കൊല്ലം: നെടുമണ്‍കാവ് ഇളവൂരില്‍ കാണാതായ ആറു വയസുകാരി ദേവനന്ദയെക്കുറിച്ച് വിവരമെന്നുമില്ല. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം. അന്വേഷണച്ചുമതല ചാത്തന്നൂര്‍ എ.സി.പിക്കാണ്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലേക്കും പെണ്‍കുട്ടിയെ കാണാതായ വിവരം കൈമാറിയിട്ടുണ്ട്.
പോലീസ് ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. പ്രദീപിന്റെ വീട്ടില്‍നിന്ന് മണംപിടിച്ച പോലീസ് നായ പുഴയുടെ കുറുകെയുള്ള ബണ്ട് കടന്ന് വള്ളക്കടവ് വരെ ഓടി തിരിച്ചുമടങ്ങി. ഈ ഭാഗത്തും പോലീസ് വിശദമായ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അഗ്‌നിശമന സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ അടക്കം സ്ഥലത്തെത്തി കുട്ടിയുടെ വീടിനു സമീപമുള്ള കുണ്ടുമണ്‍ പള്ളിമണ്‍ ആറ്റില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ കുട്ടിയെ തിരിച്ചുകിട്ടിയെന്ന തരത്തില്‍ വ്യാജ വാര്‍ത്തയും വാട്‌സ്ആപ്പിലും മറ്റും പ്രചരിക്കുന്നുണ്ട്.
വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് ഇളവൂരിലെ പ്രദീപ്- ധന്യ ദമ്പതിമാരുടെ മകള്‍ ദേവനന്ദയെ വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായത്. ഈ സമയം കുട്ടിയുടെ അമ്മ ധന്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വീടിന് പുറകില്‍ തുണി അലക്കുകയായിരുന്ന ഇവര്‍ കുറച്ചുസമയത്തേക്ക് മകളുടെ ശബ്ദമൊന്നും കേള്‍ക്കാതായതോടെയാണ് വീടിന്റെ മുന്‍വശത്ത് എത്തിയത്. ഈ സമയം വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നനിലയിലുമായിരുന്നു. തുടര്‍ന്ന് വീടിനകത്തെല്ലാം പരിശോധിച്ചെങ്കിലും മകളെ കണ്ടില്ല. ഇതോടെയാണ് ധന്യ ബഹളംവെച്ച് നാട്ടുകാരെ വിവരമറിയിച്ചത്.