ദേവേന്ദ്ര ഫട്നാവിസിന് മറുപടിയുമായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ… നുണയന്മാര്‍ക്കൊപ്പം ഒന്നിച്ചു പോകാന്‍ സാധ്യമല്ല നുണ പറയുന്നത് തങ്ങളുടെ ശീലമല്ലെന്നും താക്കറെ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, November 8, 2019

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി പദം രാജിവെച്ച ദേവേന്ദ്ര ഫട്നാവിസിന് മറുപടിയുമായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. നുണയന്മാര്‍ക്കൊപ്പം ഒന്നിച്ചു പോകാന്‍ സാധ്യമല്ലെന്നും നുണ പറയുന്നത് തങ്ങളുടെ ശീലമല്ലെന്നും താക്കറെ പറഞ്ഞു.

മുഖ്യമന്ത്രി പദം പങ്കിടുന്നത് സംബന്ധിച്ച്‌ മുന്‍ ധാരണ ഉണ്ടായിരുന്നില്ലെന്നും ഉദ്ധവ് നുണ പറയുകയാണെന്നും നേരത്തെ ഫട്നാവിസ് ആരോപിച്ചിരുന്നു. ഇതിനാണ് ശിവസേന അധ്യക്ഷന്‍ മറുപടി നല്‍കിയത്.

അമിത് ഷായും ഫട്നാവിസും തന്‍റെ അടുത്തേക്ക് വരികയാണ് ചെയ്തത്. താന്‍ അവരുടെ അടുത്തേക്ക് പോയതല്ല -ഉദ്ധവ് പറഞ്ഞു. മുഖ്യമന്ത്രി പദം തുല്യകാലയളവില്‍ പങ്കുവെക്കാമെന്ന് ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സമ്മതിച്ചിരുന്നുവെന്നാണ് ശിവസേന അവകാശപ്പെടുന്നത്.

ഇത്രയും കാലം അവര്‍ പറഞ്ഞ കാര്യം സമ്മതിച്ചിരുന്നു. താന്‍ അവരുമായി സംസാരിക്കില്ല. തന്നെ നുണയനെന്ന് വിളിച്ചവരുമായി സംസാരിക്കാന്‍ താല്‍പര്യമില്ല. എല്ലാ പാര്‍ട്ടികള്‍ക്കും മറ്റുള്ളവരുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശം ഉണ്ടെന്നും ഉദ്ധവ് പറഞ്ഞു.

×