Advertisment

സിഎഫ് തോമസിന്‍റെ ഒഴിവില്‍ 4 ഡെപ്യൂട്ടി ചെയര്‍മാന്‍മാരെ നിയമിക്കാനൊരുങ്ങി ജോസഫ് വിഭാഗം !  മാണി, ജോസഫ്, ജേക്കബ്, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ഒരേപോലെ ! ചങ്ങനാശ്ശേരി മണ്ഡലം കോണ്‍ഗ്രസിനു വിട്ടുകൊടുത്തേക്കും !

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

ഇടുക്കി: അന്തരിച്ച ഡെപ്യൂട്ടി ലീഡര്‍ സിഎഫ് തോമസിന്‍റെ ഒഴിവു നികത്തുന്നത് സംബന്ധിച്ച നടപടികളില്‍ കേരളാ കോണ്‍ഗ്രസ്-ജോസഫ് വിഭാഗത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമായി. സിഎഫിനു പകരം ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് ആരെ നിയമിക്കണമെന്നതിലാണ് പ്രധാന ചര്‍ച്ചകള്‍ നടക്കുക. ചങ്ങനാശ്ശേരി സീറ്റില്‍ പകരക്കാരനെ കണ്ടെത്തുകയും വേണം.

മാണി വിഭാഗത്തില്‍ നിന്നും ജോസഫ് ഗ്രൂപ്പിലെത്തിയ നേതാക്കള്‍ക്ക് സിഎഫ് തോമസിന്‍റെ ഒഴിവുകളില്‍ പരിഗണന നല്‍കണമെന്നാണ് ആവശ്യം. ഈ മാനദണ്ഡപ്രകാരം ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് മാണി വിഭാഗത്തില്‍ നിന്നും അവസരം പ്രതീക്ഷിക്കുന്നത് തോമസ് ഉണ്ണിയാടന്‍, ജോസഫ് എം പുതുശ്ശേരി, ജോയ് എബ്രഹാം എന്നിവരാണ്.

അതേസമയം ജോസഫ് ഗ്രൂപ്പിന് പ്രാതിനിധ്യമില്ലാതെ ഡെപ്യൂട്ടി ചെയര്‍മാന്‍ പദവി ഒരാളില്‍ മാത്രമായി നിര്‍ത്താന്‍ പിജെ ജോസഫിന് താല്‍പര്യമില്ല. അങ്ങനെ വന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ് എന്നിവരെ പരിഗണിക്കണം. ജോണി നെല്ലൂരിനും ജോസഫ് ഗ്രൂപ്പിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും പദവികള്‍ ലഭിച്ചില്ലെന്ന പരാതിയുണ്ട്.

അങ്ങനെയെങ്കില്‍ ജോണിയേക്കൂടി ഈ പദവിയിലേയ്ക്ക് പരിഗണിക്കണം. അങ്ങനെവന്നാല്‍ മാണി ഗ്രൂപ്പില്‍നിന്നും ജേക്കബ് ഗ്രൂപ്പില്‍നിന്നും ജോസഫ്, ജധിപത്യ കേരളാ കോണ്‍ഗ്രസ് എന്നിവയില്‍നിന്നും ഓരോരുത്തരെ വീതം 4 ഡെപ്യൂട്ടി ചെയര്‍മാന്‍മാരെ നിയമിക്കണം. എന്നാല്‍ തല്‍ക്കാലം ഇതിനൊന്നും കഴിയില്ല. കാരണം ജോസഫ് വിഭാഗത്തിന് ഇപ്പോള്‍ പാര്‍ട്ടിയും ചിഹ്നവും ഇല്ല.

പാര്‍ട്ടിയും ചിഹ്നവും ജോസ് കെ മാണിയ്ക്ക് അനുവദിച്ച ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനം ഹൈക്കോടതി ഒരു മാസത്തേയ്ക്ക് സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും കേസില്‍ കോടതികള്‍ തീരുമാനം പറയുംവരെ ജോസഫിന് പാര്‍ട്ടിയും ചിഹ്നവുമില്ല. കോടതിയുടെ അന്തിമ തീരുമാനം വരും വരെ കാത്തിരുന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടിയും ചിഹ്നവും ഉണ്ടാകില്ലെന്ന പ്രതിസന്ധിയും ജോസഫിനുണ്ട്.

ഇതുതന്നെയാണ് ഇപ്പോള്‍ ജോസ് കെ മാണി ലക്ഷ്യം വയ്ക്കുന്നതും. ജോസഫ് കോടതിയെ സമീപിച്ച സാഹചര്യത്തില്‍ കേസ് അതിന്‍റെ വഴിയ്ക്കു പോകട്ടെ എന്നതാണ് ജോസ് കെ മാണിയുടെ നിലപാട്. കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ തീര്‍പ്പ് കല്‍പ്പിച്ച സാഹചര്യത്തില്‍ അന്തിമമായി പാര്‍ട്ടിയും ചിഹ്നവും തനിക്കുതന്നെയായിരിക്കുമെന്നതാണ് ജോസിന്‍റെ വിശ്വാസം. ഇക്കാര്യത്തില്‍ ജോസഫ് പ്രതിസന്ധിയില്‍ തന്നെയാണ്. പുതിയ പാര്‍ട്ടി ഉടന്‍ വേണമെന്ന അഭിപ്രായം ജോസഫില്‍ ശക്തവുമാണ്.

മറ്റൊന്ന് ചങ്ങനാശ്ശേരി സീറ്റാണ്. ഈ സീറ്റ് തങ്ങള്‍ക്കു വിട്ടുതരണമെന്ന കര്‍ശന നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കും. സിഎഫ് തോമസിന് വ്യക്തിപരമായ സ്വാധീനം ഉണ്ടായിരുന്നുവെന്നതല്ലാതെ ജോസഫ് വിഭാഗത്തിന് മണ്ഡലത്തില്‍ സ്വാധീനമില്ല. അതിനാല്‍ സീറ്റ് ആവശ്യപ്പെടാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.

മാത്രമല്ല, കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ജോസഫിനെ ഏറെ സഹായിച്ച കെസി ജോസഫിന് ചങ്ങനാശ്ശേരിയില്‍ താല്‍പര്യമുണ്ട്. നാട്ടുകാരനായ ജോസി സെബാസ്റ്റ്യനും ഈ സീറ്റില്‍ താല്‍പര്യം ഉണ്ടെങ്കിലും കോട്ടയം ജില്ലയില്‍ എ യുടെ താല്‍പര്യത്തിനായിരിക്കും മുന്‍തൂക്കം.

ഇനി ജോസഫ് തന്നെ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ജോസഫ് വിഭാഗത്തിന്‍റെ മുതിര്‍ന്ന നേതാവായ വിജെ ലാലിയെ പരിഗണിക്കേണ്ടിവരും. എന്നാല്‍ ലാലി വരുന്നതിനോട് മോന്‍സ് ജോസഫിന് താല്‍പര്യമില്ല. 91-ല്‍ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്ന വിജെ ലാലി പാര്‍ട്ടിയില്‍ മോന്‍സിനേക്കാള്‍ സീനിയറാണ്. വിജെ ലാലി ജില്ലാ പ്രസിഡന്‍റാകുന്നത് തടയാനായിരുന്നു മാണി ഗ്രൂപ്പില്‍നിന്നെത്തിയ സജി മഞ്ഞക്കടമ്പനെ മോന്‍സ് മുന്‍കൈയ്യെടുത്ത് പാര്‍ട്ടി ജില്ലാ പ്രസിഡന്‍റാക്കിയത്.

ഈ സാഹചര്യങ്ങള്‍ ജോസഫ് വിഭാഗവും ചങ്ങനാശ്ശേരി കോണ്‍ഗ്രസിന് വിട്ടുകൊടുക്കാനാകും താല്‍പര്യം കാണിക്കുക. മാത്രമല്ല സിഎഫ് തോമസിന്‍റെ അഭാവത്തില്‍ ജോസഫ് വിഭാഗത്തിന് കോട്ടയത്ത് വിലപേശല്‍ ശേഷി പരിമിതമാകുകയും ചെയതു.

 

deputy chairman
Advertisment