാണ് പേടകത്തിലെ പര്യവേഷണ സംവിധാനങ്ങൾ പ്രവർത്തിക്കുക. ലാൻഡറിലെ സോളാർ പാനലുകളിലൂടെ വൈദ്യുതിയുണ്ടാക്കിയാണ് പേടകം പ്രവർത്തിക്കുക. നിരപ്പായ സ്ഥലത്ത് ലാൻഡ് ചെയ്യാനും പേടകം സ്വയം ശ്രമിക്കും. കഴിഞ്ഞ ദൗത്യം പരാജയപ്പെടാൻ കാരണമായത് ഗർത്തത്തിലെ പാറക്കൂട്ടത്തിൽ ലാൻഡ് ചെയ്തതാണ്. അടുത്ത ചാന്ദ്രപകലിലാണ് ചന്ദ്രയാൻ-3 ലാൻഡ് ചെയ്യുക.
ഇന്ത്യ സ്വന്തമായുണ്ടാക്കിയ ജി.എസ്.എൽ.വി. മാർക്ക്-3 റോക്കറ്റിന്റെ കരുത്തിലാണ്. ബാഹുബലി എന്നാണ് അതിശക്തമായ ഈ റോക്കറ്റ് അറിയപ്പെടുന്നത്. ബഹിരാകാശ വിക്ഷേപണങ്ങളിൽ ഇസ്രോയുടെ വിശ്വസ്തനാണ് മാർക്ക്-3 റോക്കറ്റ്. റോക്കറ്റിന്റെ ടെസ്റ്റിംഗ് ഉൾപ്പെടെയുള്ളവ തിരുവനന്തപുരത്തെ വി.എസ്.എസ്.സി.യിലാണ്. ചന്ദ്രയാൻ-3 ദൗത്യത്തിനായി ജി.എസ്.എൽ.വി. മാർക്ക്-3 റോക്കറ്റ് നിർമ്മിച്ചത് ഡയറക്ടർ ഉണ്ണികൃഷ്ണൻനായരുടെ നേതൃത്വത്തിലാണ്.
8000കിലോഗ്രാം വരെയുള്ള ഉപഗ്രഹങ്ങളെ മിനിറ്റുകൾക്കുള്ളിൽ ബഹിരാകാശത്തെത്തിക്കാൻ ഇതിനു കഴിയും. ഈ റോക്കറ്റ് നിർമ്മിക്കും വരെ യൂറോപ്യൻ രാജ്യങ്ങളെയാണ് റോക്കറ്റിനായി ഇന്ത്യ ആശ്രയിച്ചിരുന്നത്. 43.5 മീറ്റർ ഉയരം, 650 ടൺ ഭാരം, അഞ്ച് മീറ്റർ വ്യാസം എന്നിങ്ങനെയാണ് റോക്കറ്റിന്റെ അളവുകൾ. ഖരഇന്ധന ബൂസ്റ്ററുകളും ഒരു ദ്രവഇന്ധന കോർ സ്റ്റേജും റോക്കറ്റിലുണ്ട്. രണ്ട് സോളിഡ് സ്ട്രാപ്പ്ഓൺ മോട്ടോറുകൾ, ഒരു ലിക്വിഡ് കോർ സ്റ്റേജ് , 28 ടൺ പ്രൊപ്പല്ലന്റ് ലോഡിംഗ് ഉള്ള ഉയർന്ന ത്രസ്റ്റ് ക്രയോജനിക് അപ്പർ സ്റ്റേജ് എന്നിവയാണ് റോക്കറ്റിന് കരുത്ത് പകരുന്നത്.
ജിസാറ്റ്-19 കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ്, ആസ്‌ട്രോസാറ്റ് ജ്യോതിശാസ്ത്ര സാറ്റലൈറ്റ്, ചന്ദ്രയാൻ2 എന്നിവ ഉൾപ്പെടെ നിരവധി ഉപഗ്രഹങ്ങൾ മാർക്ക്-3 റോക്കറ്റുപയോഗിച്ച് വിജയകരമായി വിക്ഷേപിച്ചിട്ടുണ്ട്. 2024 അവസാനത്തോടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാന്റെ വിക്ഷേപണത്തിനും ഉപയോഗിക്കുക മാർക്ക്-3 റോക്കറ്റായിരിക്കും. ഐ.എസ്.ആർ.ഒ. സ്വന്തമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണ് ഈ റോക്കറ്റ്.