Advertisment

തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും അടിത്തറ തകരാതെ യുഡിഎഫ് ! കേരളാ കോണ്‍ഗ്രസ് മാണിയും എല്‍ജെഡിയും മുന്നണി വിട്ടിട്ടും യുഡിഎഫിന് കൂടുതല്‍ കിട്ടിയത് 3.86 ലക്ഷം വോട്ടുകള്‍ ! ഇടതുതരംഗത്തിനും യുഡിഎഫ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടു മറികടക്കാനായില്ല. അന്നു യുഡിഎഫിന് കിട്ടിയ് 96.16 ലക്ഷം വോട്ടുകള്‍. എല്‍ഡിഎഫിന് ഇത്തവണ കിട്ടിയത് 94.36 ലക്ഷം വോട്ടു മാത്രം ! പാര്‍ട്ടികള്‍ തമ്മിലുള്ള വ്യത്യാസത്തിലും സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ളത് 0.26 ശതമാനം മാത്രം. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും അടിത്തറ തകര്‍ന്നു എന്നു പറയുന്നവരോട് കണക്കുകള്‍ വ്യക്തമാക്കുന്നത് ഇങ്ങനെ...

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടിട്ടും യുഡിഎഫിന് വോട്ടു നഷ്ടമായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ 3,86,248 വോട്ടാണ് കൂടിയത്. 2016ല്‍ 78,08,743 വോട്ടാണ് യുഡിഎഫ് നേടിയതെങ്കില്‍ ഇത്തവണ അത് 81,94,991 വോട്ടുകളായി ഉയര്‍ന്നു.

മുന്നണിയുടെ അടിത്തറയില്‍ വിള്ളല്‍ വീണിട്ടുമാണ് യുഡിഎഫിന്റെ നേട്ടം. കേരളാ കോണ്‍ഗ്രസ് എം, ലോക്താന്ത്രിക് ജനതാദള്‍ എന്നീ കക്ഷികള്‍ മുന്നണി വിട്ടിട്ടും യുഡിഎഫിന്റെ വോട്ടു കുറഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം ഇടതുമുന്നണിക്ക് 2016നെ അപേക്ഷിച്ച ഇത്തവണ 7,08,056 വോട്ടുകളാണ് കൂടിയത്.

2016ല്‍ 87,28,934 വോട്ടുകളായിരുന്നത് ഇത്തവണ 94,36,990 വോട്ടുകളായി ഉയര്‍ന്നു. അതേസമയം എന്‍ഡിഎയുടെ വോട്ട് വിഹിതം നന്നേ കുറഞ്ഞിട്ടുണ്ട്. 2016നെ അപേക്ഷിച്ച് 4,29,834 വോട്ടുകളാണ് ബിജെപി മുന്നണിക്ക് കുറഞ്ഞത്. ബിജെപിക്ക് കുറഞ്ഞ വോട്ടുകള്‍ ഇക്കുറി ഇടതു പാളയത്തിലേക്ക് വന്നു എന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.

വലിയ ഇടതു തരംഗം ആഞ്ഞടിച്ചിട്ടും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വോട്ടു മറികടക്കാന്‍ ഇടതിനായില്ല എന്നതും കണക്കുകളില്‍ വ്യക്തമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ചത് 96,16,265 വോട്ടുകളാണ്.

എന്നാല്‍ ഇടതിന് ഈ വലിയ തരംഗത്തിലും നേടാന്‍ കഴിഞ്ഞത് 94,36,990 വോട്ടുകള്‍ മാത്രം. അതായത് 1,79,275 വോട്ടുകള്‍ യുഡിഎഫിന് കൂടുതല്‍ നേടാന്‍ കഴിഞ്ഞു എന്നു വ്യക്തം. കനത്ത തിരിച്ചടികള്‍ക്കിടയിലും യുഡിഎഫിന് ആത്മവിശ്വാസം പകരുന്ന കണക്കുകളാണ് ഇത്.

അതുകൊണ്ടുതന്നെ മികച്ച നേതൃത്വം വന്ന് പാര്‍ട്ടിയെ അടിത്തട്ടില്‍ ശക്തിപ്പെടുത്തിയാല്‍ യുഡിഎഫിന് എളുപ്പത്തില്‍ ഇടതിനെ മറികടക്കാനാകും. സീറ്റെണ്ണത്തില്‍ പിന്നിലായെങ്കിലും വോട്ടിന്റെ എണ്ണത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഒപ്പത്തിനൊപ്പം തന്നെയാണ്.

സിപിഎമ്മിന് 25.38 ശതമാനം വോട്ടു നേടാനായപ്പോള്‍ കോണ്‍ഗ്രസിന് 25.12 ശതമാനം വോട്ടു ലഭിച്ചു. 26 ശതമാനത്തിന്റെ മാത്രം വ്യത്യാസമാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ളത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ അടിത്തറ ഇളകിയെന്ന പ്രചാരണം അസ്ഥാനത്തുതന്നെയാണ്.

trivandrum news
Advertisment