ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത കേട്ടത് ഞെട്ടലോടെ… കുടുംബത്തിന്‍റെയും ഉറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂസ് ബ്യൂറോ, കൊല്ലം
Friday, February 28, 2020

കൊല്ലം: ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴ് വയസുകാരിയുടെ മരണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഏഴു വയസ്സുകാരി ദേവനന്ദയുടെ വിയോഗം വേദനിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബത്തിന്‍റെയും ഉറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം അനുശോചനക്കുറിപ്പിൽ അറിയിച്ചു.

പോസ്റ്റ്മോർട്ടത്തിന് ശേഷം സ്കൂളിലും വീട്ടിലും പൊതുദർശനത്തിന് വച്ച ദേവനന്ദയുടെ മൃതദേഹം വൈകിട്ട് ആറരയോടെ കുടവട്ടൂരിലെ കുടുംബ വീട്ടിൽ സംസ്കരിച്ചു. നൂറ് കണക്കിന് ആളുകളാണ് ദേവനന്ദയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ, സ്കൂളിലും വീട്ടിലുമായി എത്തിയത്.

ദേവനന്ദ മുങ്ങി മരിച്ചതാണെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. കുട്ടിയുടെ ശരീരത്തിൽ ബലപ്രയോഗം നടന്നതിൻറെ പാടുകൾ കണ്ടെത്തിയില്ല. അതേ സമയം ദേവാനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. പഴുതടച്ച അന്വേഷണമുണ്ടാകുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ടി.നാരായണൻ പറഞ്ഞു.

×