/sathyam/media/post_attachments/PJJwdMyX3SPgZmu7SPEH.jpg)
ന്യൂഡല്‍ഹി: ഡൽഹിയിൽ ഇതിനോടകം 27 പേര്‍ കൊല്ലപെട്ട അക്രമങ്ങൾക്ക് ആഹ്വാനം നൽകി പ്രകോപനപരമായി പ്രസംഗിച്ച സംഭവത്തിൽ ബിജെപി നേതാക്കൾക്കെതിരായി കേസെടുക്കാന്‍ നിര്‍ദേശിച്ച ജഡ്ജിയുടെ ബഞ്ചില്‍ നിന്നും ഹര്‍ജി മാറ്റി.
പ്രകോപന പ്രസംഗങ്ങളുടെ വീഡിയോ പരിശോധിച്ച് കേസെടുക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണറോട് നിര്‍ദ്ദേശിച്ച ജസ്റ്റിസ് മുരളീധറിന്റെ ബഞ്ചില്‍നിന്ന് കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്കാണ് മാറ്റിയത്. വ്യാഴാഴ്ച ചീഫ് ജസ്റ്റിസായിരിക്കും ഹർജി പരിഗണിക്കുക.
കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ എം.പി, അഭയ് വര്‍മ എംഎല്‍എ എന്നിവര്‍ക്കെതിരെ കേസെടുക്കാത്തതില്‍ ജസ്റ്റിസ് മുരളീധര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസെടുക്കാത്തത് തെറ്റായ സന്ദേശം നല്‍കുമെന്ന് അഭിപ്രായപ്പെട്ടു. കേസെടുക്കുന്നതിന് എത്രപേര്‍ കൊല്ലപ്പെടുകയും എത്ര വീടുകള്‍ കത്തി ചാമ്പലാകുകയും വേണമെന്ന് ഒരു ഘട്ടത്തില്‍ സോളിസിറ്റര്‍ ജനറലിനോട് ക്ഷുഭിതനായി ജസ്റ്റിസ് മുരളീധര്‍ ചോദിച്ചു.
രാജ്യത്ത് ‘1984’ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും സംഘർഷ ബാധിതർക്കു വേണ്ട സഹായങ്ങൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. പൊലീസിനെ നിശിതമായി വിമർശിച്ച കോടതി, അക്രമികള്‍ക്കെതിരെ നടപടി വൈകരുതെന്നും ഉത്തരവിട്ടു. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷിചേരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തില്‍ നോട്ടീസയച്ചു. കേസ് ബുധനാഴ്ചത്തേക്ക് മാറ്റി.
കേസ് നേരത്തെ പരിഗണിച്ചിരുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചായിരുന്നു. എന്നാല്‍, ജഡ്ജിമാരില്‍ ഒരാള്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച ബെഞ്ച് ഇരുന്നില്ല. തുടര്‍ന്നാണ് ജസ്റ്റിസ് മുരളീധര്‍ കേസ് കേട്ടത്. എന്നാല്‍ വൈകീട്ട് ഇറങ്ങിയ കേസ് പട്ടികയില്‍ കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലേക്കുതന്നെ മാറ്റുകയായിരുന്നു.