Advertisment

ചടങ്ങുകളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡുകള്‍; തൃശൂര്‍ പൂരം നടത്തിപ്പിനായി സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങാന്‍ തീരുമാനം

New Update

തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരം നടത്തിപ്പിനായി സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങാന്‍ തീരുമാനം. ദേവസ്വം ബോര്‍ഡുകളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കാട്ടി  ജില്ലാ ഭരണകൂടമാണ് തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയത്.

Advertisment

publive-image

ജില്ലാ ഭരണകൂടവുമായി ദേവസ്വം ബോര്‍ഡുകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചടങ്ങുകളില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവുമായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ദേവസ്വം ബോര്‍ഡുകളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന് വിടാന്‍ തീരുമാനിച്ചത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂരം നടത്തുന്നതിന് രൂപരേഖ കൈമാറിയതായി തിരുവമ്പാടി, പാറമേക്കാവ് ഉള്‍പ്പെടെയുള്ള ദേവസ്വം ബോര്‍ഡുകളുടെ പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചടങ്ങുകളില്‍ മാറ്റം വരുത്താതെ പൂരം നടത്തണമെന്ന കാര്യത്തില്‍ എല്ലാ ദേവസ്വം ബോര്‍ഡുകള്‍ക്കും യോജിപ്പാണ്. ആനകളുടെ എണ്ണത്തില്‍ കുറവുവരുത്താന്‍ അനുവദിക്കില്ലെന്നും പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏപ്രില്‍ 23 നാണ് തൃശൂര്‍ പൂരം.

പൂരം നടത്തിപ്പില്‍ യാതൊരു തരത്തിലും വിട്ടുവീഴ്ചയില്ലെന്നാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളും എട്ട് ഘടകക്ഷേത്രങ്ങളുടെയും നിലപാട്. പൂരം വിളംബരം അറിയിച്ചുളള തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതലുളള 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളില്‍ ഒന്നുപോലും വെട്ടികുറയ്ക്കരുത്.

8 ക്ഷേത്രങ്ങളില്‍ നിന്നുളള ഘടകപൂരങ്ങളും നടത്തണം എന്നെല്ലാമാണ് സംഘാടകരുടെ ആവശ്യം. ഇക്കാര്യങ്ങളെല്ലാം ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ദേവസ്വം ബോര്‍ഡുകള്‍.

thrissur pooram
Advertisment