ഡൽഹിയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ പ്രേതിഷേധം ശക്തമാകുന്നു …ഭരണകൂട നിയമവെല്ലുവിളിക്കെതിരെ നഴ്സുമാരുടെ സെക്രട്ടേറിയറ്റ് മാർച്ച്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, December 8, 2019

ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കുവാൻ മടികാട്ടുന്ന ഡൽഹി സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) സംസ്ഥാന ജനറൽ കൗൺസിൽ യോഗതീരുമാനം.

ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടും കോടതി ഉത്തരവ് നടപ്പിലാക്കുവാൻ തയ്യാറാവാത്തത് നിയമത്തെ വെല്ലുവിളിക്കലാണ്. 2019 ജൂലൈ 24 നാണ് സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ശമ്പള പരിഷ്കരണം മൂന്നു മാസത്തിനുള്ളിൽ നടപ്പിലാക്കണമെന്ന് ഡൽഹി ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

ഡൽഹിയിലെ നൂറോളം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് തുച്ചമായ വേതനത്തിൽ തൊഴിലെടുക്കുന്നത്. പ്രതിസന്ധികൾക്കിടയിലും സ്വന്തം ആരോഗ്യം മറന്ന് അവരവരുടെ ആശുപത്രികളിൽ മാത്രമല്ല, നഗരത്തെ കൊന്നുകൊണ്ടിരിക്കുന്ന മാലിന്യപ്രശ്നത്തെ നേരിടാൻ പോലും സജീവമായി നിലകൊള്ളുന്നവരാണ് ഡൽഹിയിലെ നഴ്സുമാർ. അതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂടത്തിൻ്റെ മനുഷ്യാവകാശ-തൊഴിലാളി നിഷേധത്തിനെതിരെ ജനകീയ പ്രക്ഷോഭം നയിക്കാനാണ് യുഎൻഎ ആഗ്രഹിക്കുന്നതെന്ന് ജനറൽ കൗൺസിൽ വ്യക്തമാക്കി.

മുഖ്യ ധാരാ രാഷ്ട്രീയ കക്ഷികളും മുഖ്യധാരാ യൂണിയനുകളടക്കം നിരവധി തൊഴിലാളി സംഘടനകളും വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളും ഡൽഹി നഴ്സുമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. നഴ്സുമാർക് സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിൻ്റെ അടുത്തഘട്ടമായി ഡിസംബർ പത്തിന് ഡൽഹി സെക്രട്ടേറിയേറ്റിലേയ്ക്ക് മാർച്ച് ചെയ്യാൻ കൗൺസിൽ തീരുമാനിച്ചു.
അത്യാഹിത , തീവ്ര പരിചരണ വിഭാഗവും ഒഴിച്ചുള്ള ആശുപത്രിയിലെ മുഴുവൻ നഴ്സുമാരും സെക്രട്ടറിയേറ്റ് മാർച്ചിൽ അണിനിരക്കും.

യോഗത്തിൽ യു എൻ എ ഡൽഹി പ്രസിഡന്റ് റിൻസ് ജോസഫ് അധ്യക്ഷത വഹിച്ചു, രാജ്യത്ത് സ്ത്രീകൾക്കെതിരെ വർദ്ദിച്ചു വരുന്ന ആക്രണമെങ്ങൾക്കെതിരെ പ്രമേയം പാസ്സാക്കിയ ജനറൽ കൗൺസിലിൽ ജനറൽ സെക്രട്ടറി ജോൾഡിൻ ഫ്രാൻസിസ് , ശീതൾ മലിക് , ബിനി , ശാലിനി , ഭുവനേശ്വരി , സച്ചിൻ , സിനു എന്നിവർ സംസാരിച്ചു.

ഡിസംബർ പത്തു രാവിലെ ഒൻപതു മണിക്ക് രാജ്ഘട്ടിൽ നിന്നും സെക്രെട്ടറിയേറ്റിലേയ്ക്ക് ആയിരക്കണക്കിന് നഴ്സുമാർ പങ്കെടുക്കുന്ന മാർച്ച് പ്രമുഖ സാമൂഹിക വിവരാകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് ഉദ്‌ഘാടനം ചെയ്യുമെന്ന് സമര സമിതി കൺവീനർ ജോഷി മാത്യു അറിയിച്ചു.

×