/sathyam/media/post_attachments/iXsPzNwWAZ9VOMJ7sZaS.jpg)
രാമപുരം: അര നൂറ്റാണ്ടിനപ്പുറം പ്രവർത്തന പാരമ്പര്യമുള്ള രാമപുരം പോലീസ് സ്റ്റേഷൻ്റെ ചരിത്രത്തിലാദ്യമായി വനിതാ പ്രിൻസിപ്പൽ എസ്ഐ ചുമതലയേറ്റു.
ചരിത്രത്തൊപ്പിയണിഞ്ഞ് എസ്ഐയുടെ കസേരയിലിരിക്കുന്നത് എറണാകുളം സ്വദേശിനിയായ ഡിനിയാണ്.
കഴിഞ്ഞ ദിവസം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റ ഡിനിക്ക് നിനച്ചിരിക്കാതെ മറ്റൊരു നിയോഗംകൂടി വന്നു; രാമപുരം സിഐയുടെ (സ്റ്റേഷൻ ഹൗസ് ഓഫീസർ) അധികച്ചുമതല കൂടി.
2018 ലെ പ്രഥമ വനിതാ എസ്ഐ ബാച്ചിലെ അംഗമായ ഡിനിയ്ക്ക് മാത്രമാണിപ്പോൾ എസ്എച്ച്ഒയുടെ കൂടി ചുമതലയുളളത് എന്നതും അപൂർവ്വതയായി. രാമപുരം സിഐ ആയിരുന്ന അജേഷ് കുമാർ ഒരു അസുഖത്തെ തുടർന്ന് ഒരു മാസത്തേക്ക് അവധിയിൽ പോയതോടെയാണ് ഡിനിയ്ക്ക് ഈ ചുമതല കൂടി ലഭിച്ചത്.
വിജിലൻസിൽ 10 വർഷത്തോളം മിനിസ്റ്റീരിയിൽ സ്റ്റാഫായിരുന്ന ഡിനി 2013 -ലാണ് എസ്ഐ ടെസ്റ്റെഴുതിയത്. 2018 ലായിരുന്നൂ പരിശിലീനം.
തിരുവനന്തപുരത്ത് മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന ഭർത്താവ് എംകെ പ്രതീഷിൻ്റെ സ്നേഹപൂർവ്വമായ നിർബന്ധത്തെ തുടർന്നാണ് ഡിനി എസ്ഐ ആയി ചേർന്നത്.
എന്നാൽ പാസ്സിംഗ് ഔട്ടിന് ഒരു മാസം മുമ്പേ ഹൃദയാഘാതം മൂലം പ്രതീഷ് മരണമടഞ്ഞത് ഡിനിക്കും കുടുംബത്തിനും കനത്ത ആഘാതമായി.
മകൾ മേഘ എം പ്രതീഷ് ഡിഗ്രിക്കും, മകൻ പ്രണവ് കൃഷ്ണ അഞ്ചാം ക്ലാസ്സിലും പഠിക്കുന്നു. ആലപ്പുഴയിലെ അരൂർ, കുത്തിയതോട് പോലീസ് സ്റ്റേഷനുകളിൽ പ്രൊബേഷൻ, ജൂനിയർ എസ്ഐ തസ്തികളിൽ സേവനമനുഷ്ഠിച്ച ശേഷം പ്രിൻസിപ്പൽ എസ്ഐ ആയി രാമപുരത്ത് ഇതാദ്യ നിയമനം.
രാമപുരത്ത് ആദ്യമായി എസ്ഐ ആയി വനിത ചുമതലയേറ്റതോടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമാണ് ഏറെ സന്തോഷവും ആശ്വാസവും.
ഇന്നലെ രാമപുരം പഞ്ചായത്തിലെ ചില വനിതാ മെമ്പർമാരും അദ്ധ്യാപികമാരും ഡിനിയ്ക്ക് ആശംസകളും ഭാവുകങ്ങളും നേർന്നു. രാത്രി പട്രോളിംഗിൽ ഉൾപ്പെടെ സജീവമായി ഡിനി രാമപുരത്തെ പോലീസിനെ നയിക്കുകയാണിപ്പോൾ. എസ്ഐ ഡിനിയുടെ ഫോൺ നമ്പർ- 9497 980 342.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us